ബി.ജെ.പി സംസ്ഥാനങ്ങള്‍ പിടിച്ചത് വോട്ട് കൊള്ളയിലൂടെ; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ആദിത്യ താക്കറെ
India
ബി.ജെ.പി സംസ്ഥാനങ്ങള്‍ പിടിച്ചത് വോട്ട് കൊള്ളയിലൂടെ; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ആദിത്യ താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th November 2025, 5:26 pm

മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്തുണയോടെ സംസ്ഥാന, ദേശീയ തലത്തില്‍ നടന്ന വോട്ട് കൊള്ളയെ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ.

വോട്ട് കൊള്ളയിലൂടെയാണ് ബി.ജെ.പി സംസ്ഥാനങ്ങളില്‍ ഭരണം നേടിയതെന്ന് താക്കറെ വിമര്‍ശിച്ചു.
രാഹുല്‍ ഉയര്‍ത്തിക്കാണിച്ച ആരോപണങ്ങള്‍ കക്ഷി രാഷ്ട്രീയത്തെ മാത്രം ബാധിക്കുന്നതല്ല, ഓരോ ഇന്ത്യക്കാരന്റെ വോട്ടിനെയും ബാധിക്കുന്നതാണെന്ന് ആദിത്യ താക്കറെ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ കള്ളത്തരത്തിലൂടെ ബി.ജെ.പി സംസ്ഥാനങ്ങളില്‍ വിജയം സ്വന്തമാക്കിയതിനെ കുറിച്ച് വീണ്ടും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിരിക്കുകയാണ്.

നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് ഇനിയൊരിക്കലും സ്വതന്ത്രവും നീതിയുക്തവുമാകില്ലെന്ന് ഈ ലോകം തന്നെ കണ്ടുകൊണ്ടിരിക്കുകയാണ്, അതും തെളിവുകളോടെ തന്നെ,’ താക്കറെ എക്‌സിലൂടെ പ്രതികരിച്ചു.

ഇന്ന് (ബുധനാഴ്ച) നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹരിയാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്.

വോട്ട് ക്രമക്കേട് ഒരു മണ്ഡലത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ലെന്നും സംസ്ഥാന-ദേശീയ തലത്തില്‍ വലിയ അട്ടിമറി നടന്നിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഹരിയാനയില്‍ നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നതെന്നും അഞ്ച് രീതികളിലാണ് വോട്ട് മോഷണം നടന്നിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരുള്ളതെന്നും സംസ്ഥാനത്തെ ഏകദേശം 25 ലക്ഷം വോട്ടര്‍മാര്‍ വ്യാജമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

ഒരു സ്ത്രീ പത്ത് ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തിട്ടുണ്ട്. ഒരു ബ്രസീലിയന്‍ മോഡലിനെ സീമ, സ്വീറ്റി, സരസ്വതി തുടങ്ങി വിവിധ പേരുകളിലായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

ഒരേ ചിത്രമുള്ള ഐ.ഡി ഉപയോഗിച്ച് ഒരു മണ്ഡലത്തില്‍ 100 തവണ വോട്ട് ചെയ്‌തെന്നും ഒരേ ഫോട്ടോയുള്ള 1,24,177 വോട്ടര്‍മാരെയാണ് കണ്ടെത്തിയതെന്നും അദ്ദേഹം തെളിവുസഹിതം പുറത്തുവിട്ടിരുന്നു.

Content Highlight: BJP won states through vote-stealing; Aditya Thackeray supports Rahul Gandhi