മുംബൈ: മുംബൈയില്‍ മനോജ് ജരംഗേ പാട്ടീലിന്റെ നേതൃത്വത്തില്‍ നടക്കുന്ന മറാത്ത സംവരണ പ്രക്ഷോഭത്തില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. മുംബൈ പ്രയോഗികമായി സ്തംഭിച്ചിരിക്കുന്നുവെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ രവീന്ദ്ര വി. ഗുഗെ, ഗൗതം എ. അന്‍ഖാദ് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്.
സെപ്റ്റംബര്‍ രണ്ടിന് ഉച്ചക്ക് മുമ്പ് പ്രതിഷേധക്കാരെ മുംബൈ തെരുവുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കൂടുതല്‍ പ്രതിഷേധക്കാര്‍ നഗരത്തിലെത്തുന്നത് തടയാനും ജരംഗേയുടെ ആരോഗ്യസ്ഥിതി മോശമായാല്‍ വൈദ്യസഹായം നല്‍കാനും കോടതി ഉത്തരവിട്ടു.
‘സംസ്ഥാനം സാധാരണ നിലയിലേക്ക് തിരിച്ചെത്തണം. കുളിക്കുക, ഭക്ഷണം കഴിക്കുക, തുടങ്ങി തങ്ങളുടെ പ്രാഥമിക കൃത്യങ്ങള്‍ വരെ പ്രതിഷേധക്കാര്‍ തെരുവുകളിലാണ് നടത്തുന്നത്. ഇനിയും മുംബൈയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാവില്ല. സാധാരണക്കാരുടെ ജീവിതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കണം. ഗണപതി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ നഗരം സ്തംഭിക്കരുത്,’ സ്‌പെഷ്യല്‍ ബെഞ്ച് പറഞ്ഞു.
ഉത്തരവിന് പിന്നാലെ, കോടതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പാലിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മുംബൈയിലെ ക്രമസമാധാനം തകര്‍ന്നുവെന്ന ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. പ്രശ്‌നപരിഹാരത്തിനായി നിയമപരമായ സാധ്യതകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കും. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പൊലീസ് കൃത്യസമയത്ത് തന്നെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ഇതിനായി പൊതു ചര്‍ച്ചകളല്ല, സ്വകാര്യമായ സംസാരങ്ങളാണ് നടത്തേണ്ടത്. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് പിടിവാശിയില്ല. ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ തയ്യാറാണ്. പക്ഷേ, ചര്‍ച്ച നടത്താന്‍ ശരിയായ ആളുകള്‍ ആരാണെന്ന് അറിയേണ്ടതുണ്ട്,’ ഫഡ്നാവിസ് പറഞ്ഞു.
അതേസമയം, ഓഗസ്റ്റ് 29 മുതല്‍ മുംബൈയിലെ ആസാദ് മൈതാനില്‍ മനോജ് ജരംഗേ നിരാഹാര സമരം നടത്തിവരികയാണ്. മറാത്താ സമുദായത്തിന് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസത്തിലും മറ്റ് പിന്നാക്ക വിഭാഗത്തില്‍ (ഒ.ബി.സി) 10 ശതമാനം സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
Content Highlight: Bombay High Court criticizes Devendra Fadnavis Government stating Mumbai Stand still over Maratha reservation protest