തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ പ്രവര്‍ത്തകര്‍ വീട്ടമ്മയെ കയറിപ്പിടിച്ചു; പ്രതി ഒളിവില്‍
Kerala
തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ പ്രവര്‍ത്തകര്‍ വീട്ടമ്മയെ കയറിപ്പിടിച്ചു; പ്രതി ഒളിവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd November 2025, 4:36 pm

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ പ്രവര്‍ത്തകന്‍ വീട്ടമ്മയെ ഉപദ്രവിച്ചതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത് ഇന്നലെ (വെള്ളി) വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

രാജു എന്നയാള്‍ വീട്ടമ്മയെ കയറിപിടിക്കുകയായിരുന്നു. വോട്ട് ചോദിച്ച് മടങ്ങുന്നതിനിടെയാണ് ഇയാള്‍ വീട്ടമ്മയെ ഉപദ്രവിച്ചത്. വീട്ടമ്മ ഒച്ചവെച്ചതോടെ രാജു ഓടി രക്ഷപ്പെട്ടതായും പരാതിയില്‍ പറയുന്നു.

വീട്ടമ്മയുടെ പരാതിയില്‍ മംഗലപുരം പൊലീസ് കേസെടുത്തു. ‘സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു’ എന്നത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രതി ഒളിവിലാണെന്നും രാജുവിനായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡിലാണ് സംഭവം നടന്നത്. വീട്ടമ്മ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് പ്രതി വീടിനകത്തേക്ക് കടന്നത്.

വോട്ട് ചോദിച്ച ശേഷം സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നവര്‍ പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും രാജു മാത്രം അവിടെ തുടരുകയായിരുന്നു.

ശേഷം വീട്ടമ്മയോട് വെള്ളം ചോദിച്ചു. പിന്നാലെ അടുക്കളയിലെത്തിയ ഇയാള്‍ വീട്ടമ്മയെ കയറിപിടിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മ അലറിവിളിച്ചതോടെ വീട്ടില്‍ നിന്നിറങ്ങിയ പ്രവര്‍ത്തകര്‍ തിരികെ ഓടിയെത്തുകയും ഈ സമയം പ്രതി രക്ഷപ്പെടുകയുമായിരുന്നു.

Content Highlight: BJP workers who came to seek votes with candidate assaulted housewife; accused absconding