ബ്ലാക്ക്‌ബെറി 4500 ജീവനക്കാരെ പിരിച്ച് വിടുന്നു
Big Buy
ബ്ലാക്ക്‌ബെറി 4500 ജീവനക്കാരെ പിരിച്ച് വിടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st September 2013, 9:00 pm

[]ടൊറോന്റോ: സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെയും സാംസങിന്റെയും പിന്നിലായിപ്പോയ ബ്ലാക്ക്ബറി 4500 ജീവനക്കാരെ ഒഴിവാക്കുന്നു. കമ്പനിയുടെ മൊത്തം തൊഴിലാളികളില്‍ 40 ശതമാനം വരുമിത്.

വിപണിയിലേക്കുള്ള ആപ്പിള്‍ ഐഫോണിന്റെ കടന്നുവരവും സാംസങ് ഗ്യലക്‌സി ഫോളുകളുടെ സ്വീകാര്യത്യയും, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായതുമൊക്കെയാണ് ബ്ലാക്ക്ബറിക്ക് തിരിച്ചടിയായത്.

കഴിഞ്ഞ പാദത്തില്‍ 100 കോടി ഡോളറിന്റെ നഷ്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് ബ്ലാക്ക്ബറി പറയുന്നു. നിലവില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ആറ് മോഡലുകള്‍ കമ്പനി വില്‍ക്കുന്നതില്‍ രണ്ട് മോഡലുകള്‍ നിര്‍ത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

വൈഷമ്യമേറിയ സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനമെന്ന്, ബ്ലാക്ക്ബറിയുടെ ചീഫ് എക്‌സിക്യുട്ടീവ് തോര്‍സ്റ്റീന്‍ ഹീന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ജോലിക്കാരെ കമ്പനി ഒഴിവാക്കിയിരുന്നു. മാര്‍ച്ച് മാസത്തിലെ കണക്ക് പ്രകാരം 12,700 പേരാണ് കമ്പനിയില്‍ ജോലിക്കാരായുള്ളത്. ഒരു ഘട്ടത്തില്‍ 20,000ത്തോളം ജോലിക്കാര്‍ ഉണ്ടായിടത്താണിത്.

ഏറ്റവുമൊടുവിലത്തെ പാദത്തില്‍ 312 ലക്ഷം ഐഫോണുകള്‍ വിറ്റഴിഞ്ഞപ്പോള്‍ , വെറും 37 ലക്ഷം ബ്ലാക്ക്ബറി ഫോണുകളാണ് ചെലവായത്. നാലുവര്‍ഷം മുമ്പ് വടക്കേയമേരിക്കയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 51 ശതമാനം വിഹിതം ബ്ലാക്ക്ബറിക്കായിരുന്നു.

കമ്പനിയുടെ ഏറ്റവും പുതിയ മുന്‍നിര ഫോണായ സെഡ് 30 ക്ക് പോലും മാര്‍ക്കറ്റില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ്  ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക കമ്പനി നീങ്ങാന്‍ കാരണം.