മുംബൈ: മലബാര്‍ ഗോള്‍ഡ് പാകിസ്ഥാന്‍ അനുകൂലികളാണെന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയുടെ ഉടമയായ മെറ്റയ്ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് സന്ദീപ് വി മാര്‍ണെയുടേതാണ് ഉത്തരവ്.
മലബാര്‍ ഗോള്‍ഡ് സമര്‍പ്പിച്ച 442 URL-കള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി. ലണ്ടന്‍ ഔട്ട്‌ലെറ്റിന്റെ പരസ്യത്തിനായി പാക് ഇന്‍ഫ്‌ലുവന്‍സറെ സമീപിച്ചതിനെ തുടര്‍ന്നാണ് മലബാര്‍ ഗോള്‍ഡിനെതിരെ വിദ്വേഷ പ്രചരണം ഉണ്ടായത്.
നിലവിലുള്ള 442 URL കളും പിന്‍വലിക്കണം, മലബാര്‍ ഗോള്‍ഡിനെതിരായ അപകീര്‍ത്തി പ്രചാരണം അനുവദിക്കരുത്, പ്രചരണം തുടരുകയാണെങ്കില്‍ തെളിവുസഹിതം കോടതിയെ സമീപിക്കാം തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതിയുടെ ഇടക്കാല ഉത്തരവിലുള്ളത്. കേസ് നവംബര്‍ 11ന് വീണ്ടും പരിഗണിക്കും.
യു.കെയിലെ ബെർമിങ്ഹാമില്‍ മലബാര്‍ ഗോള്‍ഡിന്റെ പുതിയ ബ്രാഞ്ച് തുറക്കാന്‍ സ്ഥാപനം പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ വംശജയായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അലിഷ്ബ ഖാലിദിനെയാണ് മലബാര്‍ ഗോള്‍ഡ് സമീപിച്ചത്.
അതേസമയം അലിഷ്ബ ഖാലിദിന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് മലബാര്‍ ഗോള്‍ഡിന്റെ ഭാഗം. കൂടാതെ ഇന്ത്യക്കെതിരെ നിലപാടെടുത്തതിന് പിന്നാലെ പാക് ഇന്‍ഫ്‌ലുവന്‍സറുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെച്ചതായും മലബാര്‍ ഗോള്‍ഡ് വ്യക്തമാക്കി.