പാറ്റ്‌ന: രാമനവമിയോട് അനുബന്ധിച്ച് ഔറംഗാബാദില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയെന്ന് സംശയിക്കപ്പെടുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ അനില്‍ സിങ് കീഴടങ്ങി. ഇയാള്‍ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതായിരുന്നു. അനില്‍ സിങ്ങിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
മാര്‍ച്ച് 25നും 26നും നടന്ന രാമ നവമി ആഘോഷ വേളയിലാണ് ഔറംഗാബാദില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് അനില്‍ സിങ്ങടക്കം 150 പേര്‍ കസ്റ്റഡിയിലായിരുന്നു. 29ാം തിയ്യതിയാണ് സിങ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നത്.
അനില്‍ സിങ് ഹിന്ദുസേവാ സമിതിയുടെ പ്രവര്‍ത്തകനാണ്. ഇയാള്‍ രക്ഷപ്പെട്ടതോടെ കേസില്‍ പൊലീസ് പുതിയ എഫ്.ഐ.ആര്‍ എടുത്തിരുന്നു. 2007ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സിങ് 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സുശീല്‍ കുമാര്‍ സിംഗിന്റെ പ്രധാന പ്രചാരകന്‍ കൂടിയായിരുന്നു.
ബീഹാറില്‍ ഔറംഗാബാദിന് പുറമെ രാമ നവമിയുമായി ബന്ധപ്പെട്ട് നവാദ, സമസ്തിപൂര്‍, മുന്‍ഗര്‍, ഭഗല്‍പൂര്‍, നളന്ദ എന്നീ സ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. മാര്‍ച്ച് 17ന് ഭഗല്‍പൂരിലായിരുന്നു ആക്രമണങ്ങളുടെ തുടക്കം. ഭഗല്‍പൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അശ്വിനി ചൗബേയുടെ മകനായ അരിജിത് ശാശ്വതിനെ അറസ്റ്റ് ചെയ്തിരുന്നു.
