അസമത്വത്തിനെതിരെ പോരാടാന്‍ വരൂ | ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
dool discourse
അസമത്വത്തിനെതിരെ പോരാടാന്‍ വരൂ | ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
ഷാദിയ നാസിര്‍
Saturday, 4th March 2023, 7:54 pm
ബ്രസീല്‍ പ്രസിഡന്റ് ഇനാസ്യോ ലുല ഡ സില്‍വ തന്റെ ചരിത്ര പ്രധാനമായ ഉദ്ഘാടന പ്രസംഗത്തില്‍ സര്‍വ മേഖലകളിലും സമത്വം ഉറപ്പാക്കുന്നതിനെ കുറിച്ചായിരുന്നു അക്കമിട്ട് നിരത്തി സംസാരിച്ചത്. അസമത്വത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പുതിയ സര്‍ക്കാരിന്റെ നയനിലപാടുകളും കാര്യപരിപാടികളും അദ്ദേഹം വിശദീകരിച്ചത്. കൂടുതല്‍ നീതിയുക്തമായ ബ്രസീല്‍ കെട്ടിപ്പടുക്കുന്നതിനു വേണ്ടിയുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രായോഗിക നടപടികളിലായിരുന്നു അദ്ദേഹം വാചാലനായത് | 2023 ജനുവരി ഒന്നിന് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം മലയാളത്തില്‍

ബ്രസീല്‍ പ്രസിഡന്‍റ് ലുല ഡ സില്‍വ

നിങ്ങളോരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം അഭിവാദ്യങ്ങളര്‍പ്പിച്ചു കൊണ്ട് ഞാന്‍ തുടങ്ങട്ടെ! ജീവിതത്തില്‍ ഞാനേറ്റവും പ്രയാസപ്പെട്ട നിമിഷങ്ങളില്‍ ബ്രസീലിലെ ജനങ്ങള്‍ ഓരോ ദിവസവും എനിക്കു നല്‍കിയ സ്‌നേഹത്തെക്കുറിച്ചും അതെനിക്ക് പകര്‍ന്നു തന്ന ശക്തിയെക്കുറിച്ചും ഞാന്‍ ഈയവസരത്തില്‍ ഓര്‍ക്കുകയാണ്. ‘ Lula Livre’ (Free Lula Movement) ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ രൂപത്തില്‍ നിങ്ങളെനിക്കു നല്‍കിയ കരുതലിന് ഞാന്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്.

ഇന്ന്, എന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ ഈ സുദിനത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന അഭിവാദ്യങ്ങള്‍ മറ്റെന്തിനേക്കാളും മികച്ചതാണ്. അത് വളരെ ലളിതവും അര്‍ത്ഥവത്തുമാണ്: ‘ബ്രസീല്‍ ജനതക്ക് എന്റെ നല്ല നമസ്‌കാരം’! (‘Good afternoon, Brazilian People!)

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അതിനു മുമ്പും ശേഷവും രാഷ്ട്രീയാതിക്രമങ്ങളെ അഭിമുഖീകരിച്ചവരോടും, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഓരോ വോട്ടും വിലപിടിപ്പുള്ളതായി കണക്കാക്കുകയും വ്യത്യസ്ത ജനസമൂഹങ്ങളെ കയ്യിലെടുത്ത് മഴയെയും വെയിലിനെയും അവഗണിച്ച് ഒരുപോലെ തെരുവിലിറങ്ങിയവരോടും എന്‍റെ  കടപ്പാട് അറിയിക്കുകയാണ്.

അക്രമകാരികളും ജനാധിപത്യവിരുദ്ധരുമായ ഒരു കൂട്ടം ആളുകള്‍ നമ്മളെ തിരഞ്ഞു പിടിച്ചു ആക്രമിക്കാന്‍ ശ്രമിക്കുകയും ബ്രസീലിലെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ബ്രസീലിയന്‍ പതാകയുടെ നിറങ്ങളായ പച്ച, മഞ്ഞ എന്നിവ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത അവസരത്തില്‍ നമ്മുടെ പാര്‍ട്ടിയുടെ കുപ്പായങ്ങള്‍ അണിയാനും ബ്രസീലിന്റെ പതാകയേന്താനും സധൈര്യം മുന്നോട്ടു വന്നവര്‍ക്കും ഞാനെന്റെ കടപ്പാട് അറിയിക്കുന്നു.

ജനാധിപത്യത്തിന്റെ വിജയമാഘോഷിക്കാനായി നിറയെ പ്രതീക്ഷകളുമായി ഇവിടെ എത്തിച്ചേര്‍ന്ന നിങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍, ഈ രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള ജനങ്ങള്‍, അടുത്തെന്നോ അകലെയെന്നോ വ്യത്യാസമില്ലാതെ, വിമാനത്തിലും ബസിലും കാറിലും ട്രക്കിന്റെ പുറകിലും മോട്ടോര്‍ സൈക്കിളിലും സൈക്കിളിലും കാല്‍ നടയായിട്ട് പോലും ഇവിടെ എത്തിച്ചേര്‍ന്നിരിക്കുകയാണ്. നിങ്ങളോട് ഞാന്‍ എന്റെ കടപ്പാട് അറിയിക്കുന്നു.

വിജയഹ്ലാദത്തില്‍ അണികള്‍

കൂടാതെ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തവരെക്കൂടി ഞാന്‍ അഭിസംബോധന ചെയ്യുന്നു. എനിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല 215 ദശലക്ഷം ബ്രസീലുകാര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഭരണം കാഴ്ചവെക്കാന്‍ പോകുന്നത്. നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് വേണ്ടി, പൊതുനന്മക്ക് വേണ്ടി, അതായത് എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഭരിക്കും. അല്ലാതെ കഴിഞ്ഞ കാലത്തെ വിഭജനത്തിന്റെയും അസഹിഷ്ണുതയുടെയും ഭൂതക്കണ്ണാടിയിലൂടെ നോക്കിക്കൊണ്ടല്ല ഞാന്‍ ഭരിക്കാന്‍ പോകുന്നത്.

രാജ്യത്ത് സ്ഥിരമായി യുദ്ധങ്ങള്‍ നടക്കുന്നതും, സൗഹൃദപരമല്ലാത്ത ചുറ്റുപാടില്‍ കുടുംബങ്ങള്‍ ജീവിക്കേണ്ടിവരുന്നതുമൊന്നും ആരും ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്. കുടുംബങ്ങളെയും കൂട്ടുകാരെയുമെല്ലാം തമ്മില്‍ കൂട്ടിയിണക്കാന്‍ പറ്റിയ സമയമാണിത്. വിദ്വേഷ പ്രസംഗങ്ങളാലും വ്യാപകമായ നുണ പ്രചരണങ്ങളാലും അറ്റുപോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാന്‍ പറ്റിയ സമയമാണ്.

വെറുപ്പ്, വ്യാജ വാര്‍ത്തകള്‍, തോക്ക്, ബോംബ് എന്നിവയൊന്നും ഇനി നമുക്ക് വേണ്ട. നമ്മുടെ ജനങ്ങള്‍ക്ക് വേണ്ടത് സമാധാനമാണ്. ജോലി ചെയ്യാന്‍, പഠിക്കാന്‍, തങ്ങളുടെ കുടുംബങ്ങളെ പരിചരിക്കാന്‍, എല്ലാത്തിലുമുപരിയായി സന്തോഷമായിട്ടിരിക്കാന്‍ പറ്റിയ സമാധാനപരമായ ഒരന്തരീക്ഷം.

