ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ആടുജീവിതത്തെ തഴഞ്ഞതില്‍ നിരാശയും സങ്കടവുമുണ്ടെന്ന് സംവിധായകന്‍ ബ്ലെസി. കാലാകാരന്മാര്‍ ഇ.ഡി പേടിയിലാണോ ജീവിക്കുന്നതെന്ന ചോദ്യത്തോട് ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ശരിയാണെന്ന് തോന്നാറുണ്ടെന്ന് ബ്ലെസി പറഞ്ഞു. ആടുജീവിതത്തിന് അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് പറഞ്ഞുകൊണ്ട് ചന്ദ്രിക ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
‘സൈമ അവാര്‍ഡ് നൈറ്റില്‍ മഹാരാജയുടെ സംവിധായകന്‍ ആടുജീവിതത്തിന് അവാര്‍ഡ് ലഭിക്കാത്തതിലുള്ള പ്രതികരണം സോഫ്റ്റായിരുന്നല്ലോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും നടക്കില്ലെന്ന ബോധ്യമുണ്ട്. സ്വസ്ഥത നഷ്ടമാകും. ഇ.ഡിയുടെ വേട്ടയാടല്‍ പ്രതീക്ഷിക്കാം. ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ കലാകാരന്മാര്‍ മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്’ ചന്ദ്രികക്ക് നല്കിയ അഭിമുഖത്തില്‍ ബ്ലെസി സംസാരിച്ചു.
ഇതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനല്‍ അദ്ദേഹത്തോട് ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം ആവശ്യപ്പെടുകയായിരുന്നു. അവാര്‍ഡ് കിട്ടാത്തതില്‍ പ്രതികരിക്കുന്നത് മാന്യതയല്ലെന്നും അത് ജൂറിയുടെ തീരുമാനമാണെന്നും ബ്ലെസി പറഞ്ഞു. എന്നാല്‍ അതിലെ രാഷ്ട്രീയപരമായ കാര്യങ്ങള്‍ താന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്നാല്‍ ആ കാര്യങ്ങള്‍ തുറന്നുകാട്ടാന്‍ എന്തുകൊണ്ട് എനിക്കോ മീഡിയകള്‍ക്കോ കഴിയുന്നില്ല എന്നൊക്കെ പറയുന്നതിന്റെ കാരണം ഇതിന്റെയെല്ലാം പിന്നില്‍ നിഴലുപോലെയുള്ള ഭയം കൊണ്ടാണ്. ഒരു പേരെഴുതുമ്പോള്‍ പോലും നമ്മള്‍ ചരിത്രം പഠിക്കേണ്ടി വരും. മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് നോക്കേണ്ടി വരുന്നുണ്ട്. ഇത് ആരെയൊക്കെ വേദനിപ്പിക്കുമെന്ന് നോക്കേണ്ടി വരും. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്ന് എഴുതുന്നുണ്ടെങ്കിലും മറ്റ് ചില കാര്യങ്ങളും ഇപ്പോള്‍ ചേര്‍ക്കേണ്ടി വരും.
ജീവിതകാലത്തില്‍ ഒരു കലാകാരന് അനുഭവിക്കാവുന്നതിന്റെ ഏറ്റവും വലിയ പ്രയാസങ്ങള്‍ അനുഭവിച്ച സമയത്തിലൂടെയായിരുന്നു ആടുജീവിതം ചെയ്തപ്പോള്‍ കടന്നുപോയത്. മറ്റൊന്നിനെ പ്രശംസിക്കാന്‍ വേണ്ടി അത്രയും പ്രയാസമനുഭവിച്ച് പൂര്‍ത്തിയാക്കിയ സിനിമയെ മോശമെന്ന് പറയുമ്പോള്‍ നമ്മള്‍ ഡിപ്രഷനിലേക്കെത്തും.
ആ അവസ്ഥ അറിയാവുന്നവര്‍ വളരെ കുറച്ച് മാത്രമേയുണ്ടാകൂ. കേരളത്തിലെ ചില മാധ്യമങ്ങള്‍ അതിനെതിരെ പ്രതികരിച്ചു. നോര്‍ത്ത് ഇന്ത്യയിലുള്ളവര്‍ക്കും ഈ സിനിമയെക്കുറിച്ച് അറിയാത്തവര്‍ക്കും ഇത് അത്ര പ്രസക്തിയുള്ള കാര്യമല്ല,’ ബ്ലെസി പറയുന്നു.
71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ആടുജീവിതത്തെ ജൂറി പൂര്‍ണമായും തഴയുകയായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും സംവിധായകനുള്ള പുരസ്‌കാരം സുദീപ്‌തോ സെന്നിനും ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് കേരള സ്‌റ്റോറിക്കുമായിരുന്നു നല്കിയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Content highlight: Blessy saying artists living in fear of ED nowadays