ടി-20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ വമ്പന്‍ വിജയവുമായി സിംബാബ്‌വേ. കൊളംബോയിലെ ആര്‍. പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിന്റെ വിജയമാണ് ഷെവ്‌റോണ്‍സ് നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് ഓസീസിന് നേരെ അടിച്ചെടുത്തത്.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ 146 റണ്‍സിന് കങ്കാരുപ്പട ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കാനും സിംബാബ്‌വേക്ക് സാധിച്ചിരിക്കുകയാണ്.
ബ്ലെസിങ് മുസാരബാനിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് സിംബാബ്‌വേ വിജയം കീഴടക്കിയത്. ഓസീസ് ഓപ്പണ്‍ ജോഷ് ഇംഗ്ലിസ് (8), ടിം ഡേവിഡ് (0), മാറ്റ് റെന്‍ഷോ (65), ആദം സാംപ (2) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്.
ഇതോടെ ഒരു മിന്നും മൈല്‍ സ്‌റ്റോണ്‍ സ്വന്തമാക്കാനും മുസാരബാനിക്ക് സാധിച്ചിരിക്കുകയാണ്. സിംബാബ്‌വേക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് മുസാരബാനിക്ക് സാധിച്ചത്. സിംബാബ്‌വേക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടി-20 വിക്കറ്റുകള്‍ വീഴ്ത്തുന്ന മൂന്നാമത്തെ താരമാണ് മുസാരബാനി. റിച്ചാര്‍ഡ് എന്‍ഗരാവെയാണ് ഈ ലിസ്റ്റില്‍ മുന്നിലുള്ളത്.
സിംബാബ്‌വേക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടി-20 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരങ്ങള്‍, വിക്കറ്റ് (ഇന്നിങ്‌സ്)
റിച്ചാര്‍ഡ് എന്‍ഗരാവെ – 111 (89)
സിക്കന്ദര്‍ റാസ – 103 (115)
ബ്ലസിങ് മുസാരബാനി – 100 (82)
ലൂക്ക് ജോങ്‌വേ – 57 – 66
മത്സരത്തില്‍ മുസാരബാനിക്ക് പുറമെ ബ്രാഡ് ഇവന്‍സ് മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം നടത്തി. ഓസീസ് ക്യാപ്റ്റന്‍ ട്രാവിസ് ഹെഡ് (17), കാമറൂണ്‍ ഗ്രീന്‍ (0), ബെന്‍ ഡ്വാര്‍ഷിസ് (6) എന്നിവരെയാണ് താരം കൂടാരം കയറ്റിയത്.
മത്സരത്തിലെ അഞ്ചാം ഓവറിനുള്ളില്‍ തന്നെ ഓസീസിന് തങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ നഷ്ടപ്പെട്ടിരുന്നു. നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് നേടി മികച്ച ഗെയിം പ്ലാന്‍ തന്നെയാണ് സിംബാബ്‌വേയ്ക്ക് വിജയം നേടിക്കൊടുത്തത്. അതേസമയം 31 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓസീസിന്റെ രണ്ടാ ടോപ് സ്‌കോററാണ്. റയാന്‍ ബ്യൂറലിനാണ് മാക്‌സിന്റെ വിക്കറ്റ്.