ആരാധകരെ ഞെട്ടിച്ച കുഞ്ഞന്മാര്‍; ചരിത്രം സൃഷ്ടിക്കാന്‍ ഗ്ലിംറ്റ്!
Football
ആരാധകരെ ഞെട്ടിച്ച കുഞ്ഞന്മാര്‍; ചരിത്രം സൃഷ്ടിക്കാന്‍ ഗ്ലിംറ്റ്!
ഫസീഹ പി.സി.
Tuesday, 17th March 2026, 1:20 pm

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റൗണ്ട് ഓഫ് സിക്സ്റ്റീന്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംറ്റും പോര്‍ച്ചുഗീസ് ടീമായ സ്‌പോര്‍ട്ടിങ് ലിസ്ബണും തമ്മിലാണ് ആദ്യ മത്സരം.

ആദ്യ പാദത്തില്‍ മൂന്ന് ഗോളിന് വിജയിച്ചാണ് ഗ്ലിംറ്റ് ഈ മത്സരത്തിനിറങ്ങുന്നത്. സ്‌പോര്‍ട്ടിങ്ങിന്റെ തട്ടകമായ ലിസ്ബണിലെ എസ്റ്റാഡിയോ ഹോസെ അല്‍വലാദെയിലാണ് സെക്കന്‍ഡ് ലെഗ് മത്സരം. ഈ മത്സരഫലമാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ആരാണ് പ്രവേശിക്കുക എന്നത് നിര്‍ണയിക്കുക.

ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യതക്ക് സ്‌പോര്‍ട്ടിങ്ങിന് നാല് ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിക്കണം. എന്നാല്‍ മറുവശത്ത് ഗ്ലിംറ്റിന് ഒരു ഗോള്‍ രഹിത സമനില പോലും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് സമ്മാനിക്കും.

അങ്ങനെ ഗ്ലിംറ്റ് ജയിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറിയാല്‍ ചരിത്രം കുറിക്കപ്പെടും. 1997ന് ശേഷം ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ നോര്‍വീജിയന്‍ ടീം എന്ന നേട്ടമാണ് ഗ്ലിംറ്റ് തങ്ങളുടെ പേരിലാക്കുക.

യു.സി.എല്‍ ചരിത്രത്തില്‍ ഇതുവരെ ഒരു നോര്‍വീജിയന്‍ ക്ലബ്ബ് മാത്രമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. 1996/97 സീസണില്‍ റോസന്‍ബോര്‍ഗ് ബോള്‍ക്ലബ്ബാണ് (Rosenborg Ballklubb) ഈ നേട്ടത്തിലെത്തിയ ആദ്യ നോര്‍വീജിയന്‍ ടീം.
അന്ന് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനെ തകര്‍ത്തായിരുന്നു ടീം മുന്നേറിയത്.

ഇപ്പോള്‍ മറ്റൊരു നോര്‍വീജിയന്‍ ടീം അതേ ചരിത്രത്തിന് അരികെയാണ്. മുമ്പിലാകട്ടെ പോര്‍ച്ചുഗീസ് വമ്പന്മാരായ ലിസ്ബണും. തങ്ങള്‍ ഇതുവരെ നടത്തിയ കുതിപ്പ് രണ്ടാം പാദത്തിലും പുറത്തെടുക്കാന്‍ ഉറച്ചാവും ഇന്ന് ഗ്ലിംറ്റ് എതിരാളികളുടെ തട്ടകത്തിലെത്തുക.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ യു.സി.എല്ലില്‍ തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ നേടിയ ആത്മവിശ്വാസം ഗ്ലിംറ്റിന്റെ ഓരോ താരങ്ങള്‍ക്കുമുണ്ടാകും. ഇംഗ്ലണ്ടിലെയും സ്‌പെയിനിലെയും ഇറ്റലിയിലെയും പോര്‍ച്ചുഗലിലെയും വമ്പന്‍ ടീമുകളെയാണ് ഈ യാത്രയില്‍ അവര്‍ പരാജയപ്പെടുത്തിയത്.

ഇംഗ്ലീഷ് അതികായരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഗ്ലിംറ്റിന് മുന്നില്‍ ആദ്യം മുട്ടുകുത്തിയത്. പിന്നാലെ, അത്ലറ്റികോ മാഡ്രിഡ്, ഇന്റര്‍ മിലാന്‍ എന്നിവര്‍ അടിയറവ് പറഞ്ഞു. റൗണ്ട് ഓഫ് സിക്സ്റ്റീന്റെ രണ്ട് പാദങ്ങളിലും ഇന്റര്‍ ഈ കുഞ്ഞമ്മാര്‍ക്ക് മുന്നില്‍ മുട്ടുകുത്തി. പിന്നാലെ ആദ്യ പാദത്തില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണിനെ പരാജയപ്പെടുത്തി അഞ്ചാം വിജയം പൂര്‍ത്തിയാക്കി. ഈ വിജയങ്ങള്‍ തീര്‍ച്ചയായും രണ്ടാം പാദ മത്സരത്തിന് ഗ്ലിംറ്റിന് കരുത്താകും.

Content Highlight: Bodø/Glimt to become the first Norwegian team since 1997 to reach the quarter-finals of the Champions League

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി