ബെന്‍സിനെ ട്രോളി ബിഎംഡബ്ല്യു; വീഡിയോ വൈറല്‍
Auto News
ബെന്‍സിനെ ട്രോളി ബിഎംഡബ്ല്യു; വീഡിയോ വൈറല്‍
ന്യൂസ് ഡെസ്‌ക്
Sunday, 26th May 2019, 10:27 pm

ഓട്ടോമൊബൈല്‍ മേഖലയിലെ അതികായന്മാര്‍ തമ്മില്‍ കടുത്ത മത്സരം പലപ്പോഴും പരിധിവിടാറുണ്ട്. ചിലപ്പോള്‍ മത്സരത്തില്‍ നിന്ന്മാറി തമ്മില്‍ത്തല്ലിലേക്ക് വരെ കാര്യങ്ങള്‍ മാറിമറിയുന്നു. ഇത്തവണ തല്ല് തുടങ്ങിയിരിക്കുന്നത് കാര്‍ മേഖലയിലെ ഏറ്റവും വമ്പന്മാരായ മെര്‍സിഡസ് ബെന്‍സും ബിഎംഡബ്യുവും തമ്മിലാണ്.ഡയാംലര്‍ ബെന്‍സിന്റെ ദീര്‍ഘകാലമേധാവിയായിരുന്ന ഡയറ്റര്‍ സെഷിയെ ആസ്പദമാക്കിയാണ് ബിഎംഡബ്യു വീഡിയോ ഇറക്കിയിരിക്കുന്നത്.

സിഇഓ പദവി ഒഴിയാന്‍ ഡയറ്റര്‍ സെഷി ഔദ്യോഗികമായി തീരുമാനിച്ചതിന് പിറകെ അദേഹത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള വീഡിയോയുടെ പ്രമേയം മെഴ്‌സിഡസ് ബെന്‍സിന് പരിഹരിക്കുന്ന തരത്തിലുള്ളതാണ്. കരാര്‍ പ്രകാരമുള്ളതിനേക്കാള്‍ നേരത്തെ പടിയിറങ്ങുന്ന ഡയറ്റര്‍ സെഷിയുടെ ‘അവസാന ദിനം’ എന്ന തലക്കെട്ടില്‍ ബിഎംഡബ്യു ചിത്രീകരിച്ച വീഡിയോയില്‍ അദേഹത്തിന്റെ അവസാന ഓഫീസ് ദിനമാണ് ചിത്രീകരിച്ചത്.

ബെന്‍സ് ആസ്ഥാനത്ത് നിന്ന് ജീവനക്കാരോട് യാത്രപറഞ്ഞ് പടിയിറങ്ങുന്ന ഡയറ്റര്‍ സെഷി മെര്‍സിഡസ് ബെന്‍സ് എസ് ക്ലാസിലാണ് വീട്ടിലേക്ക് മടങ്ങുന്നത്. വീട്ടില്‍ എത്തി കഴിഞ്ഞ് അദേഹം ഗാരേജ് തുറന്ന് ബിഎംഡബ്ല്യു ഐ 8 റോഡ്‌സ്റ്റര്‍ ഓടിച്ചു പുറത്തേക്ക് പോകുന്നതാണ് വീഡിയോ.ഇപ്പോഴാണ് സാഷെ സ്വതന്ത്രനായത് എന്നും വീഡിയോ പറഞ്ഞ് വെക്കുന്നു.

ബിഎംഡബ്യുവിന്റെ ഈ പരിഹാസ വീഡിയോ ഉടന്‍ തന്നെ വൈറലായിട്ടുണ്ട്.ഇവര്‍ക്ക് മെഴ്‌സിഡസ് ബെന്‍സ് എങ്ങിനെ മറുപടി നല്‍കുമെന്നാണ് വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നത്.