ന്യൂദല്‍ഹി: പാകിസ്ഥാനിലെ സിന്ധ് പ്രദേശത്തില്‍ അവകാശം ഉന്നയിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സിന്ധ് എന്നും ഇന്ത്യയുടെ ഭാഗമാണെന്നും സിന്ധു നദിയെ പവിത്രമായി കാണുന്ന ആ പ്രദേശത്തെ ജനങ്ങള്‍ എന്നും ഇന്ത്യയുടെയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പ്രതിരോധമന്ത്രിയുടെ അവകാശ വാദം.
എല്‍.കെ. അദ്വാനിയുടെ തലമുറയിലുള്ള സിന്ധി ഹിന്ദുക്കള്‍ സിന്ധിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുന്നതിനെ അംഗീകരിച്ചിരുന്നില്ല. അക്കാര്യം അദ്ദേഹം ഒരു പുസ്തകരത്തില്‍ പറഞ്ഞിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
സിന്ധ് എന്നും നാഗരികമായി ഇന്ത്യയുടെ ഭാഗമാണ്. അതിര്‍ത്തികള്‍ മാറിയേക്കാമെന്നും വരും നാളില്‍ സിന്ധ് ഇന്ത്യയിലേക്ക് മടങ്ങിയേക്കാമെന്നും അദ്ദേഹം സിന്ധി സമൂഹത്തിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
സിന്ധ് എന്ന വാക്ക് ഇന്ത്യയുടെ ദേശീയഗാനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് എക്കാലവും ഈ പ്രദേശം ഇന്ത്യയുടെ ഭാഗമായി തന്നെ തുടരുമെന്നും അദ്ദേഹം തുടര്‍ന്നു.
‘ഇന്ന് സിന്ധ് ഇന്ത്യയുടെ ഭാഗമല്ല. എന്നാല്‍ നാഗരികതയില്‍ സിന്ധ് എക്കാലവും ഇന്ത്യയുടെ ഭാഗമായിരിക്കും.
ഭൂമിയെ സംബന്ധിച്ചിടത്തോളം അതിര്‍ത്തികള്‍ മാറിയേക്കാം. ആര്‍ക്കറിയാം, നാളെ ഒരിക്കല്‍ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയേക്കാം.
സിന്ധു നദിയെ പവിത്രമായി കാണുന്ന സിന്ധി ജനങ്ങള്‍ എന്നും നമ്മുടേതായിരിക്കും. അവരെവിടെയാണെങ്കിലും അതിന് മാറ്റമില്ല,’ രാജ്‌നാഥ് സിങ് പറഞ്ഞു.
സിന്ധില്‍ മാത്രമല്ല, ഇന്ത്യയിലെ ഹിന്ദുക്കള്‍ മുഴുവന്‍ സിന്ധു നദിയെ പവിത്രമായി കരുതുന്നു. ഹിന്ദുക്കള്‍ മാത്രമല്ല, സിന്ധിലെ മുസ്‌ലിങ്ങളും സിന്ധുവിലെ ജലം മക്കയിലെ സംസത്തെ പോലെ പവിത്രമെന്ന് കരുതിയിരുന്നു. എല്‍.കെ. അദ്വാനിയാണ് ഇക്കാര്യം പറഞ്ഞതെന്നും രാജ്‌നാഥ് സിങ് വിശദീകരിച്ചു.
പാകിസ്ഥാന്‍ അധിനിവേശ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. പാക് അധിനിവേശത്തില്‍ നിന്നും അവിടുത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ആവശ്യവുമാണ്. വരും കാലത്ത് ഈ പ്രദേശവും ജനങ്ങളും ഇന്ത്യയില്‍ ലയിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
സെപ്റ്റംബര്‍ 22ന് മൊറോക്കോയിലെ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ സംവാദത്തിലും ഇന്ത്യ, പാക് അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ആക്രമണം നടത്താതെ തന്നെ നടപടി പൂര്‍ത്തിയാക്കുമെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ വാദം.
Content Highlight: Borders will change; Sindh may return to India; Sindhi people will always be Indians: Rajnath Singh