ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. അടുത്തമാസം ഇക്വഡോറിനെതിരേയും പാരഗ്വയ്‌ക്കെതിരേയും നടക്കുന്ന മത്സരത്തിനുള്ള ടീമാണ് ബ്രസീലിന്റെ പുതിയ പരിശീലകനായ കാര്‍ലോ ആന്‍സലോട്ടിയടങ്ങുന്ന സംഘം പ്രഖ്യാപിച്ചത്. ബ്രസീലിന്റെ മുന്‍ നിര താരമായ നെയ്മര്‍ ജൂനിയറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കുമൂലം ഏറെ കാലം പുറത്തിരുന്ന താരം നിലവില്‍ തന്റെ മുന്‍ കാല ക്ലബ്ബായ സാന്റോസിന് വേണ്ടിയാണ് കളിക്കുന്നത്.
ബ്രസീലിന്റെ മധ്യനിര താരവും 2022 ലോകകപ്പിലെ ബ്രസീല്‍ ക്യാപ്റ്റനുമായ കാസെമിറോ ടീമില്‍ തിരിച്ചെത്തിയതാണ് ടീമിലെ പ്രധാന മാറ്റം. കഴിഞ്ഞ ഒരുവര്‍ഷമായി കാസെമിറോ ടീമിലില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ പരിക്ക് വലയ്ക്കുന്ന നെയ്മറിനെപ്പോലെ നിരവധി താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് ആന്‍സലോട്ടി വ്യക്തമാക്കിയിരുന്നു.
റയല്‍ മാഡ്രിഡ് എക്കാലത്തേയും വിജയകരമായ പരിശീലകനായിരുന്നു ആന്‍സലോട്ടി. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനാണ് അദ്ദേഹം. 7.6 കോടിക്കടുത്താണ് ഈ ഇറ്റാലിയന്‍ സൂപ്പര്‍ പരിശീലകന് ബ്രസീല്‍ പ്രതിമാസം നല്‍കുന്നത്. ജൂണ്‍ ആറിനാണ് എക്വഡോറുമായുള്ള ബ്രസീലിന്റെ മത്സരം. ജൂണ്‍ 11നാണ് പരാഗ്വയ്‌ക്കെതിരായ മത്സരം. ആന്‍സലോട്ടി മഞ്ഞക്കുപ്പായത്തില്‍ ബ്രസീലിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ വലിയ ആവേശത്തിലാണ് ആരാധകരും.