വത്തിക്കാന്‍ സിറ്റി: കോണ്‍ക്ലേവിലെ ആദ്യ റൗണ്ടില്‍ പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനായില്ല. വത്തിക്കാന്‍ സിസ്റ്റീന്‍ ചാപ്പലില്‍ നിന്ന് കറുത്ത പുക ഉയരുകയായിരുന്നു. ഇന്ന് (വ്യാഴം) രാവിലെയും ഉച്ചയ്ക്കുമായി രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും.
ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം, അതായത് 89 വോട്ടുകള്‍ നേടാനാകാതെ വന്നതോടെ കറുത്ത പുക ഉയരുകയായിരുന്നു. കോണ്‍ക്ലേവ് ആരംഭിച്ച് ഏകദേശം മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചാപ്പലില്‍ നിന്ന് പുകയുയര്‍ന്നത്. ആര്‍ക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോണ്‍ക്ലേവ് തുടരണമെന്നാണ് നിയമം.
കഴിഞ്ഞ രണ്ട് കോണ്‍ക്ലേവിലും രണ്ടാമത്തെ ദിവസം മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തിട്ടുണ്ട്. 133 കര്‍ദിനാള്‍മാര്‍ ചേര്‍ന്നാണ് മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുക. ഇവരില്‍ നാല് പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.
മലയാളി കര്‍ദിനാള്‍മാരായ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ, ജോര്‍ജ് കൂവക്കാട് എന്നിവരും കോണ്‍ക്ലേവിലുണ്ട്. 80 വയസില്‍ താഴെ പ്രായമുള്ള കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.
ഇവര്‍ കത്തോലിക്കാ സഭയുടെ 267-ാം മാര്‍പ്പാപ്പയെയാണ് തെരഞ്ഞെടുക്കുന്നത്. അടുത്ത മാര്‍പ്പാപ്പ ആഫ്രിക്കയില്‍ നിന്നോ ഏഷ്യയില്‍ നിന്നോ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കൂടിയാണ് ലോകം കോണ്‍ക്ലേവിനെ നോക്കിക്കാണുന്നത്.
കോണ്‍ക്ലേവ് നടക്കുന്ന സമയം ആയിരക്കണക്കിന് വിശ്വാസികള്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ തടിച്ചുകൂടിയിരുന്നു. 2013ല്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തെരഞ്ഞെടുത്ത കോണ്‍ക്ലേവിലെ ആദ്യ വോട്ടെടുപ്പിന് ശേഷം ചാപ്പലില്‍ നിന്ന് പുക ഉയരാന്‍ എടുത്തതിനേക്കാള്‍ ഒരു മണിക്കൂര്‍ കൂടുതൽ ഇത്തവണത്തെ ആദ്യഘട്ടത്തിലുണ്ടായെന്നാണ് റോയിട്ടേഴ്സ്‌റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇക്കാരണത്താല്‍ മണിക്കൂറുകളോളമാണ് വിശ്വാസികള്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിന് മുന്നില്‍ നിലയുറച്ചത്. ചാപ്പലില്‍ നിന്ന് ഉയരുന്നത് വെളുത്ത പുകയാണെങ്കില്‍ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തുവെന്ന് മനസിലാക്കാം. ആധുനിക കോണ്‍ക്ലേവുകള്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചെറിയ നടപടി ക്രമമാണ്.
കോണ്‍ക്ലേവിന് മുന്നോടിയായി നടന്ന പ്രസംഗത്തില്‍ പുതിയ പോപ്പിനെ തെരഞ്ഞെടുക്കുമ്പോള്‍ എല്ലാ വ്യക്തിപരമായ പരിഗണനകളും മാറ്റിവെച്ച് സഭയുടെയും മാനവികതയുടെയും നന്മ മാത്രം മനസിൽ സൂക്ഷിക്കണമെന്ന് ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റീ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവരോട് പറഞ്ഞു. അടുത്ത മാര്‍പ്പാപ്പ സഭയ്ക്കുള്ളിലെ വൈവിധ്യത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഐക്യം എന്നാല്‍ ഏകീകൃതയല്ല, മറിച്ച് വൈവിധ്യത്തില്‍ ഉറച്ചതും ആഴമേറിയതുമായ കൂട്ടായ്മയാണ്,’ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റീ പറഞ്ഞു.
Content Highlight: Black smoke signals no pope elected in first conclave vote