ബ്രാഹ്മണര്‍ ജന്മനാ ഉയര്‍ന്ന നിലയിലുള്ളവര്‍; വിവാദ പരാമര്‍ശവുമായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള
casteism
ബ്രാഹ്മണര്‍ ജന്മനാ ഉയര്‍ന്ന നിലയിലുള്ളവര്‍; വിവാദ പരാമര്‍ശവുമായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള
ന്യൂസ് ഡെസ്‌ക്
Tuesday, 10th September 2019, 10:06 pm

കോട്ട: മറ്റു സമുദായങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലുള്ള അര്‍പ്പണബോധവും ത്യാഗവും കൊണ്ടുതന്നെ ബ്രാഹ്മണര്‍ ജന്മംകൊണ്ട് ഉയര്‍ന്നവരാണെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഞായറാഴ്ച രാജസ്ഥാനിലെ കോട്ടയില്‍ വെച്ചു നടന്ന അഖില ബ്രാഹ്മണ മഹാസഭയുടെ ചടങ്ങില്‍ വെച്ചാണ് ബിര്‍ള ഇത്തരത്തില്‍ പ്രതികരിച്ചത്.

‘ബ്രാഹ്മണ സമുദായം എപ്പോഴും മറ്റു സമുദായങ്ങളെ നയിക്കുന്നതില്‍ കാര്യക്ഷമത കാണിക്കാറുണ്ട്. മാത്രമല്ല ഈ രാജ്യത്തെ നയിക്കുന്നതില്‍ പ്രധാന പങ്കും അവര്‍ വഹിച്ചിട്ടുണ്ട്. സമൂഹത്തില്‍ വിദ്യാഭ്യാസവും മൂല്യങ്ങളും വര്‍ധിക്കുന്നതിന് എപ്പോഴും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഇന്നും ഏതെങ്കിലുമൊരു ഗ്രാമത്തിലോ മറ്റോ ബ്രാഹ്മണര്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരുടെ അര്‍പ്പണ ബോധവും സേവന മനോഭാവവും കാരണം അവര്‍ക്കായിരിക്കും എപ്പോഴും അവിടെ ഉന്നത സ്ഥാനം. അതുകൊണ്ടു തന്നെ അവര്‍ ജന്മനാല്‍ ഉയര്‍ന്ന മൂല്യമുള്ളവരാണ്.’ ഓം ബിര്‍ള പറഞ്ഞു.

ബ്രാഹ്മണരെ അഭിനന്ദിച്ച് ബിര്‍ള ഞായറാഴ്ച ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുകള്‍ ഇട്ടിരുന്നു.

ഓം ബിര്‍ളയുടെ ട്വിറ്ററര്‍ പോസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ലോക്‌സഭാ സ്പീക്കര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പദവിയെങ്കിലും മാനിക്കേണ്ടിയിരിക്കുന്നു എന്നാണ് അഭിപ്രായമുയരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പീപിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് രാജസ്ഥാന്‍ അധ്യക്ഷയായ കവിത ശ്രീവാസ്തവ ബിര്‍ളയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. ബിര്‍ള തന്റെ വാക്കുകള്‍ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

‘ഒരു സമുദായത്തിന്റെ ഉന്നതിയെ ഉയര്‍ത്തിക്കാണിക്കുന്നതും, ഒരു സമുദായം മറ്റൊരു സമുദായത്തേക്കാള്‍ മുകളിലാണെന്ന് എന്നു പറയുന്നതും ഭരണഘടനയുടെ 14ാം വകുപ്പിനെതിരാണ്. ഇത് ഒരു തരത്തില്‍ മറ്റു ജാതികളേയും ജാതിവാദത്തെയും താഴ്ത്തിക്കെട്ടുന്നതാണ്.’ ശ്രീവാസ്തവ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പി.യു.സി.എല്‍ ഈ വിഷയത്തില്‍ ബിര്‍ളക്കെതിരെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പരാതി നല്‍കുമെന്നും കവിത ശ്രീവാസ്തവ അറിയിച്ചു.