മുഹമ്മദലി ആശുപത്രി വിട്ടു, പൂര്‍ണ ആരോഗ്യവാനാണെന്ന് വക്താവ്
Daily News
മുഹമ്മദലി ആശുപത്രി വിട്ടു, പൂര്‍ണ ആരോഗ്യവാനാണെന്ന് വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th January 2015, 9:43 am

muhhammadali ന്യൂയോര്‍ക്ക്: ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജു ചെയ്തു. മൂത്രാശയത്തിലെ അണുബാധ കാരണം ചികിത്സയിലായിരുന്നു. രണ്ടാഴ്ചയിലധികമായി ആശുപത്രിയിലായിരുന്നു.

ന്യൂമോണിയ ആണെന്ന സംശയത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ മൂത്രാശയത്തിനുണ്ടായ ഗുരുതരമായ അണുബാധയാണ് രോഗമെന്ന് ഡോക്ടര്‍മാര്‍ പിന്നീടു തിരിച്ചറിഞ്ഞു.

മുഹമ്മദലി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് അദ്ദേഹത്തിന്റെ വക്താവ് ബോബ് ഗണ്ണല്‍ അറിയിച്ചു. ജനുവരി 17ന് വരാനിരിക്കുന്ന 73 ജന്മദിനം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കാന്‍ പദ്ധതിയിടുകയാണ് അദ്ദേഹമെന്നും ഗണ്ണല്‍ വ്യക്തമാക്കി.

ചികിത്സയിലായിരുന്ന സമയത്ത് അലിക്കും കുടുംബത്തിനും ആരാധകര്‍ നല്‍കിയ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. അലിയെ ചികിത്സിച്ച് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

1981 ല്‍ ബോക്‌സിങ്ങില്‍ നിന്നു വിരമിച്ച് മൂന്നു വര്‍ഷം കഴിഞ്ഞശേഷം അലിക്ക് പാര്‍ക്കിന്‍സണ്‍ രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നു തവണ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ലോക ചാമ്പ്യനായിരുന്നു മുഹമ്മദലി.