ബി.ജെ.പി വിട്ട് അണ്ണാമലൈ പുതിയ പ്രസ്ഥാനം രൂപീകരിച്ചേക്കും; 'മക്കള്‍ ശക്തി ഇയക്ക'ത്തെക്കുറിച്ച് ചര്‍ച്ചകളുയരുന്നു
India
ബി.ജെ.പി വിട്ട് അണ്ണാമലൈ പുതിയ പ്രസ്ഥാനം രൂപീകരിച്ചേക്കും; 'മക്കള്‍ ശക്തി ഇയക്ക'ത്തെക്കുറിച്ച് ചര്‍ച്ചകളുയരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2026, 10:40 am

ചെന്നൈ: ബി.ജെ.പിയുടെ തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റായ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ അണ്ണാമലൈയുടെ അനുയായികള്‍ പുതിയ പാര്‍ട്ടി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അണ്ണാമലൈ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഇപ്പോള്‍ അണ്ണാമലൈയുടെ അണികളുടെ സാമൂഹ്യ മാധ്യമ ചര്‍ച്ചകള്‍ ഈ വിഷയത്ത വീണ്ടും സജീവമാക്കിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അണ്ണാമലൈ ഒരു പുതിയ പ്രസ്ഥാനം ആരംഭിക്കാന്‍ ഒരുങ്ങുന്നുവെന്ന് വിഷയത്തെ നേരിട്ട് അറിയുന്നവരെ അധികരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. മക്കള്‍ ശക്തി ഇയക്കം (ജന ശക്തി പ്രസ്ഥാനം) എന്ന പേരിലാവും ഈ സംഘടന ആരംഭിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഭാഷാ നയം അണ്ണാമലൈ ബി.ജെ.പിയോട് വിയോജിക്കാന്‍ കാരണമായതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യം പുനരാരംഭിക്കാനുള്ള ബി.ജെ.പി തീരുമാനത്തില്‍ അണ്ണാമലൈക്ക് അതൃപ്തിയുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബി.ജെ.പിയുടെ തമിഴ്നാട്ടിലെ പ്രവര്‍ത്തനങ്ങളിലെ അനിഷ്ടവും അണ്ണാമലൈ വെളിപ്പെടുത്തിയിരുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിലെ അണ്ണാമലൈയുടെ അസാന്നിധ്യം ചര്‍ച്ചയാവുകയും ചെയ്തിരുന്നു. തമിഴ് രാഷ്ട്രീയത്തില്‍ എന്തൊക്കെയോ ചെയ്യാനുണ്ടെന്നും തീപ്പൊരിനേതാവാണെന്നുമുള്ള മട്ടില്‍ ബി.ജെ.പി നേതൃത്വം അവതരിപ്പിച്ച അണ്ണാമലൈ ഒടുവില്‍ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മത്സരിക്കാനുള്ള അര്‍ഹത പോലും നഷ്ടപ്പെട്ട നിലയിലെത്തിയതായി അന്ന് വിലയിരുത്തപ്പെടുകയും ചെയ്തു.

അടുത്തിടെ സി.ബി.എസ്.ഇ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് ഭാഷാ നയം നടപ്പാക്കാനുള്ള തീരുമാനത്തെ അണ്ണാമലൈ എതിര്‍ത്തിരുന്നു. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഇത് കാരണമായി എന്ന് അണ്ണാമലൈ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

അണ്ണാമലൈ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവ് തള്ളിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അണ്ണാമലൈ ബി.ജെ.പി വിടുന്നതോ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതോ സംബന്ധിച്ച് തങ്ങള്‍ക്ക് ഒരു വിവരവും ഇല്ലെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

അണ്ണാമലൈക്ക് ദേശീയ പദവി നല്‍കിയേക്കും എന്ന് പാര്‍ട്ടിയുമായി അടുപ്പമുള്ളവര്‍ പറഞ്ഞതായും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടക കേഡര്‍ ഐ.പി.എസുകാരനായിരുന്ന അണ്ണാമലൈ യുവ പൊലീസ് ഓഫീസറെന്ന നിലയില്‍ ജന്മനാടായ തമിഴ്നാട്ടിലും പ്രശസ്തനായിരുന്നു. 2019ല്‍ ഐ.പി.എസ് രാജിവെയ്ക്കുകയും 2020ല്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്തത് വലിയ വാര്‍ത്തയായി.

2021ലാണ് എല്‍. മുരുഗന് പകരം ബി.ജെ.പി സംസ്ഥാന മേധാവിയായി അണ്ണാമലൈ സ്ഥാനമേറ്റത്. 2025 വരെ ഈ പദവിയില്‍ തുടരുകയും ചെയ്തു.

Content Highlight: BJP Tamil Nadu Ex President K. Annamalai May Start a new movement or political party, Reports about Makkal Sakthi Iyakkam