പുതിയ തലമുറയില്‍ കണ്‍സിസ്റ്റന്റ് ആയി സിനിമ എടുക്കുന്ന സംവിധായകര്‍ കുറച്ചുപേരേ ഉള്ളുവെന്ന് സംവിധായകന്‍ ബ്ലെസി. സിനിമ ഒരുപാട് മാറിയെന്നും സാങ്കേതികമായി സിനിമ കുറച്ചുകൂടി എളുപ്പമായെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പുതിയ സിനിമകളെ കുറിച്ച് സംസാരിക്കുകയായിരുന്നു ബ്ലെസി.
‘ഇന്ന് പരീക്ഷണങ്ങള്‍ക്ക് പലരും മുതിരുന്നു. അത് പുതിയ ആശയങ്ങളിലേക്ക് നയിക്കുന്നു. അങ്ങനെ അത് വളരെ വ്യത്യസ്തവും സ്വാഭാവികവും ആകുന്നു. അതിനെയൊക്കെ അംഗീകരിക്കാന്‍ ഇന്നത്തെ യുവതലമുറ പ്രേക്ഷകര്‍ തയ്യാറാവുന്നു.
യുവത്വം സിനിമയെ ഒരു ഹരമായി എടുക്കുന്നു എന്നത് തന്നെയാണ് അതിന്റെ കാരണം. പുതിയതലമുറ സംവിധായകരില്‍ കണ്‍സിസ്റ്റന്റ് ആയി സിനിമ എടുക്കുന്നവര്‍ കുറച്ചുപേരേ ഉള്ളു,’ ബ്ലെസി പറയുന്നു.
വ്യത്യസ്തമായ സിനിമ ഇറക്കുകയും അടുത്ത സിനിമയില്‍ ആ ഒരു പ്രതിഭ കാണാതിരിക്കുകയും ചെയ്യുന്ന ആളുകളുമുണ്ടെന്നും അവരുടെ തലമുറയില്‍ നിന്നുകൊണ്ട്, സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് അവര്‍ സിനിമ ചെയ്യുന്നത് എന്നതാണ് സന്തോഷമെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.
‘ആദ്യകാലത്ത് മലയാളത്തില്‍ ഒരു 100 കോടി സിനിമയൊക്കെ അപൂര്‍വമായിരുന്നു. ഇന്ന് ആ ഗണത്തിലേക്ക് ഒരുപാട് സിനിമകള്‍ വരുന്നു. പണ്ട് ഫാമിലി പ്രേക്ഷകര്‍ കയറുമ്പോഴായിരുന്നു സിനിമ ഹിറ്റ് ആയിക്കൊണ്ടിരുന്നത്. എന്നാല്‍ ഇന്നങ്ങനെ ഒരു പ്രത്യേക ഓഡിയന്‍സിനെ ആശ്രയിച്ചല്ല സിനിമയുടെ വിജയം,’ബ്ലെസി പറഞ്ഞു.
പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതം ആണ് ബ്ലെസിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ അമല പോള്‍, ഗോകുല്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. എ.ആര്‍ റഹ്‌മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
Content Highlight: Blessy talking about new movies