എഡിറ്റര്‍
എഡിറ്റര്‍
‘അമ്പലത്തില്‍ നിസ്‌കരിക്കുന്നതുപോലെ ഇരിക്കുന്നു’; യു.പിയില്‍ അഖിലേഷിനെ തകര്‍ക്കാന്‍ ഉപയോഗിച്ച അതേ ആയുധവുമായി ഗുജറാത്തില്‍ രാഹുലിനെതിരെ ബി.ജെ.പി
എഡിറ്റര്‍
Saturday 14th October 2017 1:06pm


ജിന്‍സി ബാലകൃഷ്ണന്‍


കോഴിക്കോട്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്‌ക്കെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രയോഗിക്കുന്നത് യു.പി തെരഞ്ഞെടുപ്പിന് മുമ്പ് അഖിലേഷ് യാദവിനെതിരെ ബി.ജെ.പി പ്രയോഗിച്ച അതേ വര്‍ഗീയ തന്ത്രം.

യു.പിയിലെ ഹിന്ദുവോട്ടുകള്‍ അഖിലേഷിന് എതിരാക്കാന്‍ ബി.ജെ.പി പ്രയോഗിച്ച തന്ത്രങ്ങളിലൊന്ന് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ അഖിലേഷ് യാദവ് നിസ്‌കരിക്കുന്ന രീതിയില്‍ ഇരുന്നെന്നും പൂജാരി അദ്ദേഹത്തെ ശകാരിച്ചെന്നുമായിരുന്നു. അഖിലേഷ് പൂജയ്ക്കായി ഇരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ബി.ജെ.പി കാമ്പെയ്ന്‍. ബി.ജെ.പി ഐ.ടി സെല്‍ ഇടപെട്ടാണ് ഈ പ്രചരണം നടത്തിയതെന്ന് യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പി ഐ.ടി സെല്‍ ഇടപെടലിനെക്കുറിച്ച് ന്യൂസ് ലോണ്‍ട്രി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിക്കുകയും ചെയ്തിരുന്നു.


യു.പി തെരഞ്ഞെടുപ്പിലെ ഐ.ടി സെല്‍ ഇടപെടലിനെക്കുറിച്ച് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വായിക്കാം

ഒരു തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ സംഘപരിവാറിന്റെ ഐടി സെല്‍ ചെയ്തതെന്ത്?


 

ഇപ്പോള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നടത്തുന്ന ഗൗരവ് യാത്രയില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാഹുല്‍ഗാന്ധിയ്‌ക്കെതിരെ നടത്തിയതും ഇതേ പ്രചരണം. ഇതേ കഥയും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കാശി വിശ്വനാഥ് ക്ഷേത്രം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി നിസ്‌കരിക്കുന്ന രീതിയില്‍ ക്ഷേത്രത്തില്‍ ഇരുന്നെന്നും പൂജാരി ഇതിന് അദ്ദേഹത്തെ ശകാരിച്ചെന്നുമാണ് ഗൗരവ് യാത്രയില്‍ പങ്കെടുത്ത യോഗി ആദിത്യനാഥ് പറഞ്ഞത്.

രാഹുല്‍ഗാന്ധിയുടെ മൂന്നുദിവസത്തെ ഗുജറാത്ത് പര്യടനം കഴിഞ്ഞതിനു പിന്നാലെയാണ് യോഗി അദ്ദേഹത്തിനെതിരെ വിദ്വേഷ പ്രചരണവുമായി രംഗത്തുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അടുത്തിടെയായി ദേശീയതലത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് ലഭിക്കുന്ന സ്വാധീനം ബി.ജെ.പിയെ ഭീതിപ്പെടുത്തുന്നുണ്ട് എന്നതിന്റെ തെളിവാണ് രാഹുല്‍ഗാന്ധിയെ ലക്ഷ്യമിട്ടുള്ള ഈ വര്‍ഗീയ പ്രചരണമെന്നാണ് വിലയിരുത്തല്‍.

രാഹുല്‍ഗാന്ധി ഗുജറാത്ത് സന്ദര്‍ശിക്കുന്നതിനു തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് സന്ദര്‍ശിരുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നോട്ടുനിരോധനവും, ജി.എസ്.ടിയുമൊക്കെ കാരണം പ്രതിസന്ധിയിലായ ചെറുകിട വ്യവസായികളുടെയും കച്ചവടക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയുമൊക്കെ ശക്തമായ പ്രതിഷേധമാണ് മോദി ഗുജറാത്തില്‍ നേരിട്ടത്. മത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ കരിങ്കൊടി കെട്ടിയാണ് മോദിയെ സ്വീകരിച്ചത്.

എന്നാല്‍ അതിനു പിന്നാലെ ഗുജറാത്തിലെത്തിയ രാഹുല്‍ഗാന്ധിയ്ക്ക് വന്‍സ്വീകരണവും ലഭിച്ചിരുന്നു. കുറച്ചുകാലംമുമ്പ് മോദിയുടെ വാഗ്ദാനങ്ങള്‍ക്ക് കൈയ്യടിച്ചിരുന്ന ഗുജറാത്തി ജനത രാഹുലിന്റെ പ്രസംഗങ്ങള്‍ക്ക് കൈയ്യടിക്കുന്നതാണ് കഴിഞ്ഞദിവസങ്ങളില്‍ കണ്ടത്. ഇതെല്ലാം തന്നെ ബി.ജെ.പി പാളയത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം വ്യക്തമാക്കുന്നത്.

പതിവു തന്ത്രമായ വര്‍ഗീയ കാര്‍ഡ് തന്നെയാണ് രാഹുലിനു ലഭിച്ച പിന്തുണ തകര്‍ക്കാനും ബി.ജെ.പി ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമാണ് അദ്ദേഹത്തെ ‘ഹിന്ദു വിരോധി’യായി ചിത്രീകരിക്കാനുള്ള യോഗി ആദിത്യനാഥിന്റെ ശ്രമം. രാഹുലിന് ഹിന്ദു ആചാരങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നാണ് യോഗി ഗുജറാത്ത് ജനതയോടു പറഞ്ഞത്. അതിനു ബലംനല്‍കാന്‍ യു.പിയില്‍ അഖിലേഷിനെതിരെ പ്രയോഗിച്ച ‘അമ്പലത്തില്‍ നിസ്‌കരിക്കുന്ന രീതിയില്‍ ഇരുന്നു’ എന്ന കഥയും ഉപയോഗിക്കുന്നു.

അവിടംകൊണ്ടും അവസാനിപ്പിക്കാതെ കോണ്‍ഗ്രസിനെയൊന്നാകെ ഹിന്ദുവിരോധിയായി ചിത്രീകരിക്കാനും യോഗി ശ്രമിക്കുന്നു. ഹിന്ദു ദൈവങ്ങളായ ശ്രീകൃഷ്ണനേയും ശ്രീരാമനേയും തള്ളിപ്പറഞ്ഞവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നാണ് യോഗി ആരോപിക്കുന്നത്. ‘നമ്മുടെ സമുദായത്തെ സംരക്ഷിക്കാനും സുരക്ഷിതമാക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബി.ജെ.പി മാത്രമാണ് അതിന്റെ വഴി’യെന്ന് ഒരു പൂജാരി തന്നോടു പറഞ്ഞിട്ടുണ്ടെന്ന പറഞ്ഞ് യോഗി തന്റെ വാദത്തിന് ‘ആധികാരികതയും’ നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.

യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ച് 4ന് UttarDegaUP എന്ന പേജുവഴിയാണ് യു.പി മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിനെ ഹിന്ദുവിരോധിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം ബി.ജെ.പി ഐ.ടി സെല്‍ ആരംഭിച്ചതെന്നാണ് ന്യൂസ്‌ലോണ്‍ട്രിയില്‍ അമിത് ഭരദ്വാജ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. മുസ്‌ലീങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇരിക്കുന്ന രീതിയില്‍ യാദവ് ക്ഷേത്രത്തിനുള്ളില്‍ ഇരിക്കുന്നു എന്നുപറഞ്ഞുള്ള ഒരു വീഡിയോയായിരുന്നു ഇതിനുവേണ്ടി ഉപയോഗിച്ചത്. ഈ വീഡിയോയ്ക്ക് 20ലക്ഷത്തോളം കാഴ്ചക്കാരും 7000ത്തോളം കമന്റുകളും ഈ പ്രചരണത്തിന് ലഭിച്ച സ്വീകാര്യതയാണ് കാണിക്കുന്നത്.

Advertisement