കൈയില്‍ തംബാക്ക് കൂടിയുണ്ടെങ്കില്‍ ബംഗാളിയായി, നസ്‌ലെനെതിരെ വീണ്ടും അധിക്ഷേപവുമായി സോഷ്യല്‍ മീഡിയ
Malayalam Cinema
കൈയില്‍ തംബാക്ക് കൂടിയുണ്ടെങ്കില്‍ ബംഗാളിയായി, നസ്‌ലെനെതിരെ വീണ്ടും അധിക്ഷേപവുമായി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th August 2025, 6:55 pm

കൂലിയുടെ ഓഡിയോ ലോഞ്ചിനിടെ രജിനിയുടെ പ്രസംഗത്തില്‍ വന്ന ബോഡി ഷെയ്മിങ് കഴിഞ്ഞദിവസം ചര്‍ച്ചയായിരുന്നു. എല്ലാ ഓഡിയോ ലോഞ്ചിലും സ്വയം കളിയാക്കി സംസാരിക്കുന്ന രജിനിയുടെ പ്രസംഗം ഇത്തവം കുറച്ച് കടന്നുപോയെന്നാണ് പലരും അഭിപ്രായപ്പെട്ടത്. കൂലിയുടെ ക്രൂവിലെ ഓരോ അംഗങ്ങളെയും കുറിച്ച് പ്രത്യേകം സംസാരിച്ച രജിനി ഇതിനിടെ ബോഡിഷെയ്മിങ് നടത്തിയിരുന്നു.

സൗബിനെ കഷണ്ടിയെന്നും ആമിര്‍ ഖാനെ കുള്ളനെന്നും ‘തമാശക്ക്’ വിശേഷിപ്പിച്ച് പ്രസംഗം തുടങ്ങിയ രജിനി പിന്നീട് അവരുടെ പ്രകടനത്തെ പുകഴ്ത്തുകയും ചെയ്തു. ശ്രുതി ഹാസനെ ഗ്ലാമറസ് നടിയെന്ന് വിളിക്കുകയും അനിരുദ്ധിന്റെ കണ്‍സര്‍ട്ടുകള്‍ക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുട്ടത്ത് എന്തൊക്കെയേ ചെയ്യുമെന്നുമൊക്കെയായിരുന്നു രജിനിയുടെ സോ കോള്‍ഡ് ‘തമാശകള്‍’.

എന്നാല്‍ ഇത്രയും വലിയ സൂപ്പര്‍സ്റ്റാര്‍ മറ്റുള്ളവരെ ഇങ്ങനെ കളിയാക്കി സംസാരിക്കുന്നത് ശരിയല്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെക്കുറിച്ച് മലയാളി ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചകളും നടന്നു. രജിനിയെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് പഠിപ്പിക്കണമെന്നായിരുന്നു പലരുടെയും അഭിപ്രായം.

ഇന്നലെ വൈകുന്നേരം നസ്‌ലെന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നസ്‌ലെനും വലിയ രീതിയില്‍ ചര്‍ച്ചയായി. മുടി നീട്ടിവളര്‍ത്തി മീശ മാത്രം വെച്ചുകൊണ്ടുള്ള ലുക്ക് പലരെയും അത്ഭുതപ്പെടുത്തി. എന്നാല്‍ ഇതിനിടയില്‍ ചിലര്‍ താരത്തെ വലിയ രീതിയില്‍ ട്രോളുകയും ചെയ്തു. ബംഗാളി ലുക്കെന്നായിരുന്നു ചിലരുടെ അധിക്ഷേപം.

പാന്‍ മസാല, തംബാക്ക് എന്നിവ കൈയില്‍ പിടിച്ച് നില്‍ക്കുന്ന നസ്‌ലെന്റെ ചിത്രങ്ങള്‍ ചില ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ചു. പുതിയ സിനിമയിലെ കഥാപാത്രം ഏതാണെന്ന് പോലും അറിയാതെയാണ് താരത്തിനെതിരെ ഇത്തരത്തില്‍ അധിക്ഷേപം നടത്തിയത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പും നസ്‌ലെനെതിരെ അനാവശ്യ വിദ്വേഷ പ്രചരണം നടന്നിരുന്നു.

ഒരുവശത്ത് എത്രവലിയ സൂപ്പര്‍സ്റ്റാറായാലും പൊതുവേദിയില്‍ ബോഡിഷെയ്മിങ് പാടില്ലെന്നും പൊളിറ്റിക്കലി കറക്ടാവണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്ന മലയാളികളുടെ വില കളയാന്‍ മറുവശത്ത് ഇത്തരം സ്വയം പ്രഖ്യാപിത ട്രോളന്മാര്‍ ഇറങ്ങിയിരിക്കുകയാണെന്ന് വിമര്‍ശനമുണ്ട്. നസ്‌ലെനെതിരായ ട്രോളുകള്‍ക്കെതിരെ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight: Body shaming against Naslen after his latest look went viral