ഇപ്പോള്‍ തെരെഞ്ഞെടുപ്പിന്റെ വാദപ്രതിവാദങ്ങള്‍ അവസാനിച്ചിരിക്കുന്നു. ഒക്ടോബര്‍ 30 ലെ വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാന്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു. രണ്ട് ബ്രസീലുകളില്ല. നമ്മള്‍ ഒരൊറ്റ രാജ്യമാണ്, ഒരൊറ്റ ജനതയാണ്, ഒരു മഹത്തായ രാജ്യമാണ്. നാമെല്ലാവരും ബ്രസീലുകാരാണ്. നമ്മളെല്ലാം ഒരു പോലെ നന്മയുള്ളവരാണ്. നമ്മളൊരിക്കലും പിന്മാറില്ല.

അവര്‍ നമ്മുടെ പൂക്കളെല്ലാം ഓരോന്നായി, ഇതളുകള്‍ ഓരോന്നായി പറിച്ചെടുത്താലും, ഇവയെല്ലാം വീണ്ടും നടാനുള്ള അവസരം തീര്‍ച്ചയായും വരുമെന്ന് നമുക്കറിയാം. ആ വസന്തം വന്നെത്തുമെന്ന് നമുക്കറിയാം. ഇപ്പോഴാ വസന്തമിതാ വന്നെത്തിയിരിക്കുന്നു. ബ്രസീല്‍ ഇപ്പോഴുള്ളത് പ്രതീക്ഷയര്‍പ്പിക്കാവുന്ന കരങ്ങളിലാണ്. വളരെയധികം പ്രതീക്ഷകളോടെ ഇന്ന് ബ്രസീലില്‍ ആഹ്ലാദം അലതല്ലുകയാണ്.

എന്റെ പ്രിയ കൂട്ടുകാരേ, ഞാന്‍ 2003ല്‍ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷം നടത്തിയ ആദ്യ പ്രസംഗം ഈയിടെ വീണ്ടും വായിക്കുകയുണ്ടായി. എന്റെ വായനയില്‍ നിന്ന് ബ്രസീല്‍ എത്രത്തോളം പുറകോട്ട് പോയി എന്ന കാര്യം കൂടുതല്‍ വ്യക്തമായി.

2003ലെ ആ ജനുവരി ഒന്നാം തിയതി, ഞാനും എന്റെ പ്രിയ വൈസ് പ്രസിഡന്റ് ജോസ് അലെങ്കാറും, ഇതാ ഇവിടെ, ഈ സ്ഥലത്ത് വെച്ച് ബ്രസീലിയന്‍ ജനതയുടെ അന്തസും ആത്മാഭിമാനവും വീണ്ടെടുക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത രേഖപ്പെടുത്തി. ഞങ്ങള്‍ ആ വാക്ക് പാലിക്കുകയും ചെയ്തു. ഏറ്റവും ആവശ്യക്കാരായവര്‍ക്ക് അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പണം ചെലവഴിച്ചു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ വികസനത്തിനായി പണം ഒഴുക്കി.

പക്ഷേ 2003 ലെ ഞങ്ങളുടെ ഏറ്റവും വലിയ വാഗ്ദാനം ഇതൊന്നുമായിരുന്നില്ല; അത് ഞങ്ങള്‍ അസമത്വത്തിനെതിരെയും കൊടിയ ദാരിദ്ര്യത്തിനെതിരെയും പോരാടും എന്നതായിരുന്നു. ഈ രാജ്യത്തെ ഓരോ പൗരനും ദിവസവും മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റുക തന്നെ ചെയ്തു. വിശപ്പും ദുരിതവും ഞങ്ങള്‍ ഇല്ലാതാക്കി. അസമത്വത്തിന്റെ തോത് നന്നായി കുറച്ചു.

2003ല്‍ ആദ്യമായി പ്രസിഡന്‍റ് സ്ഥാനത്തെത്തിയ ലുല ഡ സില്‍വ

നിര്‍ഭാഗ്യവശാല്‍, ‘കൊല്ലങ്ങള്‍ക്ക് മുമ്പ് കുഴിച്ച് മൂടപ്പെട്ടു’ എന്ന് നമ്മള്‍ കരുതിയിരുന്ന ഒരു ഭൂതകാലത്തിലേക്ക്, ഇപ്പോള്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മള്‍ തിരിച്ചെത്തിയിരിക്കുന്നു. മുമ്പ് നമ്മള്‍ ചെയ്ത കാര്യങ്ങളെയെല്ലാം വളരെ കുറ്റകരവും നിരുത്തരവാദിത്തപരവുമായ രീതിയില്‍ നിര്‍വീര്യമാക്കിയിരിക്കുകയാണ്. അസമത്വവും കൊടിയ ദാരിദ്ര്യവും വീണ്ടും തലപൊക്കി. വിശപ്പ് തിരിച്ചെത്തി.

ഈ വിശപ്പിന് കാരണം വിധിയുടെ വിളയാട്ടമല്ല, പ്രകൃതിയുടെ വികൃതിയല്ല, ദൈവഹിതവുമല്ല. വിശപ്പിന്റെ തിരിച്ചു വരവ് ഒരു കുറ്റമാണ്. ബ്രസീലിലെ ജനങ്ങളോട് ചെയ്ത ഏറ്റവും വലിയ തെറ്റ്. അസമത്വത്തിന്റെ പുത്രിയാണ് വിശപ്പ്. അതേസമയം ബ്രസീലിന്റെ വികസനത്തെ വൈകിപ്പിക്കുന്ന വലിയ തിന്മകളുടെ മാതാവും കൂടിയാണ് വിശപ്പ്.

ഒരു ഭൂഖണ്ഡത്തിന്റെയത്രയും വലിപ്പമുള്ള നമ്മുടെ രാജ്യത്തെ അസമത്വം തിരിച്ചറിയാനാവാത്ത വിധത്തിലുള്ള പല ഭാഗങ്ങളായി വിഭജിച്ചുകൊണ്ട് നിസ്സാരമാക്കിക്കളയുന്നു. ഒരു ഭാഗത്ത് എല്ലാം തികഞ്ഞ ഒരു ചെറിയ ജനവിഭാഗം, മറുഭാഗത്ത് ഒന്നുമില്ലാത്ത ഒരു ജനക്കൂട്ടം, ഇവരെ കൂടാതെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള അനീതികള്‍ കാരണം വര്‍ഷം തോറും കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്ന മധ്യവര്‍ഗം. ഒരുമിച്ച് നിന്നാല്‍ നമ്മള്‍ ശക്തരാണ്. ഭിന്നിച്ചാണ് നില്‍ക്കുന്നതെങ്കില്‍ തീരാക്കടങ്ങളുമായി ജീവിക്കുന്ന ഒരു ജനതയും ഒരിക്കലും ഭാവിയില്ലാത്ത ഒരു രാജ്യവുമായി നമ്മള്‍ മാറും.

ഇന്ന് നമുക്ക് നമ്മുടെ ഭാവി കെട്ടിപ്പടുക്കണമെന്നുണ്ടെങ്കില്‍, എല്ലാവര്‍ക്കും ഒരുപോലെ സൗകര്യപ്രദമായ പൂര്‍ണ്ണമായും വികസിതമായ ഒരു രാജ്യത്ത് നമുക്ക് ജീവിക്കണമെന്നുണ്ടെങ്കില്‍, ഇത്രയേറെ അസമത്വം ഇവിടെ നിലനില്‍ക്കാന്‍ അനുവദിക്കരുത്. ബ്രസീല്‍ മഹത്തായ ഒരു രാജ്യമാണ്. പക്ഷേ ഒരു രാജ്യത്തിന്റെ ശരിയായ മഹത്വം നിലകൊള്ളുന്നത് ആ രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിലാണ്. ഇത്രയധികം അസമത്വങ്ങള്‍ക്ക് നടുവില്‍ ഒരാള്‍ക്കും യഥാര്‍ത്ഥത്തില്‍ സന്തോഷിക്കാനാകില്ല.

എന്റെ കൂട്ടുകാരെ, ‘ഭരിക്കുക’ എന്ന് പറയുമ്പോള്‍ ഞാന്‍ അര്‍ത്ഥമാക്കുന്നത് ‘പരിചരിക്കുക’ എന്നാണ്. ഭരിക്കുക എന്നതില്‍ക്കവിഞ്ഞ് ഈ രാജ്യത്തെയും ബ്രസീലിയന്‍ ജനതയെയും വളരെ സ്‌നേഹത്തോടെ ഞാന്‍ പരിപാലിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബ്രസീല്‍ വളരെയധികം പുറകിലേക്ക് പോയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ അസമത്വങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി ബ്രസീല്‍ മാറിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലുല ഡ സല്‍വ

വളരെക്കാലമായി തെരുവുകളില്‍ നമുക്ക് കാണാനാവുന്നത് അത്രയുമധികം ഉപേക്ഷിക്കപ്പെട്ട അവസ്ഥകളും പ്രത്യാശാരഹിതമായ ജീവിതങ്ങളുമാണ്. അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി എച്ചില്‍ കൂനകള്‍ ചികയുന്ന കാഴ്ചകള്‍ നമ്മള്‍ കാണുന്നു. മുഴുവന്‍ കുടുംബങ്ങളും തണുപ്പും മഴയുമെല്ലാം സഹിച്ചും പേടിയെ അഭിമുഖീകരിച്ചു കൊണ്ടും കിടന്നുറങ്ങുന്നത് വെളിയിലാണ്. ജീവിതത്തില്‍ നല്ലൊരു കുട്ടിക്കാലത്തിലൂടെ കടന്നു പോകാന്‍ എല്ലാ കുട്ടികള്‍ക്കും അവകാശമുണ്ടെന്നിരിക്കെ, സ്‌കൂളില്‍ പോകേണ്ട പ്രായത്തില്‍ അവര്‍ തെരുവില്‍ മിഠായി വിറ്റും യാചകരായും ജീവിക്കുന്നു.

തൊഴില്‍രഹിതരായ സ്ത്രീ-പുരുഷ തൊഴിലാളികള്‍ പ്രദര്‍ശിപ്പിക്കുന്ന ‘ദയവായി എന്നെ സഹായിക്കൂ !’ എന്നെഴുതി വെച്ച ബോര്‍ഡുകള്‍ ട്രാഫിക് ലൈറ്റുകളില്‍ തെളിയുന്നത് നമ്മെയെല്ലാം ലജ്ജിതരാക്കുന്നു. ഒരു വശത്ത് വിശപ്പടക്കാനായി ഇറച്ചി കടകളുടെ വാതില്‍ക്കല്‍ എല്ലുകള്‍ക്ക് വേണ്ടി കാത്തു നില്‍ക്കുന്നവരുടെ നീണ്ട നിരകള്‍, അതേസമയം ഇറക്കുമതി ചെയ്ത കാറുകളും സ്വകാര്യ ജെറ്റുകളും വാങ്ങാനായി കാത്തു നില്‍ക്കുന്നവരുടെ നീണ്ട നിരകള്‍ മറുവശത്തും. ഇത്രയും വലിയൊരു സാമൂഹിക വിടവ് നീതിയുക്തവും ജനാധിപത്യപരവുമായ ഒരു സമൂഹത്തിന്റെ നിര്‍മിതിക്കും ആധുനികവും സമൃദ്ധവുമായ ഒരു സമ്പദ് വ്യവസ്ഥക്കും തടസമാണ്.

അതുകൊണ്ടാണ് ഇന്ന് ഞാനും എന്റെ വൈസ് പ്രസിഡന്റ് ജെറാള്‍ഡോ അല്‍ക്കെമിനും നിങ്ങളടക്കമുള്ള എല്ലാ ബ്രസീലിയന്‍ ജനതയുടെ മുന്നിലും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ തരത്തിലുമുള്ള അസമത്വത്തിനെതിരെയും രാവും പകലും ഒരുപോലെ പോരാടാനുള്ള പ്രതിബദ്ധത അറിയിക്കുന്നത്.

വരുമാനത്തിലുള്ള അസമത്വം, വംശീയമായും ലിംഗപരമായുമുള്ള അസമത്വം, തൊഴില്‍ വിപണിയിലുള്ള അസമത്വം, രാഷ്ടീയ പ്രാതിനിധ്യത്തിലുള്ള അസമത്വം, സര്‍ക്കാര്‍ ജോലികളിലെ അസമത്വം, ആരോഗ്യം, വിദ്യാഭ്യാസം മറ്റു പൊതു സേവനങ്ങള്‍ എന്നിവയുടെ ലഭ്യതയിലുള്ള അസമത്വം എന്നിവ എടുത്ത് പറയേണ്ടതാണ്.

കൂടാതെ ഏറ്റവും നല്ല സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെയും സ്‌കൂളില്‍ പോലും പോകാതെ യാതൊരു ഭാവിയുമില്ലാതെ ബസ് സ്റ്റേഷനില്‍ മറ്റുള്ളവരുടെ ഷൂ പോളിഷ് ചെയ്തു മിനുക്കി കൊടുക്കുന്ന കുട്ടിയുടെയും ഇടയിലുള്ള അസമത്വം, ക്രിസ്മസ് രാത്രിയില്‍, അന്ന് തനിക്ക് ലഭിച്ച കളിപ്പാട്ടമുപയോഗിച്ച് സന്തോഷത്തോടെ കളിക്കുന്ന കുട്ടിയുടെയും വിശന്ന് കരയുന്ന കുട്ടിയുടെയും ഇടയിലുള്ള അസമത്വം, ഭക്ഷണം പാഴാക്കുന്നവരുടെയും ഉച്ഛിഷ്ടം മാത്രം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവരുടെയും ഇടയിലുള്ള അസമത്വം എന്നിങ്ങനെ അസമത്വങ്ങളുടെ പട്ടിക നീളുകയാണ്.

