സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റെണി അല്‍ബനീസ് ജൂതവിരുദ്ധത വളര്‍ത്തുന്നതിന്റെ ഫലമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
സിഡ്‌നിയില്‍ ഞായറാഴ്ച്ച നടന്ന വെടിപ്പിനെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അതിക്രൂരമായ നരഹത്യ’ യെന്നായിരുന്നു വെടിവെപ്പിനെ നെതന്യാഹു വിശേഷിപ്പിച്ചത്.
ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള രാജ്യത്തിന്റെ പിന്തുണ ജുതവിരുദ്ധതയ്ക്ക് ആക്കം കൂട്ടുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ കത്തയച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
‘ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള നിങ്ങളുടെ ആഹ്വാനം ജൂതവിരുദ്ധതയെ ആളിക്കത്തിക്കുന്നു, ഇത് ഹമാസ് ഭീകരര്‍ക്ക് സഹാകമാവുകയും ചെയ്യുന്നു. ഇതാണ് നിങ്ങളുടെ തെരുവുകളില്‍ അരങ്ങേറുന്ന ജൂത വിരുദ്ധതയ്ക്കും അക്രമണങ്ങള്‍ക്കും കാരണം ,’ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ നെതന്യാഹു പറഞ്ഞു.
എന്നാല്‍ രാജ്യത്തിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ വിളിച്ചുച്ചേര്‍ത്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അക്രമണത്തെ അപലപിച്ചു. അക്രമം മനസ്സിലാക്കാവുന്നതിലും അപ്പുറമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സെപ്റ്റംബറില്‍ നടന്ന യു.എന്‍. അസംബ്ലിയില്‍ ഓസ്‌ട്രേലിയ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിരുന്നു. ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്. ഓഗസ്റ്റ് 11 നു തന്നെ പ്രധാനമന്ത്രി ആന്റെണി അല്‍ബനീസ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയിറക്കിയിരുന്നു.