ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ പരാജയങ്ങളുടെ ലിസ്റ്റിലേക്ക് കുതിക്കുകയാണ് യഷ് നായകനായ ടോക്‌സിക്. കെ.ജി.എഫ് 2 കഴിഞ്ഞ് മൂന്ന് വര്‍ഷത്തോളം സമയമെടുത്ത് ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണിരിക്കുകയാണ്. ആദ്യ ടീസര്‍ പുറത്തുവന്നപ്പോള്‍ തന്നെ അട്ടര്‍ ഫ്‌ളോപ്പാകുമെന്ന് വിധിയെഴുതിയ പ്രേക്ഷകര്‍ക്ക് തെറ്റിയില്ല.

പല തവണ റിലീസ് തിയതി മാറ്റിയ ശേഷമാണ് ടോക്‌സിക് പ്രേക്ഷകരിലേക്കെത്തിയത്. 2025ല്‍ എത്തുമെന്നറിയിച്ച ചിത്രം ഷൂട്ട് പൂര്‍ത്തിയാക്കാത്തതിനാല്‍ റിലീസ് നീട്ടിവെച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 19ന് റിലീസ് ചെയ്യുമെന്ന് പിന്നീട് അറിയിക്കുകയും ചെയ്തു. ബോളിവുഡ് ചിത്രം ധുരന്ധര്‍ 2വും ഇതേദിവസം റിലീസ് പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ വീണ്ടും മാറി.

ഗള്‍ഫ് മേഖലയിലെ യുദ്ധം ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന് പറഞ്ഞ് അവസാനനിമിഷം ടോക്‌സിക് റിലീസ് വീണ്ടും മാറ്റിവെച്ചു. ജൂണില്‍ റിലീസ് ചെയ്‌തേക്കുമെന്ന് അറിയിച്ചെങ്കിലും ഓഗസ്റ്റിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മാര്‍ച്ച് 19ന് റിലീസ് ചെയ്തിരുന്നെങ്കില്‍ ധുരന്ധര്‍ 2 ടോക്‌സിക്കിനെ ബോക്‌സ് ഓഫീസില്‍ ചതച്ചരച്ചേനെയെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രണ്ട് സിനിമകളുടെയും ആദ്യ വീക്കെന്‍ഡിലെ കളക്ഷന്‍ ഇതിനെ ശരിവെക്കുന്നുമുണ്ട്. 267 കോടിയാണ് ടോക്‌സിക് ആദ്യ വീക്കെന്‍ഡില്‍ നേടിയത്. ആദ്യദിനം 100 കോടിയിലേറെ നേടിയ ചിത്രം പിന്നീടുള്ള മൂന്ന് ദിവസം കൊണ്ട് നേടിയത് വെറും 160 കോടിയാണ്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രധാന സെന്ററുകളില്‍ നിന്ന് ടോക്‌സിക് വാഷൗട്ടാവുകയും ചെയ്തു.

അതേസമയം ധുരന്ധറാകട്ടെ, റെക്കോഡ് ഓപ്പണിങ്ങാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ആദ്യദിനം 102 കോടിയിലേറെ നേടിയ ചിത്രം വീക്കെന്‍ഡ് അവസാനിച്ചപ്പോള്‍ 580 കോടിയിലേറെയായിരുന്നു നേടിയത്. ആദ്യഭാഗത്തോടൊപ്പം ഷൂട്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഫൈനല്‍ കളക്ഷന്‍ 1800 കോടിക്ക് മുകളിലാണ്.

ടോക്‌സിക്കാകട്ടെ, ബ്രേക്ക് ഇവന്‍ പോയിട്ട് ബജറ്റ് തിരിച്ചുപിടിക്കുമോ എന്ന് പോലും സംശയമാണ്. 600 കോടിയോളം ചെലവഴിച്ചാണ് ടോക്‌സിക് ഒരുക്കിയത്. സമീപകാലത്ത് നിര്‍മാതാവിന് ഏറ്റവും നഷ്ടമുണ്ടാക്കിയ ചിത്രമായി ടോക്‌സിക് മാറുമെന്നാണ് കണക്കുകൂട്ടല്‍. ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് തൊട്ട് പിന്നാലെ ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്റര്‍ സമ്മാനിച്ച ആദ്യ നടനായി യഷ് മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Box Office analysts comparing first weekend collection of Dhurandhar 2 and Toxic