വിജയ്‌യുടെ അവസാന ചിത്രം ജനനായകന്‍ സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്കില്‍ അകപ്പെട്ട് റിലീസ് ചെയ്യാന്‍ പറ്റാതായതോടെ വലിയ പ്രതിസന്ധിയിലായിരുന്നു തമിഴ് സിനിമാ മേഖല. കാര്യമായ റിലീസുകളൊന്നും തന്നെ 2026ല്‍ കോളിവുഡില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ ചീത്തപ്പേരുകളെല്ലാം മാറ്റിക്കൊണ്ടായിരുന്നു സൂര്യ നായകനായ കറുപ്പ് കഴിഞ്ഞ മാസം തിയേറ്ററുകളിലേക്കെത്തിയത്.
തമിഴ് സിനിമയ്ക്ക് ഒരു ഹിറ്റ് കിട്ടി എന്നതിലപ്പുറം 13 വര്‍ഷത്തോളം നീണ്ട സൂര്യയുടെ പരാജയ തേരോട്ടത്തിന് ഒരു അന്ത്യം കുറിക്കാന്‍ കറുപ്പിനായി എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തില്‍ മുന്നൂറ് കോടിയും പിന്നിട്ട് വലിയ വിജയമായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടിയിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു.
തമിഴ്‌നാട്ടിലും ആഗോളതലത്തിലും ചിത്രത്തിന് വലിയ കളക്ഷന്‍ നേടാനായെങ്കിലും കേരള ബോക്‌സ് ഓഫീസിലെ സ്ഥിതി വ്യത്യസ്തമാണെന്നാണ് സിനിമാ പേജുകള്‍ പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത് 28 ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന് ഏകദേശേം 13.85 കോടിയാണ് നേടാനായിട്ടുള്ളത്. വലിയ ഹൈപ്പ് ചിത്രത്തിനുണ്ടായിട്ടും മികച്ച പ്രതികരണം ആദ്യ ദിനങ്ങളില്‍ ലഭിച്ചിട്ടും കറുപ്പിന് കിട്ടിയ കളക്ഷന്‍ കുറഞ്ഞുപോയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
കറുപ്പിന് പിന്നാലെ മെയ് 28ന് തിയേറ്ററുകളിലെത്തിയ അര്‍ജുന്‍ നായകനായ ചിത്രം ബ്ലാസ്റ്റിന് കിട്ടിയ കളക്ഷന്‍ ചൂണ്ടിക്കാട്ടിയാണ് പലരും വാദത്തെ സാധൂകരിക്കുന്നത്. സൂര്യ ചിത്രത്തിന്റെ പകുതി പോലും ഹൈപ്പില്ലാതെ എത്തിയ ബ്ലാസ്റ്റ് 15 ദിവസത്തെ പ്രദര്‍ശനം കൊണ്ട് കേരള ബോക്‌സ് ഓഫീസില്‍ നിന്നും 12.66 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആദ്യ ദിനങ്ങളില്‍ കളക്ഷന്‍ കുറവായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രത്തിന് കിട്ടിയ മൗത്ത് പബ്ലിസിറ്റിയിലൂടെ കളക്ഷനില്‍ കാര്യമായ വര്‍ധനവുണ്ടാക്കുകയായിരുന്നു. അര്‍ജുന്‍, അഭിരാമി, പ്രീതി മുകുന്ദന്‍ തുടങ്ങിയവരുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ കൈയടി ലഭിക്കുകയും ചെയ്തതോടെ ചിത്രത്തെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. ഇതോടെ സൂര്യയുടെ കറുപ്പിന് കേരളത്തില്‍ കാര്യമായി ഒന്നും ചെയ്യാനായിട്ടില്ലെന്നും ഒരു ശരാശരി പ്രകടനം മാത്രമാണ് ചിത്രം കാഴ്ച്ചവെച്ചിരിക്കുന്നതെന്നുമുള്ള അവലോകനത്തിലാണ് സോഷ്യല്‍ മീഡിയ. മലയാളികള്‍ എന്നും നല്ല ചിത്രങ്ങള്‍ക്കൊപ്പമാണെന്നതിന്റെ തെളിവാണ് ഇതെന്നും പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Blast movie Kerala box office collection reaches Karuppu collection within 15 days of release
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.