ഈ രാജ്യത്തെ ഏറ്റവും ധനികരായ അഞ്ച് ശതമാനത്തിന്റെ വരുമാനം ബാക്കിവരുന്ന 95 ശതമാനത്തിന്റെ മൊത്തം വരുമാനത്തിന് തുല്യമാണ് എന്നത് അംഗീകരിക്കാനാവില്ല. ബ്രസീലിലെ വെറും ആറ് ശതകോടീശ്വരന്മാരുടെ സമ്പത്ത് രാജ്യത്തെ എറ്റവും ദരിദ്രരായ 10 കോടി ജനങ്ങളുടെ മൊത്തം ആസ്തിക്ക് സമമാണ്. അതിസമ്പന്നനായ ഒരു വ്യക്തി ഒരൊറ്റ മാസം കൊണ്ട് സമ്പാദിക്കുന്നത്രയും സമ്പാദിക്കാന്‍ മിനിമം മാസവേതനമുള്ള ഒരു തൊഴിലാളി പത്തൊമ്പത് വര്‍ഷമെടുക്കും. വലിയ പാലങ്ങള്‍ക്ക് കീഴെ ഒന്നുമില്ലാത്തവരായി തിങ്ങിനിറഞ്ഞു ജീവിക്കുന്ന നമ്മുടെ സഹോദരി സഹോദരന്‍മാരെ കാണാതിരിക്കാനായി ആഢംബര കാറുകളുടെ വിന്‍ഡോകള്‍ അടക്കുന്നത് കൊണ്ടാെന്നും പ്രയോജനമില്ല. യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെക്കാന്‍ നമുക്ക് കഴിയില്ല. എല്ലാ മുക്കിലും മൂലയിലും അത് പ്രകടമാണ്.

സോഷ്യല്‍ ഇന്‍ക്ലൂഷനും സമത്വവും സൂചിപ്പിക്കുന്നതിനായി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യരോടൊപ്പം ഉദ്ഘാടനവേദിയിലെത്തുന്ന ലുല ഡി സല്‍വ

സുഹൃത്തുക്കളേ…, മുന്‍വിധികള്‍, പല തരത്തിലുള്ള വിവേചനങ്ങള്‍, വംശീയത തുടങ്ങിയവ ഇനിയും വെച്ച് പൊറുപ്പിക്കാനാവില്ല. നമ്മള്‍ പല നിറങ്ങളിലുള്ള ഒരു ജനതയാണ്. അതുകൊണ്ടുതന്നെ നമുക്കെല്ലാം ഒരേ അവകാശങ്ങളും ഒരുപോലുള്ള അവസരങ്ങളും തീര്‍ച്ചയായും ലഭിക്കേണ്ടതുണ്ട്. ഇവിടെ ഒരാളും രണ്ടാം തരം പൗരന്മാരല്ല. രാജ്യത്ത് പൗരന്മാര്‍ക്കിടയില്‍ സര്‍ക്കാര്‍ സഹായത്തിന്റെ ലഭ്യതയില്‍ ഏറ്റക്കുറച്ചിലുണ്ടാവില്ല. തങ്ങളുടെ തൊലി നിറത്തിന്റെ അടിസ്ഥാനത്തില്‍ ആരും തന്നെ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടി വരില്ല. അതുകൊണ്ടാണ് മന്ത്രിസഭ പുനര്‍നിര്‍മിക്കുമ്പോള്‍ ഞങ്ങള്‍ വംശീയമായ തുല്യത ഉറപ്പു വരുത്തുന്നത്. അടിമത്തം നിലനിന്നിരുന്ന വളരെ പരിതാപകരമായ നമ്മുടെ ഭൂതകാല പാരമ്പര്യത്തെ കുഴിച്ചുമൂടാന്‍ വേണ്ടിയാണത്.

ആദിവാസി ജനതക്ക് അവരുടെ ഭൂമി പതിച്ച് നല്‍കേണ്ടതുണ്ട്. അങ്ങനെ അനധികൃതവും അനിയന്ത്രിതവുമായ കച്ചവട പ്രവര്‍ത്തനങ്ങളുടെ ഭീഷണിയില്‍ നിന്നും അവരെ മോചിപ്പിക്കേണ്ടതുണ്ട്. അവരുടെ സംസ്‌കാരം സംരക്ഷിക്കപ്പെടണം. അവരുടെ മാന്യതയെ ബഹുമാനിക്കുകയും നിലനില്‍പ്പ് ഉറപ്പ് വരുത്തുകയും വേണം. അവര്‍ നമ്മുടെ വികസനത്തിന് തടസ്സമുണ്ടാക്കുന്നവരല്ല. നമ്മുടെ പുഴകളുടെയും കാടുകളുടെയും സംരക്ഷകരാണവര്‍. ഒരു രാജ്യമെന്ന നിലയിലുളള നമ്മുടെ മഹത്വത്തിന്റെ ആണിക്കല്ലാണവര്‍. അതുകൊണ്ട് കഴിഞ്ഞ അഞ്ഞൂറ് വര്‍ഷത്തെ അസമത്വത്തിനെതിരെ പോരാടാന്‍ വേണ്ടിയാണ് ഞങ്ങള്‍ ആദിവാസികള്‍ക്കായുള്ള മന്ത്രിസഭ ( Ministry of Indigenous People) രൂപീകരിക്കുന്നത്.

സ്ത്രീകളെ നീചമായി അടിച്ചമര്‍ത്തിക്കൊണ്ട് ഇനിയും നമ്മള്‍ ജീവിച്ചു കൂടാ. ദിവസേന തെരുവുകളിലും സ്വന്തം വീടകങ്ങളിലും അവര്‍ അക്രമങ്ങള്‍ക്ക് വിധേയരാവുന്നത് അനുവദിക്കാന്‍ പാടില്ല. ഒരേ ജോലിക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ ശമ്പളം സ്ത്രീകള്‍ക്ക് നല്‍കപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഈ രാജ്യത്തിന്റെ രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി തന്ത്രപ്രധാനമായ എല്ലാ മേഖലകളെയും അവര്‍ കീഴടക്കേണ്ടതുണ്ട്. കൂടുതല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും രാജ്യത്ത് സ്ത്രീകളാണെന്നതിനാല്‍ മാറ്റിനിര്‍ത്തപ്പെട്ടതും നിരുത്സാഹപ്പെടുത്തപ്പെട്ടതുമായ സന്ദര്‍ഭങ്ങള്‍ കയ്യടക്കുകയും ചെയ്യേണ്ടതുണ്ട്. സ്ത്രീകള്‍ എന്താവാനാണോ ആഗ്രഹിക്കുന്നത്, അതായിരിക്കണം അവര്‍ ആവേണ്ടത്. അവര്‍ എവിടെ നില്‍ക്കാനാണോ ആഗ്രഹിക്കുന്നത്, അവിടെയായിരിക്കണം അവര്‍ നില്‍ക്കേണ്ടത്. അതുകൊണ്ടാണ് ഞങ്ങള്‍ വനിതാ മന്ത്രാലയം ( Ministry of Women ) വീണ്ടും രൂപവല്‍ക്കരിക്കുന്നത്.

അസമത്വത്തിനെതിരെ പോരാടാന്‍ വേണ്ടിയാണിത്. അതിന്റെ പരിണതഫലമാണ് നമ്മുടെ തെരഞ്ഞെടുപ്പ് വിജയം. ഭാവിയില്‍ നമ്മുടെ സര്‍ക്കാരിനെ അടയാളപ്പെടുത്തുന്നത് ഈ മഹത്തായ കര്‍മം കൊണ്ടായിരിക്കാം.

അടിസ്ഥാനപരമായ ഈ പോരാട്ടത്തില്‍ നിന്നായിരിക്കും രൂപമാറ്റം വന്ന ഒരു രാജ്യത്തിന്റെ പിറവിയുടെ തുടക്കം. സമൃദ്ധവും മഹത്തായതുമായ ഒരു രാജ്യം. അതേസമയം നേരും നെറിയുമുള്ളതും ശക്തമായതുമായ ഒരു രാജ്യം. എല്ലാവര്‍ക്കും വേണ്ടിയുള്ള, എല്ലാവരാലുമുള്ള, എല്ലാവരുടെയും രാജ്യം. ആരെയും അവഗണിക്കാത്ത വളരെ ഉദാരമതിയായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യം.

