ബോളിവുഡ് സിനിമാപ്രേമികളുടെ ഇടയില്‍ ഏറ്റവും ഹൈപ്പുള്ള ചിത്രമായാണ് ബോര്‍ഡര്‍ 2വിനെ കണക്കാക്കുന്നത്. 199ല്‍ പുറത്തിറങ്ങിയ ബോര്‍ഡറിന്റെ സീക്വലാണ് ഈ ചിത്രം. അനൗണ്‍സ്‌മെന്റ് മുതല്‍ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ നല്ല ഹൈപ്പായിരുന്നു ലഭിച്ചത്. ആദ്യഭാഗത്തിലെ കാസ്റ്റില്‍ നിന്ന് വലിയ മാറ്റമാണ് രണ്ടാം ഭാഗത്തില്‍.
സണ്ണി ഡിയോള്‍ മാത്രമാണ് രണ്ടാം ഭാഗത്തിലുള്ളത്. വരുണ്‍ ധവാന്‍, ദില്‍ജിത് ദൊസാഞ്ചെ, അഹാന്‍ ഷെട്ടി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കഴിഞ്ഞദിവസം ദില്‍ജിത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഫൈറ്റര്‍ ജെറ്റ് പൈലറ്റിന്റെ വേഷത്തിലാണ് ദില്‍ജിത് ബോര്‍ഡര്‍ 2വില്‍ വേഷമിടുന്നത്.
Diljit Dosanje Photo: Taran Adarsh/ X.com
എന്നാല്‍ പോസ്റ്ററിന് വലിയ ട്രോളാണ് ലഭിക്കുന്നത്. മാസ്‌ക് ധരിക്കാതെ ഫൈറ്റര്‍ ജെറ്റിനകത്ത് ഇരിക്കുന്നതിനെ ട്രോളിക്കൊണ്ട് നിരവധി പോസ്റ്റുകളും കമന്റുകളും വരുന്നുണ്ട്. വിജയ്‌യുടെ കരിയറില്‍ വലിയ ട്രോള്‍ മെറ്റീരിയലായ ബീസ്റ്റുമായി താരതമ്യം ചെയ്തുകൊണ്ടാണ് പല ട്രോളുകളും. ബീസ്റ്റിലും സമാനമായ രംഗമുണ്ടായിരുന്നു.
ക്ലൈമാക്‌സില്‍ വില്ലനെ പിടിച്ച ശേഷം മാസ്‌ക് ധരിക്കാതെ ഫൈറ്റര്‍ ജെറ്റ് പറത്തുന്ന വിജയ്‌യുടെ സീന്‍ ഇന്നും പല ട്രോള്‍ പേജുകളുടെയും ഇരയാണ്. ഇതുമായി ചേര്‍ത്തുവെച്ചാണ് പലരും ദില്‍ജിത്തിനെ ട്രോളുന്നത്. ‘വീരരാഘവന്റെ ശിഷ്യനാണെന്ന് തോന്നുന്നു, ഇവനും മാസ്‌ക് വേണ്ട’, ‘മാസ് കാണിക്കാന്‍ ശ്രമിച്ച് കോമഡിയായിട്ടുണ്ട്,’ എന്നിങ്ങനെയാണ് കമന്റുകള്‍.
Beast Photo: IMDB
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ദില്‍ജിത്തും തമ്മിലുള്ള സാമ്യത വെച്ചും ട്രോളുകളുണ്ട്. ‘അഞ്ച് വിക്കറ്റെടുത്ത ജഡ്ഡു ഫൈറ്റര്‍ ജെറ്റില്‍ ഇരുന്ന് സെലിബ്രേറ്റ് ചെയ്യുന്നു’, ‘ജഡ്ഡു ഭായ്ക്ക് ഇപ്പോള്‍ മാച്ചൊന്നും ഇല്ലേ’ എന്നിങ്ങനെ പല കമന്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ബോളിവുഡിന്റെ ദേശസ്‌നേഹ സിനിമകളും ട്രോളിന് ഇരയായിട്ടുണ്ട്.
ഈ വര്‍ഷം ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞു വന്ന വാര്‍ 2 അങ്ങേയറ്റം ടോര്‍ച്ചറായിരുന്നെന്നും ബോര്‍ഡര്‍ 2വും അത്തരത്തിലാകാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ബോളിവുഡിന് കണ്ടന്റുകള്‍ക്ക് ക്ഷാമമുള്ളതുകൊണ്ടാണ് ഓരോ തരത്തിലുള്ള സിനിമകള്‍ പുറത്തിറങ്ങുന്നതെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്.
ജനുവരി 26നാണ് ബോര്‍ഡര്‍ 2 തിയേറ്ററുകളിലെത്തുക. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ഗദ്ദര്‍ 2വിന് ശേഷം സണ്ണി ഡിയോള്‍ നായകനാകുന്ന സീക്വല്‍ എന്നതാണ് ബോര്‍ഡര്‍ 2വിന്റെ പ്രത്യേകതകളിലൊന്ന്. സണ്ണി ഡിയോള്‍ നായകനായ ജാട്ട് ബോക്‌സ് ഓഫീസില്‍ പരാജയമായി മാറിയിരുന്നു. ബോര്‍ഡര്‍ 2 താരത്തിന്റെ തിരിച്ചുവരവാകുമെന്നാണ് കരുതുന്നത്.