ഒരുപാട് വിവാദങ്ങള്‍ക്ക് വഴിവെച്ചുകൊണ്ടാണ് 71ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. അര്‍ഹിച്ച പുരസ്‌കാരം കുറച്ച് വിഭാഗത്തിന് മാത്രം ലഭിച്ചെങ്കിലും മികച്ച നടനുള്ള പുരസ്‌കാരമടക്കം അര്‍ഹതയില്ലാത്തവര്‍ക്കാണ് ലഭിച്ചതെന്ന് പരക്കെ ആക്ഷേപമുണ്ടായി. കേരള സ്റ്റോറി പോലെ വിദ്വേഷം പ്രചരിപ്പിച്ച സിനിമക്ക് പുരസ്‌കാരം നല്‍കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
2023ല്‍ സെന്‍സര്‍ ചെയ്ത സിനിമകളില്‍ ജൂറി പാടേ ഒഴിവാക്കിയ ചിത്രമായിരുന്നു ആടുജീവിതം. മലയാളത്തില്‍ ഒരുപാട് വായനക്കാരെ സ്വന്തമാക്കിയ നോവലിന്റെ ചലച്ചിത്രഭാഷ്യം മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായിരുന്നു. ബ്ലെസി എന്ന സംവിധായകന്റെ 14 വര്‍ഷവും പൃഥ്വിരാജിന്റെ കരിയറിലെ ആറ് വര്‍ഷവും ചിത്രത്തിനായി സമര്‍പ്പിച്ചിരുന്നു.
‘ആടുജീവിതത്തിന്റെ ഓസ്‌കര്‍ ക്യാമ്പയിന്‍ നടക്കുന്ന സമയത്ത് ഇപ്പോഴത്തെ ജൂറി ചെയര്‍മാന്‍ അശുതോഷ് ഗോരിയാക്കര്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം സിനിമ കണ്ടിട്ട് അതിന്റെ അഭിപ്രായം പറയാന്‍ വേണ്ടി വിളിച്ചതായിരുന്നു. ‘ലോറന്‍സ് ഓഫ് അറേബ്യക്ക് ശേഷം മരുഭൂമിയെ ഇത്രയും മനോഹരമായി കാണിച്ച വേറെ സിനിമയില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ലഗാന്‍ പോലൊരു ക്ലാസിക് എടുത്ത സംവിധായകനില്‍ നിന്ന് ഇത്രയും വലിയ കോംപ്ലിമെന്റ് ലഭിക്കുന്നത് അവാര്‍ഡിന് തുല്യമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് അദ്ദേഹം എന്നെ ലഞ്ചിന് വിളിച്ചെങ്കിലും ആ സമയത്ത് ഒരുപാട് യാത്രകളിലായതിനാല്‍ എനിക്ക് അതിന് സാധിച്ചില്ല. ആ അവസരം ഞാന്‍ വേണ്ടെന്നുവെക്കേണ്ടി വന്നു.
എന്നാല്‍ ഇപ്പോള്‍ അതേ വ്യക്തി തന്നെ പറയുകയാണ് ഈ സിനിമ ടെക്‌നിക്കലി മോശമാണെന്ന്. അത് എന്നെ മാത്രമല്ല, എന്റെ മുഴുവന്‍ ടീമിനെയും വില കുറച്ച് കാണുന്നതുപോലെയാണ് തോന്നിയത്. അദ്ദേഹം അങ്ങനെ പറയേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു,’ ബ്ലെസി പറഞ്ഞു.
മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് കേരള സ്റ്റോറിക്ക് നല്‍കിയ ജൂറി ജവാനിലെ പ്രകടനത്തിന് ഷാരൂഖ് ഖാനെയും 12th ഫെയിലിലെ പ്രകടനത്തിന് വിക്രാന്ത് മാസെയെയുമാണ് തെരഞ്ഞെടുത്തത്. കേരള സ്റ്റോറി അണിയിച്ചൊരുക്കിയ സുദീപ്‌തോ സെന്നിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.
Content Highlight: Blessy criticizing National Award jury chairman about the comment on Aadujeevitham movie