പ്രിയ സഖാക്കളേ, മുഴുവര്‍ ബ്രസീലുകാരെയും സംരക്ഷിക്കുമെന്ന് ഒരിക്കല്‍ കൂടി ഞാന്‍ ആണയിടുന്നു, പ്രത്യേകിച്ച് ഏറ്റവും ആവശ്യക്കാരായവരെ. ഈ രാജ്യത്ത് നിന്ന് ഒരിക്കല്‍ കൂടി വിശപ്പിനെ നിര്‍മ്മാര്‍ജനം ചെയ്യും. എല്ലുകള്‍ക്ക് വേണ്ടി വരി നില്‍ക്കേണ്ടുന്ന അവസ്ഥയില്‍ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കും. കൂടാതെ കേന്ദ്ര ബജറ്റില്‍ അവര്‍ക്കുള്ള വിഹിതം വീണ്ടും ഉറപ്പ് വരുത്തും. നമുക്ക് മഹത്തായ ഒരു പാരമ്പര്യമുണ്ട്. രാജ്യത്ത് വിപ്ലവമുണ്ടാക്കിയ പൊതുനയങ്ങളുടെ ഗുണഭോക്താക്കളാണോ അല്ലയോ എന്ന വ്യത്യാസമില്ലാതെ ഓരോ ബ്രസീലുകാരുടെയും ഓര്‍മ്മകളില്‍ ഇപ്പോഴും വ്യക്തതയോടെ തിളങ്ങി നില്‍ക്കുന്ന പാരമ്പര്യം. പക്ഷേ നമ്മളാരും ഭൂതകാലത്തിന്റെ പോരിശയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ നമ്മുടെ പാരമ്പര്യം എല്ലായ്‌പോഴും ഏതെങ്കിലും തരത്തിലുള്ള ഗൃഹാതുരത്വത്തില്‍ നിന്നകന്ന് കൊണ്ട് ഈ രാജ്യത്തിനു വേണ്ടി നമ്മള്‍ നിര്‍മ്മിക്കാന്‍ പോകുന്ന നമ്മുടെ ഭാവിയുടെ കണ്ണാടിയായിരിക്കും.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലുല ഡ സില്‍വ

നമ്മുടെ വിവിധ സര്‍ക്കാരുകള്‍ക്ക് കീഴില്‍ ബ്രസീല്‍ അസാധാരണമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാമൂഹികമായും സാമ്പത്തികമായും വിവിധ തട്ടുകളിലുള്ള ജനങ്ങള്‍ക്ക് എല്ലാ മേഖലകളിലും തുല്യ പ്രാതിനിധ്യം നല്‍കിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ‘സാമൂഹിക ഉള്‍പെടുത്തല്‍’ ( Social inclusion) നടപ്പിലാക്കികൊണ്ടാണിത്. അങ്ങനെ ലോകത്ത് ആറാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ബ്രസീല്‍ മാറി. അതുപോലെത്തന്നെ മുപ്പത്തിയാറ് ദശലക്ഷം ബ്രസീലുകാരെ അങ്ങേയറ്റത്തെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റി. ഇരുപത് ദശലക്ഷത്തില്‍പ്പരം ജോലിയവസരങ്ങള്‍ ഞങ്ങള്‍ സൃഷ്ടിച്ചു. അതായത് ജോലിക്കാര്‍ക്ക് എല്ലാവിധ അവകാശങ്ങളും ഉറപ്പ് നല്‍കിക്കൊണ്ടും ഒപ്പോടു കൂടിയ തൊഴില്‍ കാര്‍ഡുകള്‍ നല്‍കിക്കൊണ്ടുമായിരുന്നു ഇത്.

മിനിമം വേതനം എല്ലായ്‌പോഴും പണപ്പെരുപ്പത്തിനാനുപാതികമായി പരിഷ്‌കരിച്ചു. വിദ്യാഭ്യാസത്തിനായി നമ്മള്‍ എക്കാലത്തെയും കവച്ച് വെക്കുന്ന രീതിയില്‍ നിക്ഷേപങ്ങള്‍ നടത്തി. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണങ്ങള്‍ നടപ്പാക്കി. വെറും ചരക്കുകള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിക്കാര്‍ എന്നതിലേക്ക് ചുരുങ്ങാതെ ബ്രസീലിനെ ബുദ്ധിയും വിവരവും കയറ്റുമതി ചെയ്യുന്നവര്‍ കൂടിയാക്കി മാറ്റാന്‍ വേണ്ടിയാണിത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയിലധികമാക്കുകയും രാജ്യത്തെ പാവപ്പെട്ടവരായ യുവതീ യുവാക്കള്‍ക്ക് യൂണിവേഴ്‌സിറ്റി കളിലേക്കുള്ള വാതിലുകള്‍ തുറന്നിടുകയും നമ്മള്‍ ചെയ്തു. കറുത്തവര്‍ഗക്കാരിലും വെളുത്തവര്‍ഗക്കാരിലും ആദിവാസി വിഭാഗങ്ങളിലും പെട്ട ചെറുപ്പക്കാരില്‍ ഒരു യൂണിവെഴ്‌സിറ്റി ബിരുദം സ്വപ്നം കാണാന്‍ പോലും സാധിക്കാത്തവര്‍ ഡോക്ടര്‍മാരായി മാറി.

അസമത്വത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ കൂട്ടത്തില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയത് ആരോഗ്യരംഗത്തിനാണ്. ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത എല്ലാ ജനങ്ങള്‍ക്കും ഉറപ്പ് വരുത്തി. കാരണം ഒരാളുടെ ജീവിക്കാനുള്ള അവകാശം അയാളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണത്തിന്റെ മുഴുപ്പിനനുസരിച്ചാവരുത്. ഞങ്ങള്‍ ‘ഫര്‍മാസ്യ പോപുലാര്‍'(Popular Farmacy) എന്ന ജനപ്രിയ ഫാര്‍മസികള്‍ക്ക് രൂപം നല്‍കി. അതിലൂടെ ഏറ്റവും ആവശ്യക്കാരായവര്‍ക്ക് മരുന്നുകള്‍ നല്‍കി.

അതിനേക്കാള്‍ ഉപരിയായി ഇതുകൊണ്ടുണ്ടായ വലിയൊരുനേട്ടമെന്തെന്നാല്‍ ബ്രസീലിലെ വലിയ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും വളരെ വിദൂര സ്ഥലങ്ങളിലും താമസിക്കുന്ന ഏകദേശം അറുപത് ദശലക്ഷം ബ്രസീലുകാര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു എന്നതാണ്. എല്ലാ ബ്രസീലുകാരുടെയും ദന്ത സംരക്ഷണത്തിനായി നമ്മള്‍ ‘Smiling Health’ (ചിരിക്കുന്ന ബ്രസീല്‍ ) പദ്ധതി ആവിഷ്‌കരിച്ചു. നമ്മുടെ ആരോഗ്യ സോഫ്റ്റ്‌വെയറായ സിംഗിള്‍ ഹെല്‍ത്ത് സിസ്റ്റത്തിനെ(‘Single Health System’ അല്ലെങ്കില്‍ SUS) ശക്തിപ്പെടുത്തി. കൊവിഡ് മഹാമാരിക്കാലത്ത് മഹത്തായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച എസ്.യു.എസ് (SUS) വിദഗ്ധര്‍ക്ക് ഞാന്‍ ഈയവസരത്തില്‍ പ്രത്യേക നന്ദി അറിയിക്കുകയാണ്. നിരുത്തരവാദിത്തപരവും മനുഷ്യത്വ രഹിതവുമായ ഒരു സര്‍ക്കാരിന്റെ കാലത്ത് മാരകമായ ഒരു വൈറസിനെ സധൈര്യം നേരിട്ടതിന്.

നമ്മുടെ സര്‍ക്കാറുകളുടെ കാലത്ത് വീട്ടുമുറ്റത്തെ കൃഷി, ചെറുകിട കര്‍ഷകര്‍, ഇടത്തരം കര്‍ഷകര്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് നിക്ഷേപങ്ങള്‍ നടത്തിയത്. നമ്മുടെ തീന്‍മേശയില്‍ എത്തുന്ന ഭക്ഷ്യവിഭവങ്ങളുടെ 70 ശതമാനവും ഇത്തരത്തിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. കൂടാതെ കാര്‍ഷിക വാണിജ്യത്തെ അവഗണിക്കാതെയാണ് നമ്മളിത് ചെയ്തത്. വര്‍ഷം തോറും റെക്കോര്‍ഡ് വിളവെടുപ്പാണ് ഇതുവഴി ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. കൂടാതെ ആമസോണ്‍ മേഖലയിലെ വനനശീകരണം 80 ശതമാനത്തിലധികം കുറച്ചു കൊണ്ടുവന്നു.

പട്ടിണിക്കും അസമത്വത്തിനുമെതിരായ പോരാട്ടത്തില്‍ ലോക മാതൃകയായി ബ്രസീല്‍ വളര്‍ന്നു. രാജ്യത്തിന്റെ സജീവവും പ്രൗഢവുമായ വിദേശ നയങ്ങള്‍ കാരണം അന്താരാഷ്ട്രതലത്തില്‍ വളരെയധികം അംഗീകരിക്കപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെയും മുഴുവന്‍ ഉത്തരവാദിത്തങ്ങളെയും കണക്കിലെടുത്തു കൊണ്ടുതന്നെയാണ് നമുക്കിവയെല്ലാം നേടിയെടുക്കാന്‍ സാധിച്ചത്. പൊതു ഖജനാവിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഉത്തരവാദിത്തമില്ലായ്മ കാണിച്ചിട്ടില്ല. എല്ലാ വര്‍ഷവും ഞങ്ങള്‍ സാമ്പത്തിക മിച്ചം ഉണ്ടാക്കിയിട്ടുണ്ട്. വിദേശകടങ്ങള്‍ പാടെ ഒഴിവാക്കി. 370 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരം സ്വരൂപിച്ചു വെച്ചു. ഞങ്ങള്‍ ഭരണമേറ്റെടുക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന വിദേശകടങ്ങള്‍ ഏകദേശം പകുതിയായി കുറച്ചു.

ഞങ്ങളുടെ സര്‍ക്കാരുകളുടെ കാലത്ത് ഒരു തരത്തിലുമുള്ള അനാവശ്യ ചെലവുകള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഞങ്ങള്‍ എല്ലായ്‌പ്പോഴും നിക്ഷേപങ്ങള്‍ നടത്തിയത് നമ്മുടെ ഏറ്റവും മൂല്യവത്തായ സ്വത്തിലാണ്. അതായത് ബ്രസീലിലെ ജനങ്ങളിലാണ്. ഇനി നിക്ഷേപിക്കാന്‍ പോകുന്നതും അതില്‍ത്തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ പതിമൂന്ന് വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്തതെല്ലാം അതിന്റെ പകുതി കാലയളവില്‍ നശിപ്പിക്കപ്പെട്ടു. ആദ്യം 2016ല്‍ പ്രസിഡന്റ് ദില്‍മ റൂസെഫിനെതിരായ അട്ടിമറി. പിന്നീടുവന്ന സര്‍ക്കാരിന്റെ നാലു വര്‍ഷക്കാലത്തെ ദേശീയ തലത്തിലുള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചരിത്രം ഒരിക്കലും മാപ്പു നല്‍കില്ല.

700,000 ബ്രസീലുകാര്‍ കൊവിഡ് ബാധിച്ച് കൊല്ലപ്പെട്ടു. 125 ദശലക്ഷം ആളുകള്‍ പല അവസ്ഥയിലുള്ള ഭക്ഷ്യ പ്രതിസന്ധിയെ നേരിടുന്നു. ചിലര്‍ അതികഠിനമായ രീതിയിലും ചിലര്‍ ഇടത്തരം രീതിയിലുമാണ് ഭക്ഷ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. കൂടാതെ 33 ദശലക്ഷം ജനങ്ങള്‍ പട്ടിണിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പറഞ്ഞവയെല്ലാം യഥാര്‍ത്ഥത്തില്‍ വെറും നമ്പറുകള്‍ മാത്രമല്ല സ്ഥിതി വിവരക്കണക്കുകളും സൂചകങ്ങളുമാണ്. അത് ബ്രസീലിലെ ജനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ദുര്‍ഭരണത്തിന്റെ ഇരകളായ സ്ത്രീകളെയും പുരുഷന്മരെയും കുട്ടികളെയുമാണ് സൂചിപ്പിക്കുന്നത്. അവസാനം 2022 ഒക്ടോബര്‍ 30 ന് ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് മായ്ക്കപ്പെടാത്ത വിധം രാജ്യത്തെ ജനങ്ങള്‍ അവരെ പരാജയപ്പെടുത്തി.

ദില്‍മ റൂസെഫ്

മന്ത്രിസഭ മാറ്റത്തില്‍ സാങ്കേതിക ഗ്രൂപ്പുകളെ ഏകോപിപ്പിച്ചത് എന്റെ വൈസ് പ്രസിഡന്റ് ആല്‍ക്കെമിന്‍ ആണ്. അദ്ദേഹം രണ്ട് മാസക്കാലം മുന്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ചെയ്തു. അങ്ങനെ ദുരന്തത്തിന്റെ ശരിക്കുള്ള വ്യാപ്തി പുറത്തു കൊണ്ടുവന്നു. ബ്രസീലിലെ ജനങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പതുക്കെ, പടിപടിയായിട്ട്, ശരിക്കുള്ള വംശഹത്യയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഉദാഹരണമായി ഞാന്‍ എടുത്ത് കാണിക്കുന്നത് ശരിക്കും കുത്തഴിഞ്ഞ ഈ അവസ്ഥയെക്കുറിച്ച് മാറിയ മന്ത്രിസഭ തയ്യാറാക്കിയ നൂറു പേജുള്ള ഒരു റിപ്പോര്‍ട്ടില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു ചെറിയ ഭാഗമാണ്.

