ഇതിഹാസ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ അതേ തലത്തിലുള്ള ഫുട്‌ബോളറാണ് താനെന്ന് ബ്രസീല്‍ ലെജന്‍ഡ് റൊമാരിയോ. ബ്രസീല്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോ നസാരിയോ, റൊണാള്‍ഡീന്യോ എന്നിവരും തന്റെ അതേ തലത്തിലുള്ള താരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ പ്രധാനിയായ അദ്ദേഹം, തന്നെക്കാള്‍ മികച്ചതായി രണ്ട് താരങ്ങള്‍ മാത്രമേ ഫുട്‌ബോളില്‍ ഉണ്ടായിട്ടുള്ളൂവെന്നും വിശ്വസിക്കുന്നു.
കാറ്റനാച്ചിയോ ഇ കോണ്‍ട്രോപിയേഡെയ്ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് റൊമാരിയോ ഇക്കാര്യം പറഞ്ഞത്.
രണ്ട് താരങ്ങളുടെ പേര് പറയുകയും അവരില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന റാപ്പിഡ് ഫയറിലാണ് റൊമാരിയോ മികച്ച താരങ്ങളെ തെരഞ്ഞെടുത്തത്.
‘റൊമാരിയോ ആണോ സീക്കോ ആണോ മികച്ചത്’, ‘റൊമാരിയോ ആണോ ബെബെറ്റോ ആണോ മികച്ചത്’ എന്നുള്ള ചോദ്യങ്ങള്‍ക്കെല്ലാം റൊമാരിയോ എന്ന തന്റെ പേരാണ് പറഞ്ഞത്.
റിവാള്‍ഡോ, അഡ്രിയാനോ, സുവാരസ്, നെയ്മര്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും തന്റെ പേര് ചോദിച്ചപ്പോഴും റൊമാരിയോ എന്ന് തന്നെ ആയിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.
ഭാവി ഇതിഹാസങ്ങളായ കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട് എന്നിവരെക്കാളും മികച്ചത് താന്‍ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റൊമാരിയോ ആണോ റൊണാള്‍ഡോ (റൊണാള്‍ഡോ നസാരിയോ) എന്ന ചോദ്യത്തിന് രണ്ട് പേരും തുല്യരാണ് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ പേര് ചോദിച്ചപ്പോഴും തനിക്ക് തുല്യരാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
റൊമാരിയോ
ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീന്യോയെയും തനിക്ക് തുല്യനായാണ് റൊമാരിയോ പരിഗണിച്ചത്.
തന്നെക്കാള്‍ മികച്ചതായി രണ്ട് താരങ്ങളെ മാത്രമാണ് റൊമാരിയോ തെരഞ്ഞെടുത്തത്. ഇതിഹാസ താരങ്ങളായ പെലെയും മറഡോണയുമാണ് തന്നെക്കാള്‍ മികച്ചതെന്ന് റൊമാരിയോ പറഞ്ഞു.
ബ്രസീലിനായി 70 മത്സരത്തിലാണ് താരം ബൂട്ടുകെട്ടിയത്. 55 ഗോളുകളും വലയിലാക്കി. ബ്രസീലിനൊപ്പം 1994ല്‍ ലോകകപ്പും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ക്ലബ്ബ് തലത്തില്‍ ബാഴ്‌സലോണക്ക് വേണ്ടിയും ഡച്ച് ക്ലബ്ബായ പി.എസ്.വി ഐന്തോവാന് വേണ്ടിയുമാണ് താരം പന്ത് തട്ടിയത്. നിരവധി ഡച്ച് ലീഗ് കിരീടങ്ങളും ലാലിഗ കിരീടങ്ങളും റൊമാരിയോ സ്വന്തമാക്കി.
ക്ലബ്ബ് തലത്തില്‍ കളിച്ച 284 മത്സരത്തില്‍ നിന്നും 213 ഗോളുകളും 35 അസിസ്റ്റും താരം സ്വന്തമാക്കി.
Contenting Highlight: Brazil Legend Romario says Pele and Maradona are the only better players then him