യുവതിയെ ബി.എം.ഡബ്ല്യൂ ഇടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയ്ക്ക് മദ്യം വിളമ്പിയ ബാര്‍ ബുള്‍ഡോസ് ചെയ്ത് കോര്‍പ്പറേഷന്‍
national news
യുവതിയെ ബി.എം.ഡബ്ല്യൂ ഇടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയ്ക്ക് മദ്യം വിളമ്പിയ ബാര്‍ ബുള്‍ഡോസ് ചെയ്ത് കോര്‍പ്പറേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2024, 4:34 pm

മുംബൈ: മുംബൈ ബി.എം.ഡബ്ല്യു കാർ അപകടവുമായി ബന്ധപ്പെട്ട പ്രതിയും ശിവസേന നേതാവ് രാജേഷിൻ്റെ മകനുമായ മിഹിർ ഷായ്ക്ക് മദ്യം വിളമ്പിയെന്നാരോപിച്ച് ജുഹു താരാ റോഡിലെ ബാർ തകർത്ത് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ(ബി.എം.സി). വൈസ് ഗ്ലോബൽ തപ്സ് ബാറിനെതിരെയാണ് നടപടി. സംഭവം നടന്നതിന് ശേഷം പൊലീസ് ബാർ സീൽ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊളിച്ചു നീക്കൽ.

അനധികൃതമായ കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സിവിക് ബോഡി ചൊവ്വാഴ്ച ബാറിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് ബി.എം.സി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അനധികൃത ഭാഗങ്ങൾ പൊളിക്കാൻ തുടങ്ങുകയുമായിരുന്നു. പൊളിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ബാറിന് നോട്ടീസ് നൽകിയിരുന്നതായി ബി.എം.സി ഉദ്യോഗസ്ഥൻ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് മിഹിർഷായും സുഹൃത്തുക്കളും ബാറിലെത്തുന്നത്. തുടർന്ന് പുലർച്ചയോടെ മിഹിർ ഷാ മടങ്ങി. ഇയാളായിരുന്നു കാർ ഓടിച്ചത്. കാറിൽ ഡ്രൈവറും ഉണ്ടായിരുന്നു.

അമിത വേഗത്തിലെത്തിയ കാർ വർളിയിൽ വെച്ച് ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. കാവേരി നഖ്വ എന്ന 45കാരിയാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. അപകടത്തിൽ കാവേരി നഖ്വ എന്ന സ്ത്രീ മരിക്കുകയും ഇവരുടെ ഭർത്താവ് പ്രദീപ് നഖ്വക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് ഇയാൾ സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു. കാർ ഉപേക്ഷിച്ച് ഇയാൾ ഓട്ടോറിക്ഷയിലാണ് ഇവിടെ നിന്നും രക്ഷപ്പെട്ടത്. ഗോരേഗാവിലെ തൻ്റെ വനിതാ സുഹൃത്തിൻ്റെ വസതിയിലാണ് ഇയാൾ ആദ്യം എത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇയാൾ ഷഹാപൂരിലെ റിസോർട്ടിലേക്ക് പോകുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മിഹിർ ഷായുടെ പിതാവ് രാജേഷ് ഷായെ ശിവസേനയുടെ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കി.

Also Read: ആ സിനിമകളൊക്കെ റീ റിലീസ് ചെയ്യണമെന്ന് ഞാന്‍ മാത്രം ആഗ്രഹിച്ചാല്‍ പോരല്ലോ: മോഹന്‍ലാല്‍

Content Highlight: BMC demolishes illegal portion of bar where Mumbai hit-and-run accused Mihir Shah drank before accident