ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ വീണ്ടും വിജയ്ക്ക് തുറന്ന പിന്തുണയുമായി ബി.ജെ.പി. അപകടം ഡി.എം.കെ സൃഷ്ടിച്ചതാണെന്ന് ആരോപണം ആവര്‍ത്തിച്ച് തമിഴ്‌നാട് ബി.ജെ.പിയിലെ നേതാക്കളായ തമിഴിസൈ സൗന്ദരരാജനും ഖുശ്ബു സുന്ദറും രംഗത്തെത്തി.
വിജയ് ബി.ജെ.പിയുടെ ബി ടീം ആണെന്ന ആരോപണത്തോട് തങ്ങള്‍ പി ടീമാണെന്ന മറുപടി നല്‍കിയിരിക്കുകയാണ് തമിഴിസൈ സൗന്ദരരാജന്‍. അപകടത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും തമിഴ്‌നാട് സര്‍ക്കാരിന് മേല്‍ ചുമത്തുന്നതാണ് ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍.
ഇതോടെ വിജയ്‌യും ടി.വി.കെയും ബി.ജെ.പിയുടെ ബി ടീം ആണെന്ന ആരോപണം ഡി.എം.കെയുടെ ഭാഗത്ത് നിന്ന് ഉയരുകയും ചെയ്തു. ഇതിനുള്ള മറുപടിയിലാണ് തമിഴിസൈ സൗന്ദരരാജന്‍ തനിക്ക് എ ടീം, ബി ടീം എന്താണെന്നറിയില്ല. ഇത് പി ടീം (പീപ്പിള്‍സ് ടീം) ആണെന്ന മറുപടി നല്‍കിയത്.
‘എനിക്കറിയില്ല എന്താണ് ഈ എ ടീം, ബി ടീം എന്നത്. ചിലപ്പോള്‍ എ മുതല്‍ ഇസഡ് വരെയുള്ള ടീം ഉണ്ടായിരിക്കും. അതിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. എന്നാല്‍ ബി.ജെ.പി അതീവ സന്തോഷത്തിലാണ്. ഞങ്ങള്‍ പി ടീമാണ്. അതായത് പീപ്പിള്‍സ് (ജനങ്ങളുടെ) ടീം’, സൗന്ദരരാജന്‍ പറഞ്ഞു.
അതേസമയം, കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ്ക്ക് പിന്തുണ നല്‍കി താരത്തിന്റെ വലിയ ആരാധകവൃന്ദത്തെ കയ്യിലെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ആള്‍ക്കൂട്ട ദുരന്തത്തിന് തൊട്ടുപിന്നാലെ തന്നെ വിജയ്‌യെ ബി.ജെ.പി സമീപിച്ചെന്നും കഴിഞ്ഞദിവസം പുറത്തെത്തിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഡി.എം.കെ വിജയ്‌യെ മാത്രം ലക്ഷ്യം വെയ്ക്കാന്‍ സമ്മതിക്കില്ലെന്നും സംഭവത്തില്‍ വിജയ്‌യെ ഒറ്റപ്പെടുത്തില്ലെന്നും ബി.ജെ.പിയിലെ പ്രമുഖനേതാവ് ടി.വി.കെ നേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി.എം.കെയെ ഒതുക്കാനായി വിജയ്‌യോട് ക്ഷമയോടെ കാത്തിരിക്കാന്‍ ബി.ജെ.പി ഉപദേശിച്ചെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനിടെ, ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍ വിജയ്ക്ക് പിന്തുണ നല്‍കി രംഗത്തെത്തി. 41 ആളുകള്‍ മരണപ്പെട്ട ദുരന്തം മുന്‍കൂട്ടി പദ്ധതിയിട്ട് സൃഷ്ടിച്ചതാണെന്ന് ഖുശ്ബു ആരോപിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡി.എം.കെയും വിജയ്ക്ക് റാലി നടത്താന്‍ സൗകര്യമുള്ള സ്ഥലം അനുവദിച്ചില്ലെന്നും അതാണ് അപകടത്തിലേക്ക് നയിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.
‘തമിഴ്‌നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കുമറിയാം ഇത് സമ്പൂര്‍ണമായ അനാസ്ഥയുടെ ഫലമാണെന്ന്. ഡി.എം.കെ കരുതിക്കൂട്ടി സൃഷ്ടിച്ച ദുരന്തമാണിത്. വലിയ ജനക്കൂട്ടം തന്നെ വിജയ്‌യെ കാണാനായി എത്തുമെന്ന് അറിഞ്ഞിട്ടും മതിയായ സ്ഥലസൗകര്യമുള്ള പ്രദേശം റാലിക്കായി അനുവദിച്ചില്ല.
ഒരു ചോദ്യത്തിനും മറുപടി നല്‍കാതെ എം.കെ സ്റ്റാലിന്‍ മൗനത്തിലാണ്. അദ്ദേഹം ഇപ്പോഴാണ് സംസാരിക്കേണ്ടത്. ഈ മൗനം ആരെങ്കിലും അവസാനിപ്പിച്ചേ മതിയാകൂ’, ഖുശ്ബു പറഞ്ഞു.
Content Highlight: BJP tries bag Vijay fans; Argument that the party’s ‘P’ team is not its ‘B’ team