ഭീമ കൊറേഗാവ്; ഗൗതം നവ്‌ലഖയെ നവംബര്‍ 1 വരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും വിലക്കി ബോംബെ ഹൈക്കോടതി
Activists arrested
ഭീമ കൊറേഗാവ്; ഗൗതം നവ്‌ലഖയെ നവംബര്‍ 1 വരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും വിലക്കി ബോംബെ ഹൈക്കോടതി
ന്യൂസ് ഡെസ്‌ക്
Friday, 26th October 2018, 9:13 pm

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖയെ നവംബര്‍ ഒന്നു വരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ബോംബെ ഹൈക്കോടതി വിലക്കി. എന്നാല്‍ ഇതേ കേസില്‍ കുറ്റാരോപിതനായ ആനന്ദ് തെല്‍തുംഡെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജസ്റ്റിസ് രജ്ഞിത്ത് മോറും ഭാരതി ഡാഗ്രെയും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ നിഷേധിച്ചത്.

“കുറ്റാരോപിതര്‍ ദശാബ്ദങ്ങളായി പൊതു താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രഫസറും ബുദ്ധിജീവിയുമാണ്”, നാവ്ലകയെയും തെല്‍തുംഡയയേയും പരാമര്‍ശിച്ച് അവരുടെ വക്കീല്‍ യുഗ് ചൗധരി കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രതികള്‍ക്കെതിരെ എല്ലാ തെളിവുകളും പൊലീസിന്റെ കൈയിലുണ്ടെന്ന് സര്‍ക്കാറിനെ പ്രതിനിധീകരിച്ചു കൊണ്ട് വക്കീല്‍ അരുണ്‍ പൈ പറഞ്ഞു.

അതേസമയം കേസിലെ മറ്റു പ്രതികളായ വെര്‍ണന്‍ ഗോണ്‍സാല്‍വസിനെയും അരുണ്‍ ഫെറേറിയെയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പൂനെ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

ALSO READ: ശ്രീലങ്കയില്‍ ഭരണ അട്ടിമറി; രജ്പക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഫെറേറ, ഗോണ്‍സാല്‍വസ്, സുധ ഭര്ദ്വാജ്, വരവരറാവു, ഗൗതം നാവ്ലക തുടങ്ങിയ സാംസ്‌കാരിക ബൗദ്ധിക മേഖലയിലെ പ്രമുഖരെ ഭീമ കൊറേഗാവ് കേസില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കോടതി ഇടപെട്ട് ഇവരെ വീട്ടുതടങ്കലില്‍ വിടുകയായിരുന്നു. വരവര റാവിന്റെ വീട്ടുതടങ്കല്‍ നവംബര്‍ ഒന്നു വരെ നീട്ടിക്കൊണ്ട് ഹൈദരാബാദ് കോടതി വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) യുടെ ആഭിമുഖ്യത്തില്‍ ഭീമ കൊറേഗാവില്‍ വലിയ തോതിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടു എന്നാണ് പ്രതികള്‍ക്കെതിരെ പൊലീസിന്റെ ആരോപണം.

WATCH THIS VIDEO: