എസ്.ബി.ഐ. ജീവനക്കാരന്റെ ആത്മഹത്യ;  അസ്വസ്ഥതപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍
Opinion
എസ്.ബി.ഐ. ജീവനക്കാരന്റെ ആത്മഹത്യ;  അസ്വസ്ഥതപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍
എഡിറ്റര്‍
Wednesday, 20th February 2019, 6:43 pm
  • ബോധിസത്വന്‍ കെ.റെജി

ഇക്കഴിഞ്ഞ ഫെബ്രുവരി 5 നാണ് എറണാകുളത്തെ എസ് .ബി.ഐ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ സീനിയര്‍ അസോസിയേറ്റായ എന്‍.എസ്.ജയന്‍ ആത്മഹത്യ ചെയ്തത്. ബാങ്ക് പ്രവര്‍ത്തി സമയത്ത്, തന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഷണ്‍മുഖം റോഡിലെ പത്തു നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് ജയന്‍ മരിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ ജയന്‍ തത്ക്ഷണം മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുവേ അവഗണിച്ച ഈ വാര്‍ത്ത ചില പത്രങ്ങളുടെ ചരമക്കോളത്തില്‍ മാത്രമായി ഒതുങ്ങി.

ബാങ്ക് ജീവനക്കാരുടെ പെരുകുന്ന ആത്മഹത്യകള്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, സമീപകാലത്ത് വാര്‍ത്തയായിരുന്നു. അവയില്‍ ഭൂരിഭാഗത്തിനും കാരണം ജോലി സമ്മര്‍ദ്ദമോ, കുടുംബപരമോ വ്യക്തിപരമോ ആയ പ്രശ്‌നങ്ങളോ ആണെന്നാണ് കണക്കാക്കപ്പെട്ടത്. ബാങ്ക് ജോലി താരതമ്യേന സുസംഘടിത തൊഴില്‍ മേഖലയായാണ് അറിയപ്പെടുന്നത്. കേരളം പോലൊരു സംസ്ഥാനത്ത്, ജോലി സമ്മര്‍ദ്ദമോ ചൂഷണമോ മൂലം ഒരു ബാങ്ക് ജീവനക്കാരന്‍ ജീവനെടുക്കേണ്ട സാഹചര്യം നിലവിലില്ല എന്നതാണ് പൊതുവിലേ വിലയിരുത്തല്‍.

മാത്രമല്ല, ജയന്‍ ഒരു വിമുക്തഭടന്‍ കൂടിയായിരുന്നു. രണ്ട് പതിറ്റാണ്ടിലെ വായുസേനയിലെ സേവനം അവസാനിപ്പിച്ചാണ് അദ്ദേഹം ബാങ്ക് ജോലി സ്വീകരിച്ചത്. സാമ്പത്തികമായോ കുടുംബപരമായോ മറ്റ് ബുദ്ധിമുട്ടുകളും ജയന് ഉണ്ടായിരുന്നതായി ആരും പറയുന്നില്ല. പക്വമായ വ്യക്തിത്വം കൊണ്ടും ഊഷ്മളമായ വ്യക്തിബന്ധങ്ങള്‍ കൊണ്ടും ജോലിയിലെ മികവു കൊണ്ടും സഹപ്രവര്‍ത്തകരെ ഏറെ ആകര്‍ഷിച്ചിരുന്നു ജയന്‍. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജയന് പ്രത്യേക നൈപുണ്യം ഉണ്ടായിരുന്നു എന്ന് പരിചയക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ, എസ്.ബി.ഐ. യിലെ ജീവനക്കാരുടെ ഭൂരിപക്ഷ സംഘടനയായ എസ്.ബി.എസ്.യു. വിന്റെ ഉത്തരവാദപ്പെട്ട ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചു വന്നു. എന്‍.സി.ബി.ഇ. എന്ന ബാനറില്‍ വിവിധ ബാങ്കുകളില്‍ സാന്നിദ്ധ്യമുള്ള സംഘടനയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു ഈ തൊഴിലാളി.

ജയന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും പിന്നില്‍ ചില കാരണക്കാരുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പോലീസിനെ സമീപിച്ചതോടെയാണ് പ്രശ്‌നം സമൂഹശ്രദ്ധയിലെത്തിയത്. കുടുംബം ഐ.ജി.ക്ക് പരാതി നല്കിയെങ്കിലും അന്വേഷണം ഇഴയുകയാണെന്നാണ് ആക്ഷേപം. പിന്നാലെ വിവിധ തൊഴിലാളി സംഘടനകളും വിഷയം ഏറ്റെടുത്തു കഴിഞ്ഞു.

Read Also : ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനായി പുറപ്പെട്ട 200ലേറെ കര്‍ഷകര്‍ കസ്റ്റഡിയില്‍: കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കമെന്ന് കിസാന്‍ സഭ

ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്‌ളോയീസ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് ഏകദിന ഉപവാസം സംഘടിപ്പിച്ചു. ഉപവാസത്തിന് അഭിവാദ്യങ്ങള്‍ അറിയിച്ച് എത്തിയ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. വി.എം. സുധീരന്‍, ജയന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണക്കാരെ കണ്ടെത്തണമെന്ന ആഗ്രഹം കുടുംബാംഗങ്ങള്‍ അദ്ദേഹത്തോടും പങ്കു വച്ചു. മുന്‍മന്ത്രിയും സി.പി.ഐ. നേതാവുമായ കെ.പി.രാജേന്ദ്രനും പിന്നീട് ജയന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ജയന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. എസ് ബി ഐ ജീവനക്കാരുടെ സംഘടനയായ ടി.എസ്.ബി.ഇ.എ. ഈ വിഷയത്തില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുകയാണ്.

ബാങ്ക് മാനേജ്‌മെന്റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അകാരണമായ നടത്തിയ ചില വേട്ടയാടലുകളും വ്യക്തിഹത്യയുമാണ് ആത്മത്യയിലേക്ക് നയിച്ചത് എന്നാണ് ആരോപണം. തൊഴിലാളി നേതാവ് എന്ന നിലയില്‍ ജീവനക്കാരുടെ പക്ഷത്തുനിന്ന് ജയന്‍ സ്വീകരിച്ച ചില നിലപാടുകളാണ് ഈ ഉന്നതരെ ഇത്തരം നടപടികള്‍ക്ക് പ്രേരിപ്പിച്ചത്. എറണാകുളത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ കീഴില്‍ നടക്കുന്ന വിവിധ തൊഴിലാളി വിരുദ്ധ നടപടികളെ നിരന്തരം ജയന്‍ ചോദ്യം ചെയ്തു വന്നിരുന്നു. കറന്‍സി ചെസ്റ്റുകളിലെ യന്ത്രവത്കരണവുമായി ബന്ധപ്പെട്ട് യൂണിയന്‍ നല്കിയ കേസിലും ജയന്‍ കക്ഷിയായിരുന്നു. എന്നാല്‍ യൂണിയന്‍ പിന്നീട് മാനേജ്‌മെന്റ് ഒത്താശയോടെ, കേസ് തോറ്റ് പിന്‍മാറുകയായിരുന്നു.

ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇടപ്പള്ളി ശാഖയില്‍ നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരു ജീവനക്കാരനെ കാസര്‍കോടേക്ക് സ്ഥലം മാറ്റാന്‍ ഉത്തരവിറങ്ങിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അകാരണമായ സ്ഥലം മാറ്റം അനുവദിക്കാനാവില്ല എന്നതായിരുന്നു ജയന്റെ നിലപാട്.

ബാങ്ക് അടുത്തിടെ നടപ്പിലാക്കിയ പുതിയ പരിശീലന പരിപാടിയുടെ സമയക്രമത്തെച്ചൊല്ലിയും തര്‍ക്കങ്ങളുണ്ടായി. ഉച്ചയ്ക്ക് ശാഖകള്‍ അടച്ച് ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പരിശീലനപരിപാടിയെ ജയന്‍ വിമര്‍ശിച്ചിരുന്നു.

ഈ വിഷയം ഒരു പ്രമുഖ ദിനപത്രം വാര്‍ത്തയാക്കിയതിലും മാനേജ്‌മെന്റിലെ ഉന്നതര്‍ ഏറെ അസ്വസ്ഥരായിരുന്നു. ജീവനക്കാരുടെ പ്രവര്‍ത്തി സമയം 5 മണി വരെ ആയിരിക്കേ, രാത്രി വൈകി ക്ലാസും ഡിന്നറും സംഘടിപ്പിക്കുന്നതിനോട് ജീവനക്കാര്‍ അനുകൂലമായിരുന്നില്ല. ഈ പരിശീലനത്തിനും അത്താഴത്തിനും, ജീവനക്കാര്‍ അവരുടെ ജീവിത പങ്കാളികളെയും കൂട്ടണമെന്നും ബാങ്ക് ആവശ്യപ്പെട്ടിരുന്നു. 5 മണി വരെ മാത്രം പരിശീലനത്തില്‍ പങ്കെടുത്താല്‍ മതി എന്ന ജയന്റെ നിര്‍ദ്ദേശം ജീവനക്കാര്‍ ചെവിക്കൊണ്ടത് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചു. അച്ചടക്ക നടപടി, സ്ഥലം മാറ്റം, പിരിച്ചു വിടല്‍ തുടങ്ങി പല വിധ ഭീഷണികള്‍ നേരിട്ട ജയന്‍ അവസാന ദിവസങ്ങളില്‍ അസ്വസ്ഥനായിരുന്നു എന്ന് കുടുംബവും സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ ഏറെ കൗതുകമുണര്‍ത്തുന്ന മറ്റൊരു വിഷയം, ജയന്‍ അംഗമായിരുന്ന സംഘടന ഇപ്പോള്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനമാണ്. എസ്. ബി. ഐ. യിലെ കേരളാ സര്‍ക്കിളില്‍ ഭൂരിപക്ഷമുള്ള ഈ സംഘടന, എന്നും മാനേജ്‌മെന്റ് പക്ഷ നിലപാടുകള്‍ക്ക് കുപ്രസിദ്ധരാണ്. ജീവനക്കാരെ അടിച്ചമര്‍ത്താന്‍, മാനേജ്‌മെന്റിന്റെ ഉപകരണമായാണ് അവര്‍ പല കാലത്തും പ്രവര്‍ത്തിച്ചു വന്നതെന്ന് ജീവനക്കാര്‍ തന്നെ ആക്ഷേപിക്കുന്നു. മരണപ്പെട്ട ജയന്‍ ഇടപെട്ട മുന്‍പറഞ്ഞ വിവിധ വിഷയങ്ങളില്‍, സംഘടനയുടെ ഉന്നത നേതാക്കള്‍, മാനേജ്‌മെന്റുമായി ചില അവിഹിത ഒത്തു തീര്‍പ്പുകള്‍ ഉണ്ടാക്കിയിരുന്നതായാണ് വിവരം. ഇങ്ങനെ മാനേജ്‌മെന്റിന് അനുകൂല നിലപാട് സ്വീകരിക്കുകയും ജയനെ സംഘടനയില്‍ ഒറ്റപ്പെടുത്തുകയും ചെയ്ത വഞ്ചനാപരമായ യൂണിയന്‍ നിലപാടാണ് അദ്ദേഹത്തെ യൂണിയന്‍ ആപ്പീസില്‍ നിന്നു ചാടിയുള്ള മരണത്തിലേക്ക് നയിച്ചത് എന്ന് സഹപ്രവര്‍ത്തകര്‍ ഉറപ്പിച്ചു പറയുന്നു. ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ണ്ണായക പോരാട്ടത്തില്‍ സ്വന്തം നേതാക്കള്‍ തള്ളിപ്പറഞ്ഞപ്പോള്‍, രക്തസാക്ഷിത്വമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ആ പട്ടാളക്കാരന് മുന്നില്‍ അവശേഷിച്ചി രുന്നില്ല.

മിനിമം ബാലന്‍സ്, അധിക ചാര്‍ജുകള്‍, വിവിധ ഫീസുകള്‍, മനുഷ്യത്വമില്ലാത്ത ജപ്തി നടപടികള്‍, സുതാര്യതയില്ലാത്ത ഇടപാടുകള്‍ തുടങ്ങി നിരവധി അവസരങ്ങളില്‍ തങ്ങളുടെ ജനവിരുദ്ധ നിലപാട് സ്പഷ്ടമാക്കിയ ബാങ്കാണ് എസ്ബിഐ. ആ മാനേജ്‌മെന്റ് പുലര്‍ത്തുന്ന അധാര്‍മ്മികമായ തൊഴില്‍ ക്രമവും അടിച്ചമര്‍ത്തല്‍ നയവും തന്നെയാണ് ഈ മരണവും പുറത്തു കൊണ്ടു വരുന്നത്. ഭീകരമായ ജോലി സമ്മര്‍ദ്ദത്തിലും അന്യായമായ മാനേജ്‌മെന്റ് നടപടികളിലും വേട്ടയാടല്‍ നടപടികളിലും ഉഴലുന്ന എസ്ബിഐ ജീവനക്കാര്‍ ഇത്തരം കടുത്ത ചുവടുകള്‍ എടുക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ബാങ്കിന് ഒഴിഞ്ഞു മാറാനാവില്ല. രാജ്യത്തെ മറ്റ് ബാങ്കുകളില്‍ നിലവിലുള്ള ആശ്രിത നിയമന ആനുകൂല്യവും ഈ ജീവനക്കാരന്റെ നിസ്സഹായ കുടുംബത്തിന് നിഷേധിക്കപ്പെടാനാണ് സാധ്യത എന്നാണറിയുന്നത്.

പ്രതിസ്ഥാനത്ത് ആരോപണം നേരിടുന്നവര്‍, അധികാരം കയ്യാളുന്നവരും സ്വാധീനമുള്ളവരുമായതിനാല്‍ നീതിപൂര്‍വ്വകമായ അന്വേഷണം തടസ്സപ്പെടുമെന്നും തെളിവുകള്‍ നഷ്ടപ്പെടുമെന്നും ബന്ധുക്കള്‍ ഭയപ്പെടുന്നു. ഈ ദുരൂഹമരണം ഒരു കൊലപാതകമായി കണക്കിലെടുത്ത്, കുറ്റക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി, കസ്റ്റഡിയിലെടുത്ത് തുടരന്വേഷണം നടത്തണം എന്നാണ് ജയന്റെ കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്.

(ബാങ്ക് ജീവനക്കാരനും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് ലേഖകന്‍)