ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ഭരണം നേടി. തെരഞ്ഞെടുപ്പ് നടന്ന 299 സീറ്റുകളില്‍ 209 സീറ്റുകള്‍ ബി.എന്‍.പി നേടിയെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആകെ 300 പാര്‍ലമെന്റ് സീറ്റുകളാണ് ബംഗ്ലാദേശിലുള്ളത്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് റീപോളിങ് നടക്കും.
അതേസമയം, ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി പാര്‍ട്ടിക്ക് 68 സീറ്റുക ലഭിച്ചെന്നും 20 സീറ്റുകളില്‍ വിവിധ ചെറുപാര്‍ട്ടികളും സ്വതന്ത്രരും വിജയിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സീനിയര്‍ സെക്രട്ടറി അക്തര്‍ അഹമ്മദ് അറിയിച്ചു.
അതേസമയം, ഭൂരിപക്ഷം ഉറപ്പായതോടെ ഞായറാഴ്ച (ഫെബ്രുവരി 15) സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.എന്‍.പി സെക്രട്ടറി ജനറല്‍ മിര്‍സ ഫഖ്‌റുല്‍ ഇസ്‌ലാം ആലംഗീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈ ചാര്‍ട്ടറിന് കീഴില്‍ ഒപ്പിട്ട പ്രതിജ്ഞകളും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ 31 പോയിന്റ് പരിഷ്‌കരണ അജണ്ടയും പാര്‍ട്ടി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തുടര്‍ച്ചയായി 15 വര്‍ഷം കയ്യാളിയിരുന്ന മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. അവാമി ലീഗ് പങ്കെടുക്കാത്ത ആദ്യത്തെ പൊതു തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.
ബംഗ്ലാദേശ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 148 പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തും. വിജ്ഞാപനം പുറത്ത് വന്ന് മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ സര്‍ക്കാരിന് സത്യപ്രതിജ്ഞ ചെയ്യാം.
Content Highlight: BNP secures power in Bangladesh with 209 seats; Jamaat-e-Islami wins 68 seats; Cabinet formation to take place on Sunday