കാണാതായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ ഫ്‌ളാറ്റില്‍
national news
കാണാതായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ ഫ്‌ളാറ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th September 2021, 5:06 pm

ന്യൂദല്‍ഹി: കാണാതായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ത്രിലോചന്‍ സിങ് വസീറിനെ ദല്‍ഹിയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

പടിഞ്ഞാറന്‍ ദല്‍ഹിയിലെ മോതി നഗറിലെ ഫ്ളാറ്റില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് കൈമാറി.

ജമ്മു കശ്മീരിലെ മുന്‍ എം.എല്‍.എ കൂടിയായ വസീറിനെ സെപ്റ്റംബര്‍ മൂന്നു മുതലാണ് കാണാതായത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

പുറത്തു നിന്ന് കുറ്റിയിട്ടിരുന്നതിനാല്‍ വാതില്‍ കുത്തിത്തുറന്നാണ് ഇവര്‍ അകത്തു കടന്നത്. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് വസീറിനെ തിരിച്ചറിഞ്ഞത്.

സെപ്റ്റംബര്‍ ഒന്നിനാണ് വസീര്‍ ദല്‍ഹിയിലെത്തിയത്. സെപ്റ്റംബര്‍ മൂന്നിന് അദ്ദേഹം കാനഡയിലേക്ക് പോകേണ്ടതായിരുന്നു. പക്ഷെ അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അദ്ദേഹത്തെ അന്വേഷിക്കാന്‍ തുടങ്ങിയത്. ഫോറന്‍സിക് പരിശോധനാഫലം പുറത്തുവന്നാല്‍ മരണകാരണം വ്യക്തമാവുമെന്ന് പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Body Of Missing National Conference Leader Found In West Delhi Flat