റിപ്പോര്‍ട്ട് പറയുന്നത് ഇപ്രകാരമാണ്: ബ്രസീല്‍ സ്ത്രീഹത്യയില്‍ പൂര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്തു. വംശീയ സമത്വ നയങ്ങള്‍ ഗുരുതരമായ തിരിച്ചടി നേരിട്ടു. യുവജനങ്ങളുടെ ക്ഷേമത്തിനായി ആവിഷ്‌കരിച്ച പദ്ധതികളെല്ലാം നശിപ്പിച്ചു. ആദിവാസി ജനതയുടെ അവകാശങ്ങള്‍ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ലംഘിക്കപ്പെട്ടു. 2023 അധ്യയന വര്‍ഷത്തില്‍ ഉപയോഗിക്കേണ്ട പാഠപുസ്തകങ്ങള്‍ ഇതുവരെ പ്രസിദ്ധീകരണമാരംഭിച്ചിട്ടില്ല. പോപുലാര്‍ ഫാര്‍മസിയില്‍ മരുന്നുകള്‍ക്ക് ക്ഷാമമുണ്ട്. കൊവിഡിന്റെ പുതിയ വകഭേദങ്ങളെ നേരിടാന്‍ വാക്‌സിനുകള്‍ ലഭ്യമല്ല. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാന്‍ ഭക്ഷ്യവിഭവങ്ങളില്ല. യൂണിവേഴ്‌സിറ്റികളില്‍ അധ്യയന വര്‍ഷം പൂര്‍ത്തിയാക്കാതെ കടന്നു പോകുന്നു. പൗരസംരക്ഷണ ഉപാധികളില്ല. അപകടങ്ങള്‍ തടയാനോ ദുരന്തങ്ങള്‍ക്കെതിരെ മുന്‍ കരുതല്‍ എടുക്കാനോ മാര്‍ഗങ്ങളില്ല. ഇതിന്റെയെല്ലാം ദുരിത ഫലങ്ങള്‍ അനുഭവിക്കുന്നത് മറ്റാരുമല്ല, അത് ബ്രസീലിലെ ജനങ്ങളാണ്.

ചങ്ങാതിമാരേ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മള്‍ ജീവിച്ചു കൊണ്ടിരുന്നത് ചരിത്രത്തില്‍ത്തന്നെ ഏറ്റവും മോശപ്പെട്ട കാലഘട്ടങ്ങളിലൂടെയാണെന്ന് നിസംശയം പറയാം. ജനങ്ങളുടെ ജീവിതത്തില്‍ നിഴലുകള്‍ പരത്തിയതും, അനിശ്ചിതത്വങ്ങളും ധാരാളം കഷ്ടപ്പാടുകളും നിറഞ്ഞ യുഗം. എന്നാല്‍ ഇപ്രാവശ്യത്തെ സുപ്രധാനമായ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ ഉല്‍കൃഷ്ടമായ വോട്ടുകളിലൂടെ രാജ്യത്ത് ജനാധിപത്യ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടതോടെ ഈ പേക്കിനാവിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ജനാധിപത്യത്തോടും അതിന്റെ സ്ഥാപനങ്ങളോടും ബ്രസീലിയന്‍ ജനതക്കുള്ള പ്രതിബദ്ധത വളരെയധികം പ്രകടമാക്കുന്നതായിരുന്നു പ്രസ്തുത തെരഞ്ഞെടുപ്പ്.

ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് ജെയിര്‍ ബോല്‍സനാരോ (2019-2022)

ജനാധിപത്യത്തിന്റെ അസാധാരണമായ ഈ വിജയം നമുക്കിടയിലെ വ്യത്യസ്തതകളെ മറന്നുകൊണ്ട് ഭാവിയില്‍ പ്രതീക്ഷികളര്‍പ്പിക്കാന്‍ നമ്മളെ നിര്‍ബന്ധിതരാക്കുന്നു. എക്കാലത്തേക്കും നമ്മെ ഒന്നിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ വ്യത്യസ്തതകള്‍ എത്രയോ നിസ്സാരമാണ്. അതായത് ബ്രസീലിനോടുള്ള നമ്മുടെ സ്‌നേഹവും നമ്മുടെ ജനങ്ങളിലുള്ള തകര്‍ക്കാനാവാത്ത വിശ്വാസവുമാണ് നമ്മെ എക്കാലത്തും ചേര്‍ത്ത് നിര്‍ത്തുന്ന ഘടകങ്ങള്‍.നമ്മുടെ അയല്‍ക്കാര്‍ക്കു വേണ്ടി പ്രതീക്ഷയുടെയും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും തിരികള്‍ തെളിയിക്കാന്‍ സമയമായിരിക്കുന്നു.

ബ്രസീലിനെയും ബ്രസീലിലെ ജനങ്ങളെയും സംരക്ഷിക്കേണ്ട സമയം വീണ്ടും വന്നെത്തിയിരിക്കുന്നു. ജോലിയവസരങ്ങള്‍ വീണ്ടും സൃഷ്ടിക്കപ്പെടണം. പണപ്പെരുപ്പത്തിനു മുകളില്‍ മിനിമം വേതനം വീണ്ടും പുന:ക്രമീകരിക്കണം. ഭക്ഷ്യ വസ്തുക്കളുടെ വില വീണ്ടും കുറയ്ക്കണം. യൂണിവേഴ്‌സിറ്റികളില്‍ ഇനിയും ഒരുപാട് ഒഴിവുകള്‍ സൃഷ്ടിക്കണം. ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്രം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ കനത്ത നിക്ഷേപങ്ങള്‍ നടത്തണം.

പോയ സര്‍ക്കാറിന്റെ അവഗണന കാരണം ഉപേക്ഷിക്കപ്പെട്ട പദ്ധതികളായ മിന്‍ഹാ കാസ (Minha Casa), മിന്‍ഹാ വിദ (Minha Vida ) തുടങ്ങിയവയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണം. നിക്ഷേപങ്ങളെ തിരികെ കൊണ്ടുവരാനും ബ്രസീലിനെ വീണ്ടും വ്യവസായവല്‍ക്കരിക്കാനും സമയമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ വീണ്ടും പോരാട്ടമാരംഭിക്കാനും, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ട ആമസോണ്‍ പോലുള്ള ജൈവമേഖലയുടെ നശീകരണം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുമുള്ള സമയമാണിത്. അന്താരാഷ്ട്ര തലത്തിലുള്ള ഒറ്റപ്പെടലില്‍ നിന്ന് നമ്മള്‍ പുറത്തുകടക്കുകയും ലോകത്തെ മറ്റെല്ലാ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ പുന:സ്ഥാപിക്കുകയും വേണം. നിഷ്ഫലമായ വിദ്വേഷ പ്രകടനത്തിനുള്ള സമയമല്ലിത്. ബ്രസീലിനെ സംബന്ധിച്ച് വീണ്ടും പ്രതീക്ഷകളോടെ കാത്തിരിക്കാനും ചിരിക്കാനുമുള്ള ഒരവസരമാണിത്. നമ്മുടെ ചരിത്രത്തിന്റെ ഈ ഏടുകള്‍ നമുക്കൊത്തൊരുമിച്ച് മറിക്കാം. എന്നിട്ട് നിര്‍ണ്ണായകമായ പുതിയൊരദ്ധ്യായം നമുക്കൊരുമിച്ച് എഴുതിച്ചേര്‍ക്കാം.

എല്ലാ ബ്രസീലുകാര്‍ക്കും വേണ്ടി നീതിയും ന്യായവും പുലരുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സുസ്ഥിരവും ക്രിയാത്മകവുമായ ജനാധിപത്യ, പരമാധികാര രാജ്യം കെട്ടിപ്പടുക്കുക എന്ന വെല്ലുവിളിയെ നമുക്കൊരുമിച്ച് നേരിടാം. തെരെഞ്ഞെടുപ്പ് പ്രചാരണ വേളയിലുടനീളം ഞാന്‍ ഊന്നിപ്പറഞ്ഞ ഒരു കാര്യമുണ്ട്: ‘ബ്രസീല്‍ പിടിച്ചു നില്‍ക്കും’. പൂര്‍ണ്ണ ദൃഢവിശ്വാസത്തോടെ ഞാനത് വീണ്ടും പറയുകയാണ്. മാറിയ മന്ത്രിസഭ രാജ്യത്തിന് സംഭവിച്ച നാശത്തിന്റെ നേര്‍ചിത്രം നമുക്ക് മുമ്പില്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പോലും ഞാന്‍ ആണയിടുന്നു: ‘ബ്രസീല്‍ പിടിച്ചു നില്‍ക്കുക തന്നെ ചെയ്യും. ‘ അത് നമ്മളെ ആശ്രയിച്ചിരിക്കുന്നു. നമ്മെ എല്ലാവരെയും ആശ്രയിച്ചിരിക്കുന്നു. നാം ഈ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുക തന്നെ ചെയ്യും.

ബ്രസീലില്‍ മുന്നൂറ്റി അമ്പത് കൊല്ലത്തിലധികം നീണ്ടുനിന്ന അടിമത്തത്തിന്റെ ഫലമായുണ്ടായ പിന്നോക്കാവസ്ഥയെ മറികടക്കാന്‍ വേണ്ടി ഞാന്‍ ഭരണത്തിലിരിക്കുന്ന നാല് വര്‍ഷക്കാലം ഓരോ ദിവസവും നമ്മള്‍ ബ്രസീലിനു വേണ്ടി പ്രവര്‍ത്തിക്കും. ഈ അവസാന വര്‍ഷങ്ങളില്‍ നമുക്ക് നഷ്ടപ്പെട്ട സമയവും അവസരങ്ങളും വീണ്ടെടുക്കാനും, ലോകത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ ഉന്നത പദവി തിരിച്ച് പിടിക്കാനും വേണ്ടി ശ്രമിക്കും. ഓരോ ബ്രസീലുകാരനും വേണ്ടിയായിരിക്കും നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് വീണ്ടും സ്വപ്നങ്ങള്‍ കാണാനും അവരുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരങ്ങളെ തിരിച്ചറിയാനും അവരെ പ്രാപ്തരാക്കും. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ പുനര്‍നിര്‍മിക്കാനും പരിവര്‍ത്തിപ്പിക്കാനും നാമെല്ലാം ഒന്നിച്ച് നില്‍ക്കേണ്ടത് ആവശ്യമാണ്. കൂടാതെ ഇത്രയധികം അസമത്വത്തിന് കാരണമായ എല്ലാ കാര്യങ്ങള്‍ക്കുമെതിരെ നമ്മുടെ സര്‍വ്വ ശക്തിയുമുപയോഗിച്ച് പോരാടിയെങ്കില്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ഈ രാജ്യത്തിന്റെ പുനര്‍നിര്‍മാണവും പരിവര്‍ത്തനവും സാധ്യമാവുകയുള്ളു.

മുഴുവന്‍ ജനസമൂഹങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു വിശാല മുന്നേറ്റത്തിന്റെ രൂപീകരണം അനിവാര്യവും അതുപോലെത്തന്നെ അത്യാവശ്യവുമായിരിക്കുന്നു. ഇത്തരത്തിലുളള വ്യാപകമായ ഒരു മുന്നേറ്റത്തില്‍ സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ളവരായ തൊഴിലാളികള്‍, സംരംഭകര്‍, കലാകാരന്മര്‍, ബുദ്ധിജീവികള്‍, ഗവര്‍ണര്‍മാര്‍, മേയര്‍മാര്‍, ഡെപ്യൂട്ടികള്‍, സെനറ്റ് അംഗങ്ങള്‍, യൂണിയനുകള്‍, സാമൂഹ്യ പ്രസ്ഥാനങ്ങള്‍, വ്യത്യസ്ത ക്ലാസ് അസോസിയേഷനുകള്‍, പൊതുപ്രവര്‍ത്തകര്‍, ലിബറല്‍ പ്രൊഫഷണലുകള്‍, മത നേതാക്കള്‍, സാധാരണ പൗരന്മാര്‍ തുടങ്ങിയവരെയെല്ലാം ഉള്‍പെടുത്തണം.

എല്ലാത്തിനുമുപരിയായി നമ്മള്‍ ഒന്നിക്കുകയും, ഒത്തൊരുമിച്ച് നമ്മുടെ രാജ്യത്തെ പുനര്‍ നിര്‍മ്മിക്കുകയും ചെയ്യേണ്ട സമയമാണിത്. അതുകൊണ്ടാണ് കൂടുതല്‍ നീതിപൂര്‍വമായ, ഐക്യമുള്ള, ജനാധിപത്യപരമായ ബ്രസീലിനായി സ്വപ്നം കാണുന്ന മുഴുവന്‍ ബ്രസീലുകാരാേടും ഞാനിത് ആഹ്വാനം ചെയ്യുന്നത്: ‘അസമത്വത്തിനെതിരെ മഹത്തായ, കൂട്ടായ പരിശ്രമത്തില്‍ ഞങ്ങളാേടാെപ്പം ചേരൂ’.

നിങ്ങള്‍ ഓരോരുത്തരുടെയും അനുവാദത്തോടെ ഞാന്‍ അവസാനിപ്പിക്കാന്‍ പോകുകയാണ്. ഇന്നത്തെ സന്തോഷമാണ് നാളത്തെയും ഇനി വരാനിരിക്കുന്ന നാളുകളിലെയും പോരാട്ടത്തിനുള്ള ഹേതു. ഇന്നത്തെ പ്രതീക്ഷയിലാണ് നാളെ എല്ലാവര്‍ക്കും നല്‍കാനുള്ള ഭക്ഷണം തയ്യാറാവുന്നത്. നമ്മുടെ ജനാധിപത്യത്തെ മനപൂര്‍വ്വം അട്ടിമറിക്കാനും അതിനെ നശിപ്പിക്കാനും വേണ്ടിയുള്ള ഏതൊരു തീവ്രവാദി ആക്രമണത്തിനെതിരെയും ശാന്തിയോടെയും സമാധാനത്തോടെയും പ്രതികരിക്കാന്‍ നമ്മള്‍ എപ്പോഴും തയ്യാറാണ്. ബ്രസീലിന്റെ നല്ലതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നമ്മുടെ എതിരാളികള്‍ ഏറ്റവുമധികം ഭയക്കുന്ന ആയുധങ്ങളാണ് നമ്മള്‍ ഉപയോഗിക്കുക: കളവിനെ അതിജീവിച്ച സത്യം, പേടിയെ അതിജീവിച്ച പ്രതീക്ഷ, വെറുപ്പിനെ അതിജീവിച്ച സ്‌നേഹം.

ബ്രസീല്‍ നീണാള്‍ വാഴട്ടെ! ബ്രസീലിലെ ജനങ്ങള്‍ നീണാള്‍ വാഴട്ടെ!

ജാക്കോബിനില്‍ പ്രസിദ്ധീകരിച്ച പ്രസംഗത്തിന്‍റെ പൂര്‍ണരൂപം പരിഭാഷപ്പെടുത്തിയത് : ഷാദിയ നാസിര്‍

Content Highlight: Brazil President Lula da Silva’s inaugural speech in Malayalam