കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മതം നോക്കി സ്ഥാനാർത്ഥികളെ നിർണയിക്കാൻ സർക്കുലറിറക്കി ബി.ജെ.പി. ക്രിസ്ത്യൻ മതത്തിൽപ്പെട്ടവരെ സ്ഥാനാർത്ഥികളാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
സംസ്ഥാന ഘടകത്തിന്റെ നിർദ്ദേശപ്രകാരം ബി.ജെ.പിയുടെ കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയാണ് സർക്കുലർ ഇറക്കിയത്.
ഇരിക്കൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കൃത്യമായി എണ്ണം തിരിച്ചാണ് മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർണയിക്കണമെന്നാണ് ബി.ജെ.പി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
ഉദയഗിരി 4, ആലക്കോട് 4, നടുവിൽ 6, എരുശ്ശേരി 7, പയ്യാവൂർ 8, ഉളിക്കൽ 9, ശ്രീകണ്ഠാപുരം 2, ചപ്പാരപ്പടവ് 2, ചെറുപുഴ 3 എന്നിങ്ങനെയാണ് എണ്ണം തിരിച്ചിരിക്കുന്നത്.
സംസ്ഥാനകമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് മതാടിസ്ഥാനത്തിൽ തന്നെ
നിശ്ചിത എണ്ണം സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്.
നേരത്തെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിൽ ഒരു മുസ്‌ലിം ഔട്ട് റീച്ച് പദ്ധതിയിടുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.
ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തലാണ് പരിപാടിയുടെ ലക്ഷ്യമെന്നും, വോട്ട് പിടിക്കാൻ വേണ്ടിയുള്ളതല്ല മുസ്‌ലിം ഔട്ട് റീച്ച് പദ്ധതിയെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തിരുന്നു.
എല്ലാ മുസ്‌ലിം വീടുകളിലും സന്ദർശനം നടത്തുമെന്നും . ബിജെപി ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലാ മുസ്‌ലിം വീടുകളിലുൾപ്പെടെ നൽകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സി.പി.ഐ.എമ്മും കോൺഗ്രസും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Content Highlight: BJP to select candidates on religious basis in Kannur local body elections