World
ബന്ധുവിന്റ 50 കൊല്ലം മുമ്പുള്ള പ്രവൃത്തിയുടെ പേരില്‍ ഇറാന്‍ വംശജരായ കുടുംബത്തെ ഐ.സി.ഇ തടങ്കലിലാക്കി യു.എസ്
വാഷിങ്ടണ്‍: ലോസ് ആഞ്ചലസില്‍ താമസക്കാരായിരുന്ന ഇറാനിയന്‍ കുടുംബത്തെ ഒരു ബന്ധുവിന്റെ 50 കൊല്ലം മുമ്പുള്ള പ്രവൃത്തിയുടെ പേരില്‍ യു.എസ് 130 ദിവസം ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ (ഐ.സി.ഇ) തടങ്കലിലാക്കി. ഇറാനിയന്‍ പ്രൊഫസറായ മറിയം തഹ്‌മസെബി ഭര്‍ത്താവ് എയ്‌സ ഹഷെര്‍മി എന്നിവരെയും ഇവരുടെ 16 വയസ്സുള്ള മകനെയുമാണ് യു.എസ് ഐ.സി.ഇ തടങ്കലിലാക്കിയത്.
യു.എസ് മാധ്യമമായ ദ നേഷനില്‍ പ്രസിദ്ധീകരിച്ച മറിയം തഹ്‌മസെബിയുടെ കത്തിലാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ‘കഴിഞ്ഞ നാല് മാസമായി ഞങ്ങള്‍ നരകയാതന അനുഭവിക്കുകയാണ്. വര്‍ഷങ്ങളെടുത്താലും പഴയപോലെയാക്കാന്‍ കഴിയാത്ത വിധത്തില്‍ ഞങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വഷളായിരിക്കുന്നു,’ തഹ്‌മസെബിയുടെ കത്തില്‍ പറയുന്നു.
എയ്‌സ ഹഷെര്‍മിയുടെ മാതാവ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചെയ്ത ഒരു പ്രവൃത്തിയുടെ പേരിലാണ് ഇപ്പോഴത്തെ തടങ്കല്‍. 1979ല്‍ ഇറാനില്‍ ഒരു സായുധ വിദ്യാര്‍ത്ഥി സംഘം 53 അമേരിക്കക്കാരെ ബന്ദിയാക്കിയപ്പോള്‍ സായുധ സംഘത്തിനും ബന്ദികള്‍ക്കും ഇടയില്‍ ദ്വിഭാഷിയായി പ്രവര്‍ത്തിച്ചത് എയ്‌സ ഹഷെര്‍മിയുടെ മാതാവാവായിരുന്നു. അതിന്റെ പേരിലാണ് തന്റെ ഭര്‍ത്താവിനെ യു.എസ് ശിക്ഷിക്കുന്നതെന്ന് തഹ്‌മസെബി പറഞ്ഞു. സംഭവം നടന്ന 1979ല്‍ എയ്‌സ ഹഷെര്‍മി ജനിച്ചിട്ടുപോലുമുണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ ഇറാനിയന്‍ രാഷ്ട്രീയ പ്രവര്‍ത്തക മസൗമേ എബ്റ്റേക്കറിന്റെ മകനാണ് ഹാഷെമി. ഹാഷെമിയെ ഈ വര്‍ഷം ഏപ്രില്‍ ഒമ്പതിന് അറസ്റ്റ് ചെയ്യുകയും ടെക്‌സസിലെ ഒരു തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം തഹ്‌മസെബിയെയും മകനെയും അറസ്റ്റ് ചെയ്തു.
ഓണ്‍ലൈന്‍ പ്രചാരണത്തെത്തുടര്‍ന്ന് തങ്ങള്‍ മൂന്നുപേരുടെയും ഗ്രീന്‍ കാര്‍ഡ് ഒഴിവാക്കിയെന്നും തഹ്‌മസെബി പറഞ്ഞു. തങ്ങള്‍ മൂന്ന് പേരും ജീവിതത്തില്‍ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘എയ്‌സ ജനിക്കുന്നതിനു മുമ്പ്, 1979ല്‍ ഇറാനില്‍ ബന്ദികളാക്കുന്നവരുടെ പരിഭാഷകയായിരുന്ന ഒരു സ്ത്രീയുടെ മകനായതിന് എന്റെ ഭര്‍ത്താവിനെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു,’ തഹ്‌മസെബി കത്തില്‍ കുറിച്ചു.
