റിലീസ് ചെയ്ത് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഭ്രമയുഗം സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 2024ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായിരുന്നു. സിനിമയുടെ ടെക്‌നോളജികളെല്ലാം മാറിയ കാലഘട്ടത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുമായി വന്ന് എല്ലാവരെയും ഒരുപോലെ ഞെട്ടിക്കാന്‍ ഭ്രമയുഗത്തിന് സാധിച്ചു.

ഇപ്പോഴിതാ ഇന്നല നടന്ന ഫിലിംഫെയര്‍ അവാര്‍ഡിലും ഭ്രമയുഗം തന്നെയാണ് ചര്‍ച്ചയായത്. മികച്ച നടനായി മമ്മൂട്ടിയും സംവിധായകനായി രാഹുല്‍ സദാശിവനും തെരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടിയുടെ കരിയറിലെ 16ാമത് ഫിലിംഫെയര്‍ അവാര്‍ഡാണ് ഭ്രമയുഗത്തിലൂടെ നേടിയത്. ഫിലിംഫെയര്‍ അവാര്‍ഡില്‍ മാത്രമല്ല, സംസ്ഥാന അവാര്‍ഡിലും ഭ്രമയുഗം തന്നെയായിരുന്നു തിളങ്ങിയത്.

കരിയറിലെ ഏഴാമത്തെ സ്റ്റേറ്റ് അവാര്‍ഡ് ഭ്രമയുഗത്തിലൂടെ മമ്മൂട്ടി തന്റെ പേരിലാക്കിയിരുന്നു. മോഹന്‍ലാലിനെ മറികടന്നാണ് മമ്മൂട്ടി ഒന്നാമതെത്തിയത്. സ്‌റ്റേറ്റ് അവാര്‍ഡിലും ഫിലിംഫെയര്‍ അവാര്‍ഡിലും കൊടുമണ്‍ പോറ്റിയും ചാത്തനും തന്നെയാണ് തിളങ്ങിയത്. അടുത്ത കാലത്തൊന്നും ഒരു സിനിമയും ഇത്തരത്തില്‍ ചര്‍ച്ചയായിട്ടില്ലെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്.

രാഹുല്‍ സദാശിവന്‍ എന്ന ക്രാഫ്റ്റ്‌സ്മാന്റെ വിഷനും മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ പകരം വെക്കാനില്ലാത്ത പെര്‍ഫോമന്‍സും ചേര്‍ന്നപ്പോള്‍ ലഭിച്ച ടൈംലെസ്സ് ക്ലാസിക്കെന്ന് ഭ്രമയുഗത്തെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. തന്റെ സ്റ്റാര്‍ഡത്തിന് അപ്പുറം തന്നിലെ നടന് വേണ്ടി തെരഞ്ഞെടുക്കുന്ന ഇത്തരം കഥാപാത്രങ്ങള്‍ കരിയറിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

കൊടുമണ്‍ പോറ്റിയില്‍ നിന്ന് ചാത്തനിലേക്കുള്ള മമ്മൂട്ടിയുടെ പരകായപ്രവേശം കേരളത്തിന് പുറത്തുള്ളവരെയും ഞെട്ടിച്ചിരുന്നു. അനുരാഗ് കശ്യപ്, കാര്‍ത്തി, ധ്രുവ് വിക്രം, പാ. രഞ്ജിത് തുടങ്ങി പലരും മമ്മൂട്ടിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി. സ്റ്റേറ്റ് അവാര്‍ഡും ഫിലിംഫെയറും മാത്രമല്ല, ഈ വര്‍ഷം ഓസ്‌കര്‍ അക്കാദമിയുടെ മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ഓസ്‌കര്‍ അക്കാദമിയുടെ ‘വെന്‍ ഫോറസ്റ്റ് മീറ്റ് ദ സീ’ എന്ന വിഭാഗത്തിലാണ് ഭ്രമയുഗം പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ഒരുപാട് ഹൊറര്‍ സിനിമകള്‍ക്കൊപ്പം ഭ്രമയുഗവും പ്രദര്‍ശിപ്പിച്ചത് സിനിമാപ്രേമികള്‍ക്ക് അഭിമാനിക്കാനുള്ള വക സമ്മാനിച്ചു. ഈ വര്‍ഷം പ്രഖ്യാപിക്കുന്ന ദേശീയ അവാര്‍ഡിലും ഭ്രമയുഗം തിളങ്ങുമെന്നാണ് പലരും കരുതുന്നത്.

ഒരുപക്ഷേ, ദേശീയ അവാര്‍ഡില്‍ മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുത്താല്‍ അത് ചരിത്രമാകും. ഏറ്റവുമധികം തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുന്ന നടനായി മമ്മൂട്ടി മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഭ്രമയുഗം സ്വന്തമാക്കിയ നേട്ടങ്ങളെയും റീച്ചിനെയും ‘ചാത്തന്‍സേവ’യുടെ ഇഫക്ടെന്ന് പറഞ്ഞാലും അതിശയോക്തിയില്ല.

Content Highlight: Bramayugam movie discussing again after Filmfare Award win

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