'കാവി ബിക്കിനി ധരിച്ച ഹിന്ദു പെണ്‍കുട്ടിയെ' വശീകരിക്കാന്‍ ശ്രമിക്കുന്നു; പത്താനെതിരെ ബോയ്‌കോട്ട്
Film News
'കാവി ബിക്കിനി ധരിച്ച ഹിന്ദു പെണ്‍കുട്ടിയെ' വശീകരിക്കാന്‍ ശ്രമിക്കുന്നു; പത്താനെതിരെ ബോയ്‌കോട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th December 2022, 6:28 pm

ഷാരൂഖ് ഖാന്‍ കേന്ദ്രകഥാപാത്രമാവുന്ന പത്താന്‍ ചിത്രത്തിനെതിരെ ബോയ്‌കോട്ട് ആഹ്വാനം. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും അഭിനയിക്കുന്ന ചിത്രത്തിലെ ബേഷരം എന്ന പാട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രഹിന്ദുത്വ പ്രൊഫൈലുകളില്‍ നിന്നും ബോയ് കോട്ട് ആഹ്വാനങ്ങള്‍ വരുന്നത്.

പാട്ടിലൂടെയും സിനിമയിലൂടെയും ഇസ്‌ലാമെസേഷനാണ് പ്രചരിപ്പിക്കുന്നത് എന്നാണ് ട്വിറ്ററില്‍ തീവ്രഹിന്ദുത്വ പ്രൊഫൈലുകളില്‍ നിന്നും പ്രചരിക്കുന്നത്. ദീപികയുടെ വസ്ത്രധാരണത്തിനെതിരെയും ട്വിറ്ററില്‍ അധിക്ഷേപ കമന്റുകള്‍ പ്രവഹിക്കുന്നുണ്ട്.

പാകിസ്ഥാനില്‍ നിന്നുമുള്ള ആക്ടര്‍ ഐ.എസ്. ഏജന്റിന്റെ പേരില്‍ സിനിമ നിര്‍മിച്ച് ഇന്ത്യയില്‍ നിന്നും പണമുണ്ടാക്കുന്നു. ആ പണം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നു. അതുകൊണ്ട് പത്താന്‍ സിനിമയെ പിന്തുണക്കാതിരിക്കുക എന്നാണ് ഒരു ട്വീറ്റ്. കാവി ബിക്കിനി ധരിച്ച ഹിന്ദു പെണ്‍കുട്ടിയെ പത്താന്‍ വശീകരിക്കാന്‍ ശ്രമിക്കുന്നു. പരോക്ഷമായി പലതും പറഞ്ഞുവെക്കുകയാണെന്നാണ് മറ്റൊരു ട്വീറ്റ്.

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ പേരിലും ചിത്രത്തിനെതിരെ ബോയ്‌കോട്ട് ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സിനിമ കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുമായിരുന്നു. എന്നാല്‍ സുശാന്തിന്റെ മരണം മാറ്റിമറിച്ചു. ഹിന്ദു വിരുദ്ധ പ്രസ്താവനകളും ലഹരി കഥകളും അത് ഊട്ടിയുറപ്പിച്ചു എന്നാണ് മറ്റൊരു ട്വീറ്റ്.

ലാല്‍ സിങ് ഛദ്ദക്ക് കൊടുത്ത പാഠം പത്താനേയും പഠിപ്പിക്കണമെന്ന് പറയുന്നവരുമുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ഛദ്ദക്കെതിരെ വന്‍തോതില്‍ ബോയ് കോട്ട് ആഹ്വാനം ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ പരാജയപ്പെട്ട ചിത്രം വിദേശരാജ്യങ്ങളില്‍ മികച്ച അഭിപ്രായം നേടിയിരുന്നു.

അതേസമയം അഞ്ച് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് പത്താന്‍. കത്രീന കൈഫും അനുഷ്‌ക ശര്‍മയും അഭിനയിച്ച സീറോ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്.

ജനുവരി 25നാണ് പത്താന്‍ ചിത്രത്തിന്റെ റിലീസ്. അറ്റ്‌ലിയുടെ ജവാന്‍, രാജ്കുമാര്‍ ഹിരാനിയുടെ ഡങ്കി എന്നിവയാണ് ഷാരൂഖിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

Content Highlight: boycott pathaan hashtag circulating on twitter