‘എനിക്കും എന്റെ കുടുംബത്തിനും വേണ്ടി മറ്റൊരാളുടെയല്ലാതെ എന്റെ സ്വന്തം പ്രവൃത്തികളാല്‍ നിര്‍വചിക്കപ്പെട്ട ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ചാണ് ഞാന്‍ ഇവിടെ വന്നത്. എന്നാല്‍ ഇപ്പോള്‍ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരാള്‍ ചെയ്ത ഒരു കാര്യത്തിന് ഞങ്ങളുടെ ജീവിതം തലകീഴായി മാറുകയാണ്.’ അവര്‍ കുറിച്ചു.
‘നിയമം അനുസരിക്കുന്ന രണ്ട് പ്രൊഫസര്‍മാരും ഒരു ആണ്‍കുട്ടിയും അടങ്ങുന്ന ഞങ്ങള്‍ മൂന്നുപേര്‍ക്കും ഇത് സംഭവിക്കാമെങ്കില്‍, ആര്‍ക്ക് വേണമെങ്കിലും ഇത് സംഭവിക്കാം,’ തടങ്കലില്‍ നിന്നുള്ള തന്റെ കത്തിന്റെ അവസാന വരിയില്‍ തഹ്‌മസെബി പറഞ്ഞു.
2014 ല്‍ നിയമപരമായി യു.എസില്‍ എത്തിയവരാണ് തഹ്‌മസെബിയും ഹഷെര്‍മിയും. 2016 ല്‍ ഇവര്‍ സ്ഥിര താമസ പെര്‍മിറ്റും നേടി. ലോസ് ആഞ്ചലസില്‍ പ്രൊഫസര്‍മാരായി ജോലി ചെയ്ത് വരുന്നതിനിടെയാണ് ഇവരുടെ അറസ്റ്റ്. രാജ്യത്തിന്റെ വിദേശ നയത്തിനും ദേശീയ സുരക്ഷക്കും ഇവരുടെ യു.എസിലെ സാന്നിധ്യം ഭീഷണിയാണെന്നാണ് രാജ്യത്തെ ആഭ്യന്തര സുരക്ഷാ വകുപ്പ് ഇപ്പോള്‍ ആരോപിക്കുന്നത്.
അതേസമയം, നിയമാനുസൃതമായ ഉദ്ദേശ്യത്തോടെയല്ല തന്റെ കക്ഷികളെ തടങ്കലിലിട്ടതെന്ന് കുടുംബത്തിന്റെ അഭിഭാഷക താല അല്‍ഫോഖഹ പറഞ്ഞു. സര്‍ക്കാരിന്റെ നീക്കം കുടുംബത്തെ സ്വമേധയാ രാജ്യം വിടുന്നതില്‍നിന്ന് തടയുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിങ്ങള്‍ എല്ലാ കാര്യങ്ങളും ശരിയായി ചെയ്താലും ഐ.സി.ഇ തടങ്കലില്‍ പോകേണ്ടി വരുമെന്ന് ഈ സംഭവം തെളിയിക്കുന്നു. അവര്‍ ചെയ്ത കാര്യത്തിന്റെ പേരില്ല അവര്‍ തടവിലായത്. അവരുടെ മാതാപിതാക്കളാരെന്ന് നോക്കിയാണ് അവരെ തടങ്കിലലിട്ടതെന്നും അവര്‍ വ്യക്തമാക്കി.
രണ്ടാം ലോകമഹായുദ്ധസമയത്ത് ജാപ്പനീസ് അമേരിക്കക്കാരെ തടങ്കലില്‍ വച്ചതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ കേസ്. യുഎസ് ഒരു രാജ്യത്ത് നിന്നുള്ളവരെ അവരുടെ ഐഡന്റിറ്റിയുടെയു അടിസ്ഥാനത്തില്‍ ആളുകളെ തടങ്കലില്‍ വച്ചതിനെ അനുസ്മരിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
Content Highlight:’Bloodline punishment’: Iranian family faces ongoing punitive ICE detention
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.