കണ്ണീരിൽ പിറന്ന സിനിമ; അത്തരമൊരു കഥ പിന്നീട് പിറന്നിട്ടുമില്ല: ബ്ലെസി
Malayalam Cinema
കണ്ണീരിൽ പിറന്ന സിനിമ; അത്തരമൊരു കഥ പിന്നീട് പിറന്നിട്ടുമില്ല: ബ്ലെസി
നന്ദന എം.സി
Wednesday, 24th December 2025, 6:21 pm

മോഹൻലാൽ ബ്ലെസി കൂട്ടുകെട്ടിൽ പിറന്ന ക്ലാസിക് ചിത്രമാണ് തന്മാത്ര. സിനിമയിറങ്ങി ഇരുപതു വർഷങ്ങൾക്ക് ശേഷവും ആ സിനിമയുടെ വേദന ഓരോ മലയാളികളുടെയും ഉള്ളിൽ ഇന്നും ഒരു വിങ്ങലായി നിലകൊള്ളുകയാണ്. അൽഷിമേഴ്‌സ് രോഗം മനുഷ്യന്റെ ജീവിതത്തെയും ബന്ധങ്ങളെയും എങ്ങനെ പതിയെ ഇല്ലാതാക്കുന്നു എന്ന വേദനയാണ് തന്മാത്രയിലൂടെ ബ്ലെസി ഓരോ പ്രേക്ഷകനും നൽകിയത്.

അതിലെ ഓരോ രംഗങ്ങൾ എഴുതുമ്പോഴും കഥാപാത്രത്തിന്റെ നിസ്സഹായത തന്നെ വേട്ടയാടിയിരുന്നുവെന്ന് ബ്ലെസി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അതിനാൽ തന്നെ അൽഷിമേഴ്‌സ് ബാധിക്കുന്ന ‘രമേശൻ നായർ’ എന്ന കഥാപാത്രമായി മോഹൻലാൽ നടത്തിയ അഭിനയപ്രകടനം ഇന്നും മലയാള സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

തന്മാത്ര ,Photo: Theatrical poster

തന്മാത്ര എന്ന സിനിമയെ കുറിച്ചും ആ കഥ എഴുതിയ നിമിഷങ്ങളെക്കുറിച്ചും ഓർത്തെടുത്ത് പറയുകയാണ് ബ്ലെസി. ‘തന്മാത്ര’യുടെ കഥ താൻ കരഞ്ഞുകൊണ്ടാണ് എഴുതിയത്, അത്തരമൊരു കഥ അതിന് മുൻപും അതിന് ശേഷവും എഴുതിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

മോഹൻലാൽ, Photo: YouTube/Screengrab

‘ അതെഴുതുന്ന അവസ്ഥയിൽ ഞാൻ പതറി, അതിനെ കുറിച്ചിപ്പോൾ ഓർക്കുമ്പോൾ പോലും എനിക്കൊരു പതർച്ചയാണുണ്ടാകുന്നത്. ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരു പുലർച്ചെ മൂന്നുമണിക്കോ നാലുമണിക്കോയാണ് ഞാൻ ഈ കഥയെഴുതുന്നത്. നല്ല മഴയുള്ള ഒരു സമയത്തായിരുന്നു ഞാനിതെഴുതിയത്. ആ സമയം ഞാൻ കരഞ്ഞുകൊണ്ടതാണ് ഓരോ സീനും എഴുതിയത്.

ജീവിതത്തിൽ അങ്ങനെ ഒരു രോഗമുണ്ടോ, അങ്ങനത്തെ ഒരു അവസ്ഥയുണ്ടോ, അത്തരമൊരു അവസ്ഥയെ നമ്മൾ ഫേസ് ചെയ്യുമ്പോൾ എങ്ങനെയായിരിക്കുമെന്നുള്ള ഒരു യാഥാർഥ്യം അത് എഴുതുന്ന ഒരാൾക്കുണ്ടാകും. ആ അവസ്ഥ എനിക്കുമുണ്ടായിരുന്നു. ഞാൻ കരഞ്ഞ് കഴിഞ്ഞിട്ടേ നിങ്ങൾ ഓരോരുത്തരും കരഞ്ഞിട്ടുള്ളു,’ ബ്ലെസി പറഞ്ഞു.

കഥാപാത്രത്തിന്റെ ശബ്‌ദം നമുക്ക് നൽകുന്ന ഒരു ഇമോഷൻ അത് സിനിമയിലെ മറ്റുകഥാപാത്രങ്ങളെ പോലെ ഓരോ പ്രേക്ഷകനും അനുഭവപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സിനിമ കുറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അടിവസ്ത്രം മാത്രം ധരിച്ച മോഹൻലാലിനെ കാണിക്കുമ്പോൾ ഇതെല്ലം എങ്ങനെയാണ് പ്രേക്ഷകർ എടുക്കുക , ഒരു കുടുംബ സദസിന് കാണാൻ കഴിയുന്ന സിനിമയാകുമോ എന്നുള്ള ആശയങ്ങൾ എല്ലാം വന്നിരുന്നു. എന്നാൽ തന്നെ അതൊന്നും ബാധിച്ചിരുന്നില്ലെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

Content Highlight: Blessy shares his experience with the Thanmatra  film he wrote

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.