ന്യൂദല്‍ഹി: പുതിയ മേധാവിയുടെ സാരഥ്യത്തിന്റെ കീഴിലും ഭീമന്‍ നഷ്ടം നേരിട്ട ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) പുനര്‍വിചിന്തനത്തിനു തയ്യാറാകുന്നു. വില്‍പന വര്‍ധിപ്പിക്കാന്‍ തങ്ങളുടെ സ്മാര്‍ട്‌ഫോണുകളുടെ വില കുത്തനെ കുറിച്ചിരിക്കുകയാണ് ബ്ലാക്ക്‌ബെറി. ബ്ലാക്ക്‌ബെറിയുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ മാര്‍ക്കറ്റ് ഇന്ത്യയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ മാത്രമാണ് ബ്ലാക്ക്‌ബെറി വില കുറച്ചിരിക്കുന്നത്.
നിലവിലെ വിലയില്‍ നിന്നും 27 ശതമാനത്തോളം വിലക്കുറവിലാണ് ബ്ലാക്ക്‌ബെറി ഫോണുകള്‍ ലഭ്യമാകുക. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് റിം വില കുറയ്ക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് പതിനായിരം രൂപയില്‍ കുറഞ്ഞ ഒരു മോഡലും ബ്ലാക്ക്‌ബെറി ഫോണ്‍ ശ്രേണിയില്‍ ഉണ്ടായിരുന്നില്ല.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 12.5 കോടി ഡോളറിന്റെ വന്‍ നഷ്ടമാണ് റിംമിന് സംഭവിച്ചത്. എന്നാല്‍ മുന്‍വര്‍ഷം ഇതേ കാലയളവില്‍ 41.8 കോടി ഡോളറായിരുന്നു നഷ്ടം. ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ബ്ലാക്ക്‌ബെറി വിലക്കുറവും പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ അറ്റാദായം 2012 സാമ്പത്തിക വര്‍ഷം 116 കോടി ഡോളറായും കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നഷ്ടം 340 കോടി ഡോളറായിരുന്നു.
റിമ്മിന്റെ പുതിയ മേധാവി തോര്‍സ്റ്റണ്‍ ഹെയിന്‍സ് ജനുവരിയിലാണ് ചുമതലയേറ്റത്. 1.11 കോടി ബ്ലാക്ക്‌ബെറി സ്മാര്‍ട്‌ഫോണുകളാണു കഴിഞ്ഞ ക്വാര്‍ട്ടറില്‍ റിം കയറ്റുമതി ചെയ്തത്. 50,000 പ്ലേ ബുക്ക് ടാബ്‌ലറ്റുകളും വിറ്റു.
അതേസമയം, ബ്ലാക്ക്‌ബെറി ഫോണ്‍ സേവനം സംബന്ധിച്ച സുരക്ഷാ ആശങ്ക പരിഹരിക്കാന്‍ ടെലികോം മന്ത്രാലയത്തിന് സാധിച്ചിട്ടില്ലെന്ന വിമര്‍ശനവുമായി പാര്‍ലമെന്ററി പാനല്‍ രംഗത്തെത്തി. സുരക്ഷാ ഏജന്‍സികള്‍ക്ക് സന്ദേശങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇതുവരെയും ബ്ലാക്ക്‌ബെറി സേവനം ലഭ്യമായിട്ടില്ലെന്നു റാവു ഇന്ദ്രജിത് സിംഗ് മേധാവിയായ പാനല്‍ വ്യക്തമാക്കി.
ബ്ലാക്ക്‌ബെറി മെസഞ്ചര്‍ (ബി.ബി.എം), ബ്ലാക്ക്‌ബെറി ഇന്റര്‍നെറ്റ് സര്‍വീസ് (ബി.ഐ.എസ്), ബ്ലാക്ക്‌ബെറി എന്റര്‍പ്രൈസ് സര്‍വര്‍ (ബി.ഐ.എസ്) എന്നീ സേവനങ്ങള്‍ പരിശോധിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കിയതോടെ ഈ സേവനങ്ങള്‍ പരിശോധിക്കാന്‍ റിം അനുമതി നല്‍കുകയും ചെയ്തിരുന്നു. സന്ദേശങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന തരത്തില്‍ സെര്‍വര്‍ സ്ഥാപിച്ചതായി ബ്ലാക്ക്‌ബെറിയും ടെലികോം മന്ത്രാലയവും പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് പരിശോധിക്കാനുള്ള അവസരം കമ്പനി ഇതുവരെ ഒരുക്കിയിട്ടില്ലെന്നാണ് അറിയുന്നത്.
