തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബി.ജെ.പി
national news
തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st January 2022, 5:02 pm

ചെന്നൈ: തിമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബി.ജെ.പി. തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിലില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് തമിഴ്‌നാട് ബി.ജെ.പി നേതൃത്വം അറിയിച്ചത്.

തദ്ദേശതെരഞ്ഞെടുപ്പില്‍ മാത്രമാണ് സഖ്യമില്ലാതെ മത്സരിക്കുന്നതെന്നും എന്നാല്‍ സംസ്ഥാനതലത്തില്‍ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്നും ബി.ജെ.പി അറിയിച്ചു.

നിരവധി സാങ്കേതിക പ്രശ്‌നങ്ങളുള്ളതിനാല്‍ തദ്ദേശതലങ്ങളില്‍ എ.ഐ.എ.ഡി.എം.കെയുമായി സീറ്റ് ധാരണ ശരിയാവില്ലെന്നും ചര്‍ച്ചകള്‍ പരാജയപ്പെട്ടുവെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ വ്യക്തമാക്കി.

Delhi BJP announces first list of 250 Mandal unit presidents in city |  India News – India TV

താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അവസരമാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകളെന്നും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാധാരണപ്രവര്‍ത്തകര്‍ക്ക് സീറ്റ് നല്‍കുന്നതിലൂടെ അവരുടെ പ്രവര്‍ത്തനത്തെ മാനിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അണ്ണാമലൈ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നിരവധി സീറ്റുകളില്‍ തങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുമെന്നും, അതിനുള്ള പ്രവര്‍ത്തികള്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാന തലത്തില്‍ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായുള്ള സഖ്യം തുടരുക തന്നെ ചെയ്യും,’ അണ്ണാമലൈ പറഞ്ഞു.

Election 2019: Puthiya Tamilagam joins BJP-AIADMK alliance in Tamil Nadu

എ.ഐ.എ.ഡി.എം.കെയുടെ നേതാക്കളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ വിജയിക്കാത്തതിന് പിന്നാലെയാണ് ബി.ജെ.പി പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

എ.ഐ.എ.ഡി.എം.കെ തങ്ങളുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ പട്ടികയും ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് ബി.ജെ.പി നേതൃത്വം അറിയിച്ചിക്കുന്നത്.

ഫെബ്രുവരി 19ന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 12,000ലധികം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 22നാണ് വോട്ടെണ്ണല്‍.

Content Highlight:  BJP to face Tamil Nadu urban civic polls alone