ആ കാശ് കൊടുത്തത് മുനവ്വറലി തങ്ങളാണ്...അവരുടെ ഉപ്പ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവാണ്...ഹിന്ദു-മുസ്‌ലിം വേര്‍തിരിവ് കാണിക്കില്ല; ബ്ലഡ് മണി സിനിമയിലെ രംഗം കേരളത്തില്‍ തരംഗമാവുന്നു
Film News
ആ കാശ് കൊടുത്തത് മുനവ്വറലി തങ്ങളാണ്...അവരുടെ ഉപ്പ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവാണ്...ഹിന്ദു-മുസ്‌ലിം വേര്‍തിരിവ് കാണിക്കില്ല; ബ്ലഡ് മണി സിനിമയിലെ രംഗം കേരളത്തില്‍ തരംഗമാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th December 2021, 2:51 pm

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങളേയും പിതാവും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളേയും പ്രതിപാദിച്ച് തമിഴ് സിനിമ ബ്ലഡ് മണി.

കുവൈത്ത് ജയിലില്‍ വധശിക്ഷ കാത്ത് കിടന്നിരുന്ന തമിഴ്‌നാട് സ്വദേശിയെ നഷ്ടപരിഹാരം നല്‍കി രക്ഷിക്കുന്നതും അതിനായി ഒരു മാധ്യമപ്രവര്‍ത്തക നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ ഒരു രംഗത്തില്‍ മുനവ്വറലി തങ്ങളേയും ശിഹാബ് തങ്ങളേയും പരാമര്‍ശിക്കുന്ന ഒരു രംഗവുമുണ്ട്.

കുവെത്ത് ജയിലില്‍ പെരിന്തല്‍മണ്ണക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ അര്‍ജുനന്‍ അത്തിമുത്തു എന്ന തമിഴ്‌നാട് സ്വദേശിയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. അത്തിമുത്തുവിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പ് കൊടുത്തതിനാലാണ്.

ഇതിനോടൊപ്പം 30 ലക്ഷം രൂപയും അത്തിമുത്തുവിന്റെ കുടുംബം നല്‍കണമായിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം രൂപ മാത്രമായിരുന്നു അത്തിമുത്തുവിന്റെ ഭാര്യ മാലതിയ്ക്ക് സംഘടിപ്പിക്കാനായിരുന്നത്. ഇതോടെയാണ് മാലതി സഹായമഭ്യര്‍ത്ഥിച്ച് പാണക്കാട്ടേക്കെത്തുന്നത്.

സഹായിക്കാമെന്നേറ്റ മുനവ്വറലി ശിഹാബ് തങ്ങള്‍ ഇടപെട്ടാണ് 25 ലക്ഷം രൂപ സമാഹരിച്ചത്. മുനവ്വറലിയുടെ വീട്ടിലെത്തിയാണ് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് തുക കൈമാറിയത്.

അന്ന് മാധ്യമങ്ങളെല്ലാം ഇത് വാര്‍ത്തയാക്കിയിരുന്നു. സിനിമയിലും ഈ രംഗങ്ങളെല്ലാം ചേര്‍ത്തിട്ടുണ്ട്. അത്തിമുത്തുവിന്റെ കുടുംബത്തിന്റെ നിസഹായാവസ്ഥ പുറത്തെത്തിച്ച മാധ്യമപ്രവര്‍ത്തകയുടെ വേഷം ചെയ്യുന്ന പ്രിയ ഭവാനി ശങ്കര്‍ ഒരു ഓഫീസിലേക്കെത്തുകയും ഇക്കാര്യം അന്വേഷിക്കുകയും ചെയ്യുന്നതാണ് രംഗം.

മാധ്യമപ്രവര്‍ത്തക: കാളിയപ്പന്റെ (അത്തിമുത്തുവിന് സിനിമയില്‍ നല്‍കിയിരിക്കുന്ന പേര്) അമ്മ പറഞ്ഞത് ഞങ്ങള്‍ നഷ്ടപരിഹാരതുക അഞ്ച് ലക്ഷം രൂപ കൊടുത്തുവെന്നാണ്. 25 ലക്ഷം രൂപ നിങ്ങളുടെ ട്രസ്റ്റിലെ മുനവ്വറലി തങ്ങള്‍ കൊടുത്തുവെന്നാണ് പറയുന്നത്. അത് സത്യമാണോ?

ഓഫിസിലെ ആള്‍: അതെ. മുനവ്വറലി ശിഹാബ് തങ്ങള്‍. അവരുടെ പിതാവ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിലെ സമുന്നതനായ നേതാവാണ്. ഹിന്ദുവോ മുസ്‌ലിമോ എന്ന് നോക്കില്ല, എല്ലാവരേയും സഹായിക്കും


2017 ലായിരുന്നു മാലതിയ്ക്കും കുടുംബത്തിനും മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ പണം സമാഹരിച്ച് കൊടുത്തത്. ഇതിന് പിന്നാലെ അത്തിമുത്തു ജയില്‍ മോചിതനാകുകയായിരുന്നു.

സീ5 എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലിറങ്ങിയ ബ്ലഡ് മണി സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. കെ.എം. സര്‍ജുന്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കര്‍ ദാസാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Blood Money Movie Muslim League Munavarali Thangal Muhammed ali Shihab Thangal