ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്റുമായ സുനില്‍ ഗവാസ്‌കര്‍. രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ തിരിച്ചെത്തുന്നതോടെ ടീമില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചാണ് ഗവാസ്‌കര്‍ സംസാരിച്ചിരിക്കുന്നത്.
രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ടീമിന്റെ ഭാഗമാകണമെന്ന് നിര്‍ദേശിച്ച ഗവാസ്‌കര്‍ ബാറ്റിങ് ഓര്‍ഡറിലും മാറ്റം വരുത്തിയിട്ടുണ്ട്. ഓപ്പണിങ്ങില്‍ കളത്തിലിറങ്ങിയ കെ.എല്‍. രാഹുല്‍ ആറാം നമ്പറില്‍ കളിക്കണമെന്നും ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നുമാണ് ഗവാസ്‌കര്‍ പറയുന്നത്.
രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും അഭാവത്തിലും ആദ്യ മത്സരത്തില്‍ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആദ്യ ടെസ്റ്റ് കളിക്കേണ്ടതില്ല എന്ന് തീരുമാനിച്ചപ്പോള്‍ പ്രാക്ടീസ് സെഷനിടെ പരിക്കേറ്റതാണ് ഗില്ലിന് തിരിച്ചടിയായത്.
എന്നാല്‍ രോഹിത്തിന് പകരം ക്യാപ്റ്റന്‍സിയേറ്റെടുത്ത ജസ്പ്രീത് ബുംറ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ എവേ വിജയത്തിലേക്കാണ് നയിച്ചത്. 295 റണ്‍സിനാണ് ഇന്ത്യ ആദ്യ ടെസ്റ്റ് വിജയിച്ചുകയറിയത്. ഇതോടെ പെര്‍ത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് തോല്‍വിയും കുറിക്കപ്പെട്ടു.
അതേസമയം, രണ്ടാം ടെസ്റ്റില്‍ ശുഭ്മന്‍ ഗില്‍ ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ആരോഗ്യം വീണ്ടെടുക്കുന്ന ഗില്‍ രണ്ടാം ടെസ്റ്റിന് മുമ്പ് ഫിറ്റാകാന്‍ സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും താരം കളത്തിലിറങ്ങുമോ എന്ന് ഉറപ്പില്ല.
അഡ്ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരെ സന്നാഹ മത്സരം കളിക്കും. മനൂക ഓവലിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പിങ്ക് ബോളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ മറികടക്കാന്‍ ഈ മത്സരം ടീമിനെ സഹായിച്ചേക്കും.
ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് രണ്ടാം ടെസ്റ്റ്.
ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ തിരിച്ചുവരാനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. അതേസമയം, രണ്ടാം മത്സരത്തിലും വിജയിച്ച് ആതിഥേയരെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിടാനാകും ഇന്ത്യയുടെ ശ്രമം.