ഗസ :ഗസയിലെ വെടിനിർത്തലിനെ തുടർന്ന് ഇസ്രഈൽ സൈന്യം വിട്ടുനൽകിയ ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഭയാനകമായ അവസ്ഥയിലായിരുന്നുവെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന യൂറോ- മെഡ്. ഇരകളിൽ പലരും ക്രൂര പീഡനത്തിനും ദുരുപയോഗത്തിനും വിധേയരായിട്ടുണ്ടെന്നും യൂറോ- മെഡ് പറഞ്ഞു.
ഫലസ്തീൻ തടവുകാരെ ഇസ്രഈൽ നിയമപരമായോ മാനുഷികപരമായോ പരിഗണിച്ചില്ലെന്നും തടങ്കലിലിരിക്കെ വധിച്ചെന്നും യൂറോ- മെഡ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രഈൽ നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. അത് മൃതദേഹങ്ങളിൽ നിന്നും വ്യക്തമാകുമെന്നും അവർ പറഞ്ഞു.
‘ഞങ്ങൾക്ക് ലഭിച്ച മൃതദേഹങ്ങൾ കണ്ണുകൾ കെട്ടിയും മൃഗങ്ങളെ പോലെ ബന്ധിക്കപ്പെട്ടും ഇസ്രഈൽ രഹസ്യമായി നടത്തിയ കുറ്റകൃത്യങ്ങളുടെ വ്യാപ്തി വെളിവാക്കുന്നതുമായിരുന്നു. പീഡനത്തിന്റെയും പൊള്ളലിന്റെയും അടയാളങ്ങൾ അവരിൽ ഉണ്ടായിരുന്നു. തടങ്കലിലാക്കിയതിന് ശേഷമാണ് അവരെ വധിച്ചത്. അവരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നില്ല. മാസങ്ങളോളം റെഫ്രിജറേറ്ററുകളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്,’ ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടർ ഡോ. മുനീർ അൽ-ബർഷ് പറഞ്ഞു.
നിലവിൽ 120 മൃതദേഹങ്ങൾ ലഭിച്ചതായും അതിൽ ആറെണ്ണം തിരിച്ചറിഞ്ഞതായും ഫോറൻസിക് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഇസ്രഈലി സൈന്യം ഉത്തരവാദിത്തമില്ലാതെ കൊലപാതകങ്ങളും പീഡനങ്ങളും നടത്തുന്നുണ്ടെന്നും പ്രതികാരത്തിന്റെയും ഉന്മൂലനത്തിന്റെയും മനോഭാവത്തെയാണ് ഇത് കാണിക്കുന്നതെന്നും യൂറോ- മെഡ് പറഞ്ഞു.
ദുരന്തഭൂമിയിൽ നിന്നുള്ള അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനും കാണാതായവരെ തിരിച്ചറിയുന്നതിനും ആവശ്യമായ ഉപകരണങ്ങൾ ഫോറൻസിക്കിനും ക്രിമിനൽ അന്വേഷണ സംഘങ്ങൾക്കും നൽകി ഗസയിലേക്ക് പ്രവേശനമനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വെടിനിർത്തലിനായുള്ള ചർച്ചകൾ തുടരുന്നതിനിടെയും നീതി നടപ്പാക്കുന്നതിനും ഗസയുടെ പുനർ നിർമാണത്തിനും സമാധാനത്തിനും വേണ്ടി അവിടെയുണ്ടായ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആവർത്തിക്കുന്നുണ്ട്.
ഇസ്രഈൽ ഭരണകൂടത്തിന്റെ വിശ്വാസതയെ കുറിച്ചും കരാറിലെ നിബന്ധനകൾ നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ചും ആശങ്കകൾ ഉയരുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Content Highlight: Bodies of Palestinians handed over by Israel in mutilated condition: European Human Rights Organization