മറ്റൊരു സിനിമാ മേഖലയ്ക്കും അവകാശപ്പെടാനില്ലാത്ത വിധത്തില്‍ മലയാള സിനിമയ്ക്കുള്ള രണ്ട് കാരണവന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ലോകസിനിമയ്ക്ക് മുമ്പില്‍ മലയാള സിനിമയുടെ ഖ്യാതി വാനോളം ഉയര്‍ത്താന്‍ സഹായിച്ച ഇരുവരും അഞ്ചുപതിറ്റാണ്ടോളമായി മലയാള സിനിമയുടെ അമരത്തുണ്ട്. അഭിനയപ്രാധാന്യമുള്ള ചിത്രങ്ങള്‍ ചെയ്യുന്നതിലും ബോക്‌സ് ഓഫീസില്‍ കരുത്ത് തെളിയിക്കുന്നതിലും ഇരുവരെയും കടത്തിവെട്ടാന്‍ നിലവില്‍ മലയാളത്തില്‍ ഒരു യുവതാരത്തിനും സാധിക്കില്ലെന്നും വ്യക്തമാണ്.
കളങ്കാവല്‍, പുഴു, ഭ്രമയുഗം, കാതല്‍ തുടങ്ങിയ ചിത്രങ്ങളുമായി മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിക്കുമ്പോള്‍ എമ്പുരാന്‍, തുടരും, ദൃശ്യം 3 തുടങ്ങി 200 കോടി ചിത്രങ്ങള്‍ സമ്മാനിച്ചുകൊണ്ട് മോഹന്‍ലാലും രംഗത്തുണ്ട്. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ തിയേറ്ററുകളിലെത്തിയ ദൃശ്യം 3 വന്‍ വിജയം നേടി തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ സ്വന്തമാക്കിയ കളക്ഷന്‍ കണക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
എന്നാല്‍ ഇതിലെ കൗതുകമെന്തെന്നാല്‍ ആഗോളതലത്തില്‍ മമ്മൂട്ടി ചിത്രങ്ങള്‍ സ്വന്തമാക്കിയ കളക്ഷന്‍ കേരള ബോക്‌സ് ഓഫീസിലെ കളക്ഷന്‍ കൊണ്ട് മാത്രം ലാലേട്ടന്‍ ചിത്രം സ്വന്തമാക്കി എന്നതിലാണ്. 85 കോടിയിലധികം നേടി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വത്തിന്റെ കളക്ഷന്‍ റെക്കോഡ് ദൃശ്യം 3 കേരളത്തില്‍ നിന്നും സ്വന്തമാക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദൃശ്യം 3 കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം 85 കോടി നേടിയപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം 240 കോടിയോളം സ്വന്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ മികച്ച കേരള ബോക്‌സ് ഓഫീസ് കളക്ഷനല്ല ചിത്രത്തിനുളളതെന്ന് മനസിലാകുമ്പോഴാണ് താരത്തിന്റെ ചിത്രങ്ങളുടെ പൊട്ടന്‍ഷ്യല്‍ വെളിവാകുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എമ്പുരാന്‍ 86 കോടിയും ( ആഗോളതലത്തില്‍ 266 കോടി) അതേവര്‍ഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തുടരും 118 കോടിയും നേടി (ആഗോളതലത്തില്‍ 234കോടി) ലിസ്റ്റില്‍ മുന്‍പന്തിയിലുണ്ട്.
ഇതിനോടകം പല താരങ്ങളും മലയാളത്തില്‍ പിന്നിട്ട നൂറ് കോടി എന്ന മാര്‍ക്ക് ഒരു മമ്മൂട്ടി ചിത്രത്തിന് പിന്നിടാന്‍ സാധിച്ചിട്ടില്ലെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഈ നേട്ടത്തിലെത്തുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ പേട്രിയറ്റിന് 79 കോടി മാത്രമാണ് നേടാനായത്.
Content Highlight: Box Office collection report of Mohanlal and Mammootty Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.