മറ്റ് ഇന്‍ഡസ്ട്രികളില്‍ മികച്ച ചിത്രങ്ങളൊരുങ്ങുമ്പോള്‍ വലിയ വിജയങ്ങളൊന്നുമില്ലാതെ പഴയകാലത്തിന്റെ പ്രൗഢിയോര്‍ത്ത് ആശ്വസിക്കുന്ന ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. വലിയ ഹൈപ്പിലെത്തിയ പല സിനിമകളും ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീഴുമ്പോള്‍ ആശ്വാസം നല്‍കുന്ന വളരെ കുറച്ച് വിജയചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം ബോളിവുഡില്‍ പിറവിയെടുത്തത്.
വിക്കി കൗശലിന്റെ പിരീയോഡിക് ഡ്രാമ ഛാവയും ആമിര്‍ ഖാന്റെ സിതാരേ സമീന്‍ പറുമാണ് ഈ വര്‍ഷം ബോളിവുഡില്‍ പ്രതീക്ഷ കാത്തത്. സല്‍മാന്‍ ഖാന്റെ സിക്കന്ദര്‍, അക്ഷയ് കുമാറിന്റെ ഹൗസ്ഫുള്‍ 5 എന്നീ സിനിമകള്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകതെ തകര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുന്നത് ഒരു സാധാരണ റൊമാന്റിക് ചിത്രമാണ്.
പ്രണയചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയ സംവിധായകന്‍ മോഹിത് സൂരിയുടെ ഏറ്റവും പുതിയ ചിത്രം സൈയ്യാര വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. നവാഗതരായ അഹാന്‍ പാണ്ഡെയും അനീത് പദ്ദയും പ്രധാനവേഷത്തിലെത്തിയ ചിത്രം ഇതിനോടകം 60 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി.
ക്രിഷ് കപൂര്‍ എന്ന ഗായകന്റെയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന വാണി എന്ന പാട്ടെഴുത്തുകാരിയുടെയും കഥയാണ് ചിത്രം സംസാരിക്കുന്നത്. ഇരുവരുടെയും പ്രണയവും പിന്നീടുള്ള ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളും സിനിമയെ കൂടുതല്‍ തീവ്രമാക്കുന്നുണ്ട്. ആദ്യ ചിത്രം മികച്ചതാക്കാന്‍ അഹാനും അനീതിനും സാധിച്ചിട്ടുണ്ടെന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.
സൈയ്യാര വന്‍ തരംഗമായി മാറിയ സാഹചര്യത്തില്‍ ബോളിവുഡിലെ വമ്പന്മാര്‍ പിന്‍വാങ്ങിയെന്നും കേള്‍ക്കുന്നുണ്ട്. ജൂലൈ 19ന് നടത്താനിരുന്ന വാര്‍ 2 ട്രൈലര്‍ ലോഞ്ച് മാറ്റിവെച്ചതാണ് ഇതില്‍ ആദ്യത്തേത്. ഓഗസ്റ്റ് 14ന് പുറത്തിറങ്ങുന്ന ചിത്രം ഇതിനോടകം ഹൈപ്പിന്റെ പരകോടിയിലാണ്. എന്നാല്‍ സൈയ്യാര സെന്‍സേഷനായി നില്‍ക്കുമ്പോള്‍ ശ്രദ്ധ ലഭിക്കില്ലെന്ന കാരണത്താല്‍ യഷ് രാജ് ഫിലിംസ് ട്രൈലര്‍ ലോഞ്ച് ജൂലൈ 23ലേക്ക് മാറ്റുകയും ചെയ്തു.
എന്നാല്‍ അതിനെക്കാള്‍ ഞെട്ടിച്ചത് അജയ് ദേവഗന്റെ ബിഗ് ബജറ്റ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പിന്മാറ്റമാണ്. ജൂലൈ 25ന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം ഓഗസ്റ്റ് ഒന്നിലേക്ക് മാറ്റുകയായിരുന്നു. സൈയ്യാര ഇഫക്ടില്‍ വിജയമാകില്ലെന്ന ചിന്തയിലാണ് അജയ് ദേവ്ഗണ്‍ റിലീസ് മാറ്റിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം. മൃണാള്‍ താക്കൂറാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്.
Content Highlight: Bollywood movie Saiyaara became sensational hit in Box Office