'ഇതെന്ത് കോലമാണ് ചേച്ചി'; സയനോരയ്‌ക്കെതിരെ ബോഡി ഷെയിമിംഗും അധിക്ഷേപ കമന്റുകളും
Film News
'ഇതെന്ത് കോലമാണ് ചേച്ചി'; സയനോരയ്‌ക്കെതിരെ ബോഡി ഷെയിമിംഗും അധിക്ഷേപ കമന്റുകളും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th April 2022, 9:19 pm

ഗായിക സയനോരയ്‌ക്കെതിരെ ബോഡി ഷെയിമിംഗും അധിക്ഷേപ കമന്റുകളും. ഗായികയുമായി ഡൂള്‍ന്യൂസ് നടത്തിയ അഭിമുഖത്തിന്റെ വീഡിയോയ്ക്ക് താഴെയാണ് സയനോരയെ വ്യക്തിപരമായി അധിക്ഷേപിച്ചുള്ള കമന്റുകള്‍ വരുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഭാവനയ്‌ക്കൊപ്പം നിന്നാല്‍ ധാരാളം അവസരങ്ങള്‍ നിഷേധിക്കപ്പെടും എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു എന്ന വീഡിയോയ്ക്ക് താഴെയാണ് ബോഡി ഷെയ്മിംഗും അധിക്ഷേപ കമന്റുകളും നിറയുന്നത്.

സയനോേരയെ മാത്രമല്ല, അവരുടെ കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.

‘ഇതെന്ത് കോലമാണ് ചേച്ചി’, ‘നീഗ്രോ’, ‘ഇവള്‍ക്കൊക്കെ വേറെ എന്തെങ്കിലും പണിക്ക് പോയ്ക്കൂടെ’ ‘വിനായകന് ആലോചിച്ചാലോ’, ‘ഞാന്‍ കരുതി ഉഗാണ്ടക്കാരിയായിരിക്കുമെന്ന്’ തുടങ്ങിയ കമന്റുകളാണ് സയനോരയ്‌ക്കെതിരെ ഉയരുന്നത്.

അതേസമയം, സയനോരയുടെ നിലപാടുകളെ പ്രശംസിച്ചുള്ള കമന്റുകളും വരുന്നുണ്ട്.

ഭാവനയുടെ അടുത്ത സുഹൃത്തുകൂടിയായിരുന്ന കേസിന്റെ തുടക്കം മുതല്‍ തന്നെ അവര്‍ക്കൊപ്പം നിന്നിരുന്നു. ഭാവനയ്‌ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ തന്റെ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന വ്യക്തമായ ബോധ്യമുണ്ടായിരുന്നതായും സയനോര പറയുന്നു.

‘ഞാന്‍ ഇങ്ങനെ അവള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ പല സ്ഥലങ്ങളില്‍ ഒറ്റപ്പെടുമെന്നും എനിക്കറിയാമായിരുന്നു. പക്ഷേ, നമ്മുടെ ഫ്രണ്ടിനെ ചേര്‍ത്തുനിര്‍ത്തുന്നതല്ലേ മനുഷ്യത്വം. ഇനിയിപ്പോള്‍ ഇവളോട് മിണ്ടാന്‍ നില്‍ക്കേണ്ട എന്നൊന്നും എനിക്ക് ചിന്തിക്കാന്‍ പറ്റില്ല.

ഞാന്‍ അങ്ങനെ ഒരു സ്റ്റാന്‍ഡ് എടുത്തതില്‍ എന്റെ ഡാഡി വളരെ പ്രൗഡ് ആണ്. ഡാഡി മാത്രമല്ല ഫുള്‍ ഫാമിലി സപ്പോര്‍ട്ട് ആയിരുന്നു. കാരണം ഭാവന ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു. എന്റെ ഫാമിലിക്കാണ് ഇത് സംഭവിച്ചിരിക്കുന്നത്. സോ ഞാന്‍ അവളുടെ കൂടെ നില്‍ക്കും, സയനോര പറയുന്നു.

തന്റെ ചാന്‍സ് നഷ്ടപ്പെട്ടു എന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും ചാന്‍സ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെ കുറിച്ച് ചിന്തിക്കുന്നുപോലുമില്ലെന്നും സയനോര കൂട്ടിച്ചേര്‍ക്കുന്നു.

Content Highlight: Body Shaming Comments against Sayanora