റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുമായി പോയ ബോട്ടുകള്‍ മുങ്ങി; 500ലധികം പേരെ കാണാതായതായി യു.എന്‍
World News
റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുമായി പോയ ബോട്ടുകള്‍ മുങ്ങി; 500ലധികം പേരെ കാണാതായതായി യു.എന്‍
ആദർശ് എം.കെ.
Thursday, 16th July 2026, 4:17 pm

 

ധാക്ക: ബംഗാള്‍ ഉള്‍ക്കടലില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം ആളുകളെ കാണാതായെന്ന് സംശയിക്കുന്നതായി ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയും (യു.എന്‍.എച്ച്.സി.ആര്‍) അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുമാണ് (ഐ.ഒ.എം) ദുരന്തത്തിന്റെ വിവരം പുറത്തുവിട്ടത്.

ക്രൂരമായ പീഡനങ്ങളില്‍ നിന്നും മ്യാന്‍മറിലെ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതകളിലൊന്നിലൂടെ അയല്‍ രാജ്യങ്ങളായ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്.

മ്യാന്‍മറിലെ രാഖൈനില്‍ നിന്നും ജൂണ്‍ അവസാനത്തോടെ പുറപ്പെട്ട രണ്ട് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരു ബോട്ടില്‍ ഏകദേശം 250 യാത്രക്കാരുണ്ടായിരുന്നു. പുറപ്പെട്ട് അധികം വൈകാതെ തന്നെ ഈ ബോട്ടുമായുള്ള ബന്ധം പൂര്‍ണമായി നഷ്ടപ്പെട്ടു. 280 യാത്രക്കാരുമായി പുറപ്പെട്ട രണ്ടാമത്തെ ബോട്ട് ജൂലൈ എട്ടിന് മ്യാന്‍മറിലെ അയ്യര്‍വാഡി തീരത്തിന് സമീപം അപകടത്തില്‍പ്പെട്ടുവെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ 500ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബോട്ടിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും രാജ്യത്തെ ന്യൂനപക്ഷമായ റോഹിംഗ്യന്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. മ്യാന്‍മറിലെ രാഖൈനില്‍ നിന്നുള്ളവരും അയല്‍രാജ്യമായ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് പലായനം ചെയ്തവരും ഇതില്‍ ഉള്‍പ്പെടുന്നു.

കനത്ത കാലവര്‍ഷവും അതിരൂക്ഷമായ കടല്‍ക്ഷോഭവും നിറഞ്ഞ അതീവ അപകടകരമായ കാലാവസ്ഥയാണ് ദുരന്തത്തിന് കാരണമായത്. സാധാരണയായി ഇത്തരം സമുദ്രയാത്രകള്‍ ഒഴിവാക്കാറുള്ള മണ്‍സൂണ്‍ കാലത്താണ് ഈ ദുരന്തം സംഭവിച്ചത് എന്നത് സാഹചര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

രാഖൈനിലെ ഭയാനകമായ സാഹചര്യങ്ങളും അഭയാര്‍ത്ഥി ക്യാമ്പുകളിലെ കടുത്ത ദാരിദ്ര്യവും മൂലം മറ്റ് വഴികളില്ലാതെയാണ് അമിതമായി ആളുകളെ കയറ്റിയ, സുരക്ഷിതമല്ലാത്ത ഇത്തരം ബോട്ടുകളില്‍ യാത്ര ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നത്.

മ്യാന്‍മറിലെ സൈനിക അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് പലായനം ചെയ്ത ഏകദേശം 1.2 ദശലക്ഷം റോഹിംഗ്യകളാണ് ബംഗ്ലാദേശിലെ തിരക്കേറിയ ക്യാമ്പുകളില്‍ കഴിയുന്നത്. അവിടെനിന്നും സുരക്ഷിതമായ ജീവിത സാഹചര്യങ്ങളും തൊഴിലും തേടി മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

മ്യാന്‍മറില്‍ ബാക്കിയുള്ളവരാകട്ടെ, സൈന്യവും വിമത ഗ്രൂപ്പായ അരക്കാന്‍ ആര്‍മിയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനിടയില്‍പ്പെട്ട് കടുത്ത നിയന്ത്രണങ്ങളും പീഡനങ്ങളുമാണ് നേരിടുന്നത്.

ഇവര്‍ യാത്ര ചെയ്ത ബംഗാള്‍ ഉള്‍ക്കടലിലെയും ആന്‍ഡമാന്‍ കടലിലെയും ഈ സമുദ്രപാത ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ റൂട്ടായി മാറിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്കനുസരിച്ച്, 2025ല്‍ ഇത്തരത്തില്‍ യാത്രയ്ക്ക് ശ്രമിച്ച 6500ലധികം റോഹിംഗ്യകള്‍ 900 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തു.

ഈ വര്‍ഷം മാത്രം ഏകദേശം 300 പേരെ ഇതിനോടകം ഈ റൂട്ടില്‍ കാണാതാവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ ദുരന്തവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

തുടര്‍ച്ചയായുണ്ടാകുന്ന ഈ മാനുഷിക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണുന്നതിനും മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

ഒപ്പം, വംശീയ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും യു.എന്‍ ഏജന്‍സികള്‍ ആഹ്വാനം ചെയ്തു.

 

Content Highlight: Boats carrying Rohingya refugees sank; UN says over 500 people are missing.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.