ആകെ തോറ്റത് പത്ത് തവണ, ഒടുവില്‍ തോല്‍പ്പിച്ചവര്‍ ഇന്ത്യ; ഈ വര്‍ഷത്തെ ഏറ്റവും പ്രധാന മത്സരത്തിന് ടീം പ്രഖ്യാപിച്ച് കങ്കാരുക്കള്‍
Sports News
ആകെ തോറ്റത് പത്ത് തവണ, ഒടുവില്‍ തോല്‍പ്പിച്ചവര്‍ ഇന്ത്യ; ഈ വര്‍ഷത്തെ ഏറ്റവും പ്രധാന മത്സരത്തിന് ടീം പ്രഖ്യാപിച്ച് കങ്കാരുക്കള്‍
ആദര്‍ശ് എം.കെ.
Tuesday, 23rd December 2025, 7:46 pm

 

ഡിസംബര്‍ 26ന് നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. സ്റ്റീവ് സ്മിത് ക്യാപ്റ്റനായി മടങ്ങിയെത്തി. സ്റ്റാര്‍ സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ അഭാവത്തിലാണ് ഓസ്‌ട്രേലിയ വിശ്വപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആഷസ് പരമ്പരയിലെ നാലാം മത്സരത്തിനിറങ്ങുന്നത്.

ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്

സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ബ്രെണ്ടന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലീസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, ടോഡ് മര്‍ഫി, മൈക്കല്‍ നെസര്‍, ജെയ് റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്, ജേക് വെതറാള്‍ഡ്, ബ്യൂ വെബ്‌സ്റ്റര്‍.

ഓസ്‌ട്രേലിയ

വര്‍ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായാണ് പാറ്റ് കമ്മിന്‍സിന് വിശ്രമം അനുവദിച്ചത്. ഹാംസ്ട്രിങ് ഇന്‍ജുറിയാണ് നഥാന്‍ ലിയോണിനെ പിന്നോട്ട് വലിച്ചത്.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും ചിര വൈരികളായ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ട ഓസ്‌ട്രേലിയ ബോക്‌സിങ് ഡേയിലും ഗംഭീര വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സംസ്‌കാരത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ബോക്‌സിങ് ഡേ ടെസ്റ്റുകള്‍. ഡിസംബറില്‍ ലോകമെമ്പാടുമുള്ളവര്‍ ക്രിസ്മസിന് വേണ്ടി കാത്തിരിക്കുമ്പോള്‍, ക്രിസ്തുമസ് രാവിന്റെ പിറ്റേ ദിവസമുള്ള ബോക്‌സിങ് ഡേ ടെസ്റ്റിന് വേണ്ടിയാണ് ഓരോ ഓസ്‌ട്രേലിയക്കാരും കാത്തിരിക്കുന്നത്. അത് അവരുടെ ആത്മാവില്‍ ലയിച്ചുചേര്‍ന്ന ഒന്നാണ്.

1986ലാണ് ഓസ്‌ട്രേലിയ ആദ്യമായി ഡിസംബര്‍ 26ന് ബോക്‌സിങ് ഡേ ടെസ്റ്റ് കളിച്ചത്. വെസ്റ്റ് ഇന്‍ഡീസായിരുന്നു എതിരാളികള്‍. മത്സരത്തിന് ഇന്നിങ്‌സിനും 30 റണ്‍സിനും ആതിഥേയര്‍ വിജയിച്ചു.

അന്നുതൊട്ടിന്നോളം 44 ബോക്‌സിങ് ഡേ ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. ഇതില്‍ 27ലും ഓസ്‌ട്രേലിയ വിജയിച്ചപ്പോള്‍ ഒമ്പത് മത്സരം സമനിലയിലും അവസാനിച്ചു. എട്ട് മത്സരത്തിലാണ് ടീം പരാജയപ്പെട്ടത്.

ചിരവൈരികളായ ഇംഗ്ലണ്ടാണ് ഏറ്റവുമധികം തവണ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിനെ പരാജയപ്പെടുത്തിയത്. നാല് തവണ. 1982, 1986, 1998, 2010 വര്‍ഷങ്ങളിലാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ പരാജയപ്പെടുത്തിയത്.

ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം ബോക്‌സിങ് ഡേ ടെസ്റ്റ് വിജയിച്ച ഇംഗ്ലണ്ട് തന്നെയാണ് കങ്കാരുക്കളോട് ഏറ്റവുമധികം തവണ പരാജയപ്പെട്ടത്. അഞ്ച് തവണയാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ മെല്‍ബണില്‍ പരാജയപ്പെടുത്തിയത്.

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും സൗത്ത് ആഫ്രിക്കയും രണ്ട് തവണ വീതവും ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയം സ്വന്തമാക്കി.

ബോക്‌സിങ് ഡേ ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ചിന് സമ്മാനിക്കുന്ന മുല്ലാഗ് മെഡല്‍

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയ

ആകെ മത്സരം – 44

വിജയം – 27

സമനില – 9

തോല്‍വി – 8

വിജയശതമാനം – 61.36

ഓരോ ടീമിനെതിരെയുമുള്ള പ്രകടനങ്ങള്‍

(എതിരാളികള്‍ – മത്സരം – വിജയം – സമനില – തോല്‍വി – വിജയശതമാനം എന്നീ ക്രമത്തില്‍)

ഇംഗ്ലണ്ട് – 11 – 5 – 2 – 4 – 45.45%

ഇന്ത്യ – 10 – 6 – 2 – 2 – 60%

ന്യൂസിലാന്‍ഡ് – 3 – 1 – 2 – 0 – 33.33%

പാകിസ്ഥാന്‍ – 5 – 4 – 1 – 0 – 80.00%

സൗത്ത് ആഫ്രിക്ക – 6 – 3 – 2 – 1 – 50.00%

ശ്രീലങ്ക – 2 – 2 – 0 – 0 – 100.00%

വെസ്റ്റ് ഇന്‍ഡീസ് – 7 – 6 – 0 – 1 – 85.17%

2020ലാണ് ഓസ്‌ട്രേലിയ അവസാനമായി ബോക്‌സിങ് ഡേ ടെസ്റ്റില്‍ പരാജയപ്പെടുന്നത്. ഇന്ത്യയോടായിരുന്നു തോല്‍വി. 2021ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയ അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ യഥാക്രമം സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍, ഇന്ത്യ എന്നിവരെ പരാജയപ്പെടുത്തി.

 

Content Highlight: Boxing Day Test 2025

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.