ജ്യോതികുമാര്‍ ചാമക്കാല, വിനു വി. ജോണ്‍, ഷാഫി പറമ്പില്‍..; ചാനല്‍ ചര്‍ച്ചയിലും സോഷ്യല്‍ മീഡിയയിലും ട്രെന്റിങായി 'പ്രതിഷേധ കറുപ്പ്'
Kerala News
ജ്യോതികുമാര്‍ ചാമക്കാല, വിനു വി. ജോണ്‍, ഷാഫി പറമ്പില്‍..; ചാനല്‍ ചര്‍ച്ചയിലും സോഷ്യല്‍ മീഡിയയിലും ട്രെന്റിങായി 'പ്രതിഷേധ കറുപ്പ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th June 2022, 11:48 pm

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ മുന്നില്‍ക്കണ്ട് കറുത്ത മാസ്‌ക്കിനടക്കം വിലക്കേര്‍പ്പെടുത്തിയ സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചയിലും ട്രന്റിങായി ‘കറുപ്പ്’.

ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചാ പരിപാടിയില്‍ കറുത്ത ഷര്‍ട്ടണിഞ്ഞാണ് അവതാരകന്‍ വിനു വി. ജോണ്‍ എത്തിയത്.

‘കറുത്ത മാസ്‌ക്ക് അഴിപ്പിച്ചും കറുത്ത വസ്ത്രം ധരിച്ചവരെ കസ്റ്റഡിയിലെടുത്തും മുഖ്യമന്ത്രിക്ക് സുരക്ഷ തീര്‍ക്കുന്നത് എന്തിനാണ്. കറുപ്പ് ഇഷ്ടമുള്ള നിറമാണെന്നും ഇന്ന് കറുത്ത വസത്രം ധരിച്ചത് മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം പന്തുണ പ്രഖ്യാപിച്ചാണെന്നും പറഞ്ഞായിരുന്നു വിനു വി. ജോണ്‍ ചര്‍ച്ച ആരംഭിച്ചത്.

മാതൃഭൂമി ചാനലിലെ ചര്‍ച്ചയിലായിരുന്നു കറുത്ത മാസ്‌ക്കും വസ്ത്രവും ധരിച്ച് കോണ്‍ഗ്രസ് പ്രതിനിധി ജ്യോതികുമാര്‍ ചാമക്കാലയെത്തിയത്.

‘ഇന്നോളം കാണാത്ത കിരാത ഭരണത്തിന് കേരളം സാക്ഷിയാകുന്നു. വോട്ട് ചെയ്ത ജനത്തിനെ ബന്ദിയാക്കി മഹാപീഡ കൊടുക്കുന്ന പിണറായി ഭരണകൂടം,’ എന്ന ക്യാപ്ഷനൊടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട വീഡിയോ ചാമക്കാല ഫേസ്ബുക്കില്‍ പങ്കുവെച്ചു.

കറുത്ത വസ്ത്രം ധരിച്ച യുവാക്കളുടെ കൂടെ നില്‍ക്കുന്ന ചിത്രം ഷാഫി പറമ്പില്‍ എം.എല്‍.എയും ഫേസ്ബുക്കിലുടെ ഷെയര്‍ ചെയ്തു. ‘അവര് കല്യാണത്തിന് വന്നതാണ് ഭായ്,’ എന്ന് ക്യാപ്ഷനോട് കൂടെയായിരുന്നു ഷാഫിയുടെ പോസ്റ്റ്. ശ്രദ്ധിച്ചോ, എന്ന ക്യാപ്ഷനില്‍ കാക്കയുടെ ചിത്രവും മറ്റൊരു പോസ്റ്റില്‍ ഷാഫി പങ്കുവെച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ്
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗയുള്ള വിവാദ തീരുമാനമുണ്ടായത്.

കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാവിന്യാസം ഏര്‍പ്പെടുത്തിയിരുന്നു. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ കറുത്ത മസ്‌ക്ക് ധരിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.

കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്കരികെ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ജെഡന്‍ഡര്‍ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

CONTENT HIGHLIGHTS: black Protest for trending on channel discussion and social media