കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നില മെച്ചപ്പെടുത്തുമ്പോഴും കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ ഭരിക്കുമ്പോഴും ആറ് ജില്ലകളില്‍ പഞ്ചായത്ത് ഭരണം പിടിക്കാന്‍ സാധിക്കാതെ ബി.ജെ.പി.
2020ല്‍ 19 പഞ്ചായത്തുകളിലാണ് ബി.ജെ.പി ഭരണസാരഥ്യമേറിയത്. നാല് പഞ്ചായത്തുകളുമായി തിരുവനന്തപുരത്താണ് ബി.ജെ.പിക്ക് ഏറ്റവുമധികം പഞ്ചായത്തുകള്‍ പിടിക്കാന്‍ സാധിച്ചത്.
ഇത്തവണ കൈവശമുണ്ടായിരുന്ന പഞ്ചായത്തുകളില്‍ ചിലത് നഷ്ടപ്പെട്ടെങ്കിലും മറ്റ് പഞ്ചായത്തുകളില്‍ നിര്‍ണായകമാവുകയും നാലില്‍ നിന്നും ആറിലേക്ക് തിരുവനന്തപുരത്ത് നില മെച്ചപ്പെടുത്താനും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് സാധിച്ചു.
ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, കോട്ടയം ജില്ലകളില്‍ നിലമെച്ചപ്പെടുത്തുകയും തൃശൂരിലും കൊല്ലത്തും 2020ല്‍ നേടിയ അതേ സംഖ്യ നിലനിര്‍ത്തുകയും ചെയ്തപ്പോള്‍ കാസര്‍ഗോഡ് കാലിടറി. അഞ്ചില്‍ നിന്നും മൂന്നിലേക്ക് വീണു.
എന്നാല്‍ മലബാറും ഇടുക്കിയും എറണാകുളവും ബി.ജെ.പിയെ പാടെ നിരാശപ്പെടുത്തുകയായിരുന്നു. ഒറ്റ പഞ്ചായത്ത് പോലും ഭരിക്കാന്‍ ഇവര്‍ ബി.ജെ.പിയെ അനുവദിച്ചില്ല.
എന്നാല്‍ ഇത്തവണ ഭരിക്കുന്ന വാര്‍ഡുകളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ ബി.ജെപിക്ക് സാധിച്ചു. 2020ല്‍ 1182 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുണ്ടായിരുന്നത് ഇത്തവണ 1447 ആയി ഉയര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിലും കോര്‍പ്പറേഷനിലും വാര്‍ഡുകളില്‍ വര്‍ധനവുണ്ടാക്കാനും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും വാര്‍ഡുകളുടെ എണ്ണത്തില്‍ കുറവുണ്ടായി.
Content Highlight: BJP unable to capture panchayat rule in six districts