ആയിരം പ്രതിബന്ധങ്ങള്‍, ഒരു ദശലക്ഷം വെല്ലുവിളികള്‍; ആടുജീവിതത്തിന് പാക്കപ്പ്: കുറിപ്പുമായി പൃഥ്വിരാജ്
Entertainment news
ആയിരം പ്രതിബന്ധങ്ങള്‍, ഒരു ദശലക്ഷം വെല്ലുവിളികള്‍; ആടുജീവിതത്തിന് പാക്കപ്പ്: കുറിപ്പുമായി പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th July 2022, 1:38 pm

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആധാരമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീര ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം ആടുജീവിതത്തിന്റെ വിദേശ ഷൂട്ടിംഗ് പാതിവഴിയില്‍ മുടങ്ങിയിരുന്നു.

കൊവിഡ് പ്രതിസന്ധി അവസാനിച്ചതോടെ ജോര്‍ദാനില്‍ ഷൂട്ട് ചെയ്യാന്‍ ബാക്കിയുള്ള ഭാഗം ചിത്രീകരിക്കാന്‍ പൃഥ്വിയും സംഘവും ഏപ്രില്‍ അവസാന വാരം ജോര്‍ദാനിലേക്ക് പോയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ണമായും കഴിഞ്ഞിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.


’14 വര്‍ഷം, ആയിരം പ്രതിബന്ധങ്ങള്‍, ഒരു ദശലക്ഷം വെല്ലുവിളികള്‍, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍. ഒരു വിസ്മയകരമായ കാഴ്ച. ബ്ലെസിയുടെ ആടുജീവിതം പാക്ക് അപ്പ്.’ എന്നാണ് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളും പൃഥി പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമാ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ഗള്‍ഫില്‍ ജോലിക്കായി പോയി മരുഭൂമിയില്‍ ചതിയില്‍ കുടുങ്ങിയ നജീബിന്റെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം.

അതേസമയം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ കടുവ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റെക്കോഡ് കളക്ഷന്‍ നേടിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.

പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായ കാപ്പയും അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വിയുടെ മറ്റൊരു ചിത്രമാണ്.

Content Highlight : Blessey Prithviraj movie Aadujeevitham